ഭോപ്പാല്‍ നരഹത്യക്ക് 35 വയസ്
1984 ഡിസംബര്‍ 2,3 തിയതികള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ദുര്‍ദിനങ്ങളായിരുന്നു. ഒരു നടുക്കത്തോടെ മാത്രമേ നമുക്ക് ആ തണുത്തുറഞ്ഞ രണ്ടാം തിയതി അര്‍ധരാത്രി മുതല്‍ മൂന്നാം തിയതി രാവിലെ വരെ ഓര്‍ക്കാന്‍ കഴിയൂ. 35 വര്‍ഷം മുമ്പ് ഇതേ ദിവസങ്ങളിലാണ് യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി ഫാക്ടറിയില്‍നിന്നുണ്ടായ വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ഇരുപത്തി രണ്ടായിരം ഇന്ത്യക്കാര്‍ ഉറക്കത്തില്‍ത്തന്നെ ശ്വാസം കിട്ടാതെ പിടഞ്ഞ് മരണത്തിലേക്ക് എത്തപ്പെട്ടത്. കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ലാഭക്കൊതിയുടെ നഗ്നത വെളിവാക്കിയ രാവും പകലുമായിരുന്നു ഡിസംബര്‍ 2,3 തിയതികള്‍. ഭോപ്പാല്‍ നഗര ഹൃദയത്തില്‍നിന്ന് 18 കിലോമീറ്റര്‍ അകലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി അടച്ചുപൂട്ടപ്പെട്ട അതേ അവസ്ഥയില്‍ ഉറങ്ങുന്ന രാക്ഷസനായി ഇപ്പോഴും തുടരുന്നു.
അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായിരുന്ന യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ കീഴിലുള്ള യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനി 1969 ല്‍ കീടനാശിനി ഫാക്ടറി ആരംഭിക്കുമ്പോള്‍ പല വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. പക്ഷേ ഭോപ്പാല്‍ ദുരന്തം കമ്പനിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി. സുരക്ഷാ സംവിധാനങ്ങള്‍ എന്ന് അവര്‍ അവകാശപ്പെട്ടതൊന്നും പ്രവര്‍ത്തനക്ഷമമായില്ല. ദുരന്ത നിവാരണ പ്രതിരോധ നടപടികളൊന്നുമില്ലാതെ ടണ്‍ കണക്കിന് മീതൈല്‍ ഐസോ സയനേറ്റും മറ്റു വിഷവസ്തുക്കളും ഈ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. ഇത്തരം വിഷവാതകങ്ങള്‍ നിറയുന്ന ടാങ്കുകളില്‍ അപായ സൈറന്‍ പോലും പ്രവര്‍ത്തിനരഹിതമായിരുന്നു.
അമേരിക്കയിലെ ഇതേ ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന നാല് തലങ്ങളിലായുള്ള വാതക പുറന്തള്ളല്‍ സമ്പ്രദായത്തിനുപകരം ഭോപ്പാലില്‍ ഇത് ഒറ്റയടിക്ക് പുറത്തുവിടുന്ന രീതിയാണ് കമ്പനി ഉപയോഗിച്ചിരുന്നത്. 45 ഡിഗ്രി ചൂടുള്ള മുറിയില്‍ വാതകം സൂക്ഷിക്കുന്നതിനുപകരം 20 ഡിഗ്രി ചൂടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വാതകം പോകുന്ന പൈപ്പുകള്‍ വൃത്തിയാക്കാനുള്ള സ്റ്റീം ബോയിലറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
ദുരന്തവഴി
1984 ഡിസംബര്‍ 2 ന് അര്‍ധരാത്രി ഫാക്ടറിയുടെ കീടനാശിനി പ്ലാന്റില്‍നിന്ന് മീതൈല്‍ ഐസോ സയനേറ്റ് വാതകം ഉള്‍പ്പെടെയുള്ള മാരകമായ വിഷരാസവസ്തുക്കള്‍ പുറത്തേക്ക് ചീറ്റി. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന ഓപ്പറേറ്റര്‍ മീതൈല്‍ ഐസോ സയനേറ്റ് നിറച്ച് ഇ 610 എന്ന ടാങ്കിലെ കണ്‍ട്രോള്‍ പാനലില്‍ മര്‍ദ്ദത്തിന്റെ പരിധി ലംഘിക്കപ്പെട്ടതായി കണ്ടു. മര്‍ദ്ദം കൂടിയാല്‍ ദ്രാവകാവസ്ഥയില്‍നിന്ന് ഐസോ സയനേറ്റ് വാതകാവസ്ഥയിലേക്ക് മാറും.
