പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന്; പതിനാറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യും
തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ പൊലിസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുപതിലേറെ പേര്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. ജില്ലയിലെ വ്യത്യസ്ത സ്റ്റേഷനുകളുടെ പരിധികളില്‍ നടന്ന സംഭവത്തില്‍ പതിനാറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അതാതു സ്റ്റേഷനുകളിലേക്ക് കേസ് കൈമാറുമെന്ന് പൊലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലിസ് അറിയിച്ചു.തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രധാനപ്രതികളാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നീണ്ട മൊഴിയെടുക്കലിന് ശേഷം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കു വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്പ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
കേസിനെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: നവംബര്‍ 26ന് സഹോദരിയുടെ നഗ്‌ന വിഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അതു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയുടെ സഹോദരനു ഫോണ്‍വഴി ഭീഷണിയെത്തി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്താനും നിര്‍ദേശിച്ചു. ഇതുപ്രകാരം 27ന് രാത്രി ഷൊര്‍ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലെത്തിച്ച് വിഡിയോ കാണിച്ചുകൊടുത്തു. വിഡിയോ കണ്ട സഹോദരന്‍ അവരോടു കയര്‍ത്തതോടെ അയാളെ ഭീകരമായ മര്‍ദനത്തിന് ഇരയാക്കി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു. നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങള്‍ ചോദിക്കുകയും തുടര്‍ന്നു കണ്ണൂര്‍ വനിതാസെല്‍ സി.ഐക്ക് പരാതി നല്‍കുകയുമായിരുന്നു. സംഭവം നടന്നത് തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ ഇവിടെ കേസ് റഫര്‍ ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതികളെ കുടുക്കിയത്. ഇവരുടെ ഫോണിലേക്ക് വന്ന നമ്പറിലേക്ക് ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത വ്യക്തി താന്‍ ഭരണകക്ഷിയിലെ സ്വാധീനമുള്ള ആളാണെന്നും തൊപ്പിതെറിപ്പിക്കുമെന്നും പറഞ്ഞ് പൊലിസിനെ ഭീഷണിപ്പെടുത്തി. ഇതു വകവയ്ക്കാതെ അന്വേഷണം തുടര്‍ന്ന പൊലിസ് സംഘം പറശ്ശിനിക്കടവിലെ ഹോട്ടലിന് സമീപത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാവിലെ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയുടെയും അമ്മ, സഹോദരന്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."