കൂടത്തായ് കൊലപാതക പരമ്പര: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം, ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയ ശേഷവും ജോളി വിനോദയാത്ര പോയി, കല്ലറ തുറക്കും മുമ്പ് മുങ്ങാനും പദ്ധതിയിട്ടു
കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങി പൊലിസ്. ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. ഇതിന്റെ അവസാന മിനുക്കുപണികളിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സംഭവത്തിനുപിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിനായി റിമാന്‍ഡില്‍ കഴിയുന്ന എം.എസ് മാത്യുവിനെ മാപ്പ് സാക്ഷിയാക്കിയാക്കാനാണ് ആലോചന. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
മുഖ്യപ്രതി ജോളി ജോസഫ് (47), ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ സജി എന്ന എം.എസ് മാത്യു (44), ജ്വല്ലറി ജീവനക്കാരന്‍ താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.
പൊന്നാമറ്റം റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് മൂവരും അറസ്റ്റിലായത്. പൊന്നാമറ്റം കുടുംബത്തിലെ മറ്റ് അഞ്ച് പേരുടെ മരണത്തിലും ജോളിയടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ ശേഷവും ജോളി വിനോദ യാത്ര പോയി. മാത്യുവിനൊപ്പം പോണ്ടിച്ചേരിയിലേക്കാണ് പോയത്. എന്‍.ഐ.ടിയില്‍ ട്രെയിനിങ് ഉണ്ടെന്ന് പറഞ്ഞായിരുന്നു ഈ യാത്ര. കല്ലറകള്‍ തുറക്കുന്നതിന് തൊട്ടുമുമ്പും ജോളി ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വിവരവും പൊലിസിന് ലഭിച്ചു. ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സേനാടൊപ്പം പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് പാളുകയായിരുന്നു.
റോയിയെ കൊല്ലാന്‍ ജോളിയെ പ്രേരിപ്പിച്ചത് നാല് കാരണങ്ങളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു. റോയിയുടെ മദ്യപാനവും അന്ധവിശ്വാസവും കാരണമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ജോളിയുടെ അവിഹിതബന്ധത്തെ റോയി എതിര്‍ത്തതും കൊലക്ക് കാരണമായി.
റോയിക്ക് സ്ഥിര വരുമാനമില്ലാത്തതും കൊലക്ക് കാരണമായി. സയനൈഡ് വാങ്ങിയത് മറ്റ് പ്രതികളായ എം.എസ് മാത്യുവിനും പ്രജികുമാറിനും അറിയാമായിരുന്നു. സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണ് മരണകാരണമെന്ന് ജോളി പ്രചരിപ്പിച്ചെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
നൂറിലധികം പേരെയാണ് കേസില്‍ ചോദ്യം ചെയ്തത്. അവരില്‍നിന്ന് ആവശ്യമുള്ളവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയാറാക്കി. ഇവരെ ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു.
കൂടത്തായിയില്‍ മരിച്ച ആറു പേരുടെ മരണത്തിലും ജോളി തന്നെയായണ് മുഖ്യ പ്രതി.
റോയ് തോമസ് വധക്കേസാണ് പൊലിസ് ആദ്യം അന്വേഷിക്കാന്‍ തുടങ്ങിയത്. അന്വേഷണം ഏകദേശം പൂര്‍ത്തിയായി. ഈ കേസിലെ സംഭവങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ കോര്‍ത്തിണക്കുകയാണ് പൊലിസിപ്പോള്‍. കേസിലെ പ്രതി എംഎസ് മാത്യുവുമായി ജോളിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."