പ്രാഥമിക സുരക്ഷയായി വെള്ളം ചീറ്റി ടാങ്കിനെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. പൂജ്യം ഡിഗ്രിയില്‍ സൂക്ഷിക്കേണ്ട ദ്രാവകതാപം ഇരുന്നൂറു ഡിഗ്രി കടന്നതോടെ നാല്‍പത് അടി ഉയരമുള്ള ടാങ്ക് കുലുങ്ങുകയും ടാങ്ക് മൂടിയിരുന്ന കോണ്‍ക്രീറ്റ് അടപ്പിന് വിള്ളലുണ്ടാവുകയും ചെയ്തു. ഇതോടെ സുരക്ഷാ വാല്‍വുകള്‍ പൊട്ടി വെന്റ് ഗ്ലാസ് സ്‌ക്രബ്ബറിലേക്ക് (വാതകം നിര്‍വീര്യമാക്കാനുള്ള ടാങ്ക്) നീളുന്ന പൈപ്പ് ലൈനിലൂടെ വാതകമായി പുറപ്പെടാനും തുടങ്ങി. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ തെക്കു പടിഞ്ഞാറന്‍ ദിശയില്‍ വീശിയ കാറ്റ് ഈ വാതകത്തെ ഏറ്റുവാങ്ങി കിലോമീറ്ററുകള്‍ക്കുള്ളില്‍ ചുഴറ്റിയടിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് അന്തരീക്ഷത്തിലാകെ വിഷവാതകം വ്യാപിച്ചു. വെളുത്ത പുക കൊണ്ട് അന്തരീക്ഷമാകെ മൂടി. അര്‍ധരാത്രി ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കത് വ്യാപിച്ചു. ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് ശ്വാസം കിട്ടാതെയും ചുമച്ചും ജനം പരക്കെ പാഞ്ഞു. ഓടിയവരില്‍ പലരും വഴിയില്‍ മരിച്ചുവീണു. മറ്റുള്ളവര്‍ ജീവച്ഛവങ്ങളായി. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും പക്ഷികളും പരക്കെ ചത്തുവീണു. ഇലകള്‍ കരിഞ്ഞു വീണു. മരങ്ങള്‍ അസ്ഥികള്‍ മാത്രമായ പ്രേതങ്ങളെപ്പോലെയായി. മരിച്ചവരുടെയും അല്ലാത്തവരുടേയും ശരീരങ്ങള്‍ കൊണ്ട് തെരുവീഥികള്‍ നിറഞ്ഞു. എത്രത്തോളം മൃതശരീരങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് ശരിയായ കണക്കു പറയാന്‍ ആര്‍ക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ കണക്കില്‍ 3789 പേര്‍. യൂണിയന്‍ കാര്‍ബൈഡിന്റെ മരണപുസ്തകത്തില്‍ വെറും രണ്ടായിരത്തില്‍ താഴെ. എന്നാല്‍ ദുരന്തദിവസങ്ങളില്‍ തന്നെ 8000 പേരും ഇത് സൃഷ്ടിച്ച രോഗങ്ങളാല്‍ 17,000 പേരും ഉള്‍പ്പെടെ കാല്‍ ലക്ഷത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.
