കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും മദ്യവും, യെദ്യൂരപ്പ സര്‍ക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നു, ദളിനായി വാതില്‍ തുറന്നിട്ട് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഫല പ്രഖ്യാപനം ഡിസംബര്‍ ഒന്‍പതിനു ഉണ്ടാകും. 15 മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ദള്‍ സഖ്യ സര്‍ക്കാരിനെ വിമത നീക്കത്തില്‍ കൂടി മറിച്ചിട്ടതോടെയാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 15 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ എത്തുന്ന വോട്ടര്‍മാര്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കും. 106 പേരുടെ പിന്തുണയോടെ ഭരണം കയ്യാളുന്ന യെദ്യൂരപ്പക്ക് ആറു സീറ്റിലെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ മാത്രമേ ഭരണം തുടരാനാവുകയുള്ളൂ. വിമത എം.എല്‍ എമാരില്‍ 13 പേരാണ് ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസും,ദളും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാനുള്ള തന്ത്രം ഇരു പാര്‍ട്ടികളും നടത്തി വരുന്നുണ്ട്.
എന്നാല്‍ പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മൂന്നു മുന്നണികളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിക്കുമെന്നാണ് വിവരം.
അതിനിടെ സഖ്യം പിരിഞ്ഞ ദള്‍, കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത് യെദ്യൂരപ്പയുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും, കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡി.കെ.ശിവകുമാറുമാണ് ഇരുപത് മിനിറ്റോളം സഖ്യം സംബന്ധിച്ച് അഭ്യൂഹമുയര്‍ത്തി ഹുബ്ബള്ളി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തിയത്. ബെളഗാവിയില്‍ നിന്നു ചിക്കബെല്ലാപുരയിലേക്കു പോവുകയായിരുന്ന കുമാരസ്വാമിയുടെ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറക്കിയിരുന്നു. അതിനിടെ ബെംഗളൂരുവിലേക്കു പോകാന്‍ ശിവകുമാറും വിമാനത്താവളത്തിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും വി.ഐ.പി ലോഞ്ചില്‍ 20 മിനിറ്റോളം സംസാരിച്ചു. ഇത് യെദ്യൂരപ്പയുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ഇടയാക്കി.
അതിനിടെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം (എസ്.എസ്.ടി) സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 42 ലക്ഷം രൂപ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം.
അതേസമയം ഏതെല്ലാം രാഷ്ട്രീയപാര്‍ട്ടികളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. കര്‍ണാടകയ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുകയാണെന്നും അതിനോട് മത്സരിച്ചു ജയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഒരാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജനതാദളുമായി വീണ്ടും സഖ്യത്തിനു തയാറെന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍പ് കോണ്‍ഗ്രസുമായും ബിജെപിയുമായും സഖ്യത്തിലേര്‍പ്പെട്ടതു ദളിനു തിരിച്ചടിയായെന്നും അതിനാല്‍ ഇരുപാര്‍ട്ടികളുമായും അകലം പാലിച്ച്, പ്രതിപക്ഷത്തിരിക്കുമെന്നും ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പറയുന്നു.
സംസ്ഥാനത്ത് ഇരു പാര്‍ട്ടികളുമായും സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ അനുഭവം തനിക്കുണ്ടെന്നു ദേവഗൗഡ ബെളഗാവിയില്‍ വ്യക്തമാക്കി. മകന്‍(കുമാരസ്വാമി)കാരണം ബി.ജെ.പിക്കൊപ്പവും, തന്റെ കൂടി അംഗീകാരത്തോടെ കോണ്‍ഗ്രസിനൊപ്പവും സര്‍ക്കാരുണ്ടാക്കി. ഇരുപാര്‍ട്ടികളുമായും അകലം പാലിച്ച്, ഇരുവരോടും നമസ്‌കാരം പറഞ്ഞ്, ദളിനെ ശക്തിപ്പെടുത്താന്‍ വേണ്ടത് ചെയ്യും. ദളും കോണ്‍ഗ്രസും ഒരുമിച്ചു നീക്കം നടത്താതെ 105 സീറ്റുള്ള, ബി.ജെ.പിയെ വീഴ്ത്താനാകില്ല. ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.
അതെ സമയം സംസ്ഥാനത്തു ബിജെപിയെ താഴെയിറക്കാന്‍ വേണ്ട എല്ലാ ശ്രമവും കോണ്‍ഗ്രസ് നടത്തുമെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ദളുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതും ഇതിലുള്‍പ്പെടും. ദളുമായി സഖ്യം ചേരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ ഉള്‍പ്പെടെ എല്ലാ നേതാക്കളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന ഡിസംബര്‍ 9, ജനാധിപത്യത്തിന്റെ സുദിനമായിരിക്കും. കുതിരക്കച്ചവടം നടത്തിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്, യെദ്യൂരപ്പക്ക് സംസ്ഥാനം ഭരിക്കാനുള്ള അധികാരമില്ലെന്നും ഗോഖകില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ലഖന്‍ ജാര്‍ക്കിഹോളിയുടെ പ്രചാരണത്തിനെത്തിയ വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."