പാളിയ സുരക്ഷാ സംവിധാനങ്ങള്‍
അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഫാക്ടറിയില്‍ നിരവധി സുരക്ഷാമാര്‍ഗങ്ങള്‍ ഉണ്ടാകണമല്ലോ? പക്ഷേ, ഫാക്ടറിയില്‍ ഉണ്ടായിരുന്ന അഞ്ചോളം സുരക്ഷാ മാര്‍ഗങ്ങള്‍ പല കാരണങ്ങളാലും അന്നു രാത്രി പ്രവര്‍ത്തനരഹിതമായിരുന്നു.
സ്‌ക്രബ്ബറിലേക്ക് കാസ്റ്റിക് സോഡാ ലായനി കടത്തിവിടുകയാണെങ്കില്‍ മീതൈല്‍ ഐസോ സയനേറ്റിനെ വിഷവിമുക്തമാക്കാനുള്ള സംവിധാനം ഫാക്ടറിയില്‍ ഉണ്ടായിരുന്നു. പക്ഷേ, അന്ന് സ്‌ക്രബ്ബര്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടതിനാല്‍ പ്രവര്‍ത്തിച്ചില്ല.
ടാങ്കിനെ ശീതീകരിക്കുന്ന സംവിധാനം ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനി നിര്‍ത്തിവച്ചതും വിനയായി. മീതൈല്‍ ഐസോ സയനേറ്റിനെ അന്തരീക്ഷത്തില്‍ കലരുന്നതിനു മുമ്പായി കത്തിച്ചുകളയാനായി ചിമ്മിനിയിലേക്ക് ഒരു പൈപ്പ് ലൈന്‍ ഉണ്ടായിരുന്നു. സ്‌ക്രബ്ബറിനെ ചിമ്മിനിയുമായി ബന്ധിപ്പിക്കുന്ന പൈപ്പ് ദ്രവിച്ചു പോയതിനാല്‍ നീക്കം ചെയ്തിരുന്നു.
പുറത്തേക്ക് ഒഴുകുന്ന മീതൈല്‍ ഐസോ സയനേറ്റിനെ മറ്റൊരു ടാങ്കിലേക്ക് മാറ്റി അളവു കുറയ്ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും തൊഴിലാളികള്‍ തിരക്കിനിടയില്‍ അതു ശ്രദ്ധിച്ചില്ല. വാതക ചോര്‍ച്ച തടയാനുള്ള ജലധാരയ്ക്ക് ശക്തിയും നന്നേ കുറവായിരുന്നു. ഇതെല്ലാം ദുരന്തത്തിന്റെ തീവ്രത ഏറെ വര്‍ധിപ്പിച്ചു.
ദുരന്തമുണ്ടായിട്ട് 34 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഭോപ്പാലിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഇപ്പോഴും ജനിക്കുന്ന കുട്ടികളില്‍ ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഏറെയുണ്ട്.
രണ്ടു ലക്ഷത്തോളം ആളുകളെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാന്‍സര്‍, തളര്‍ച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവര്‍ക്ക് നല്‍കി. ദുരന്തത്തിന്റെ പരിണിതഫലങ്ങള്‍ ഇന്നും അവിടെ അലയടിക്കുന്നു.
പൂര്‍ണമായോ, ഭാഗികമായോ ഈ ദുരന്തം ഏതാണ്ട് 5 ലക്ഷത്തോളം ആളുകളെ ബാധിച്ചിട്ടുണ്ട്.
ഭോപ്പാല്‍ ദുരന്തംമൂലം രോഗികളായിത്തീര്‍ന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കല്‍ കമ്മിഷന്‍ 1993-ല്‍ നിലവില്‍ വന്നു. 2010 ജൂണില്‍ മുന്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ചെയര്‍മാന്‍ കേശവ് മഹീന്ദ്ര ഉള്‍പ്പെടെ 7 ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. യൂണിയന്‍ കാര്‍ബൈഡിന്റെ തലവനും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്ന വാറന്‍ ആന്‍ഡേഴ്‌സനെ ദുരന്തം നടന്ന് നാലാം ദിവസം ഭോപ്പാലില്‍ വച്ച് അറസ്റ്റ് ചെയ്തു.
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ച അദ്ദേഹത്തെ കേന്ദ്രഗവണ്‍മെന്റിന്റെ ഉത്തരവിനെ തുടര്‍ന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. എന്നാല്‍ അന്നുതന്നെ 25000 രൂപ ജാമ്യ തുക കെട്ടിവച്ച് ആന്‍ഡേഴ്‌സന്‍ പുറത്തിറങ്ങിയശേഷം അമേരിക്കയിലേക്ക് പറന്നു.
ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ് നിരവധി ആളുകള്‍ മരിക്കാനിടയായത് എന്നതിനാല്‍ ഇവര്‍ക്ക് കോടതി 2 വര്‍ഷം കഠിന തടവും 2000 അമേരിക്കന്‍ ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് 5 ലക്ഷം രൂപ പിഴയാണ് ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിധിച്ചത്.
മൂന്നു വര്‍ഷത്തിനുശേഷം സി.ബി.ഐ ആന്‍ഡേഴ്‌സിനും കമ്പനിയ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു. പലതവണ സമന്‍സ് അയച്ചെങ്കിലും ആന്‍ഡേഴ്‌സന്‍ ഹാജരായില്ല. തുടര്‍ന്ന് ആന്‍ഡേഴ്‌സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
വിഷവാതക ദുരന്തത്തിന് കാരണക്കാരനായ അദ്ദേഹത്തെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി വിട്ടുകിട്ടണമെന്ന് പലതവണ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അതില്‍ നിന്നു വഴുതി മാറി. ഒടുവില്‍ ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ 2014 സെപ്റ്റംബര്‍ 29 ന് ആന്‍ഡേഴ്‌സന്‍ മരണത്തിനു കീഴടങ്ങി.
1917 ലാണ് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ സ്ഥാപിതമാകുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വളരെയധികം വീഴ്ച വരുത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത്. വെസ്റ്റ് വെന്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡിന്റെ ഉല്‍പാദനശാലയില്‍ 1980-84 കാലഘട്ടത്തില്‍ ഏതാണ്ട് 67 തവണ മീഥൈല്‍ ഐസോസയനേറ്റ് എന്ന വാതകം ചോര്‍ന്നിട്ടുണ്ട്.
ഇത്തരം വീഴ്ചകളൊന്നും തന്നെ പൊതുജനങ്ങളെ നേരത്തെ തന്നെ കമ്പനി അറിയിക്കാന്‍ മുതിര്‍ന്നില്ല. യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ഇന്ത്യന്‍ വിഭാഗമാണ് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ്. 50.9 ശതമാനത്തോളം ഓഹരി മാതൃകമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ കൈയിലാണ്. ബാക്കി സ്വകാര്യവ്യക്തികളുടെ കൈയിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണ്.
1926-ല്‍ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിര്‍മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ വ്യവസായ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 1949ല്‍ എവറഡി കമ്പനി നാഷണല്‍ കാര്‍ബൈഡ് കമ്പനി എന്ന പുതിയ പേര് സ്വീകരിച്ചു. 1955-ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇന്ത്യയിലെ ആദ്യ ഡ്രൈസല്‍ കമ്പനിയായി തുടങ്ങിയ യൂണിയന്‍ കാര്‍ബൈഡ് പിന്നീട് കീടനാശിനി നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു.
1969-ലാണ് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ ഭോപ്പാലില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. മീഥൈല്‍ ഐസോ സയനൈറ്റ് ഉപയോഗിച്ച് സെവിന്‍ എന്ന നാമത്തില്‍ കാര്‍ബറില്‍ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."