പ്രളയക്കെടുതി; നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ച്ചയെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്. പ്രളയാനന്തരസഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് കനത്ത വീഴ്ചയാണെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ച്ചയുണ്ടായി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പണം നല്‍കിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കുടുംബശ്രീ ലോണ്‍ പോലും പലര്‍ക്കും കിട്ടിയില്ല. 20 ശതമാനം പേര്‍ക്ക് ഇനിയും 10,000 രൂപ ലഭിക്കാനുണ്ട്. മുഖ്യധാരാ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ പോലും തയ്യാറാവുന്നില്ല.
100 ദിവസം കഴിഞ്ഞുവെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം കിട്ടിയിട്ടില്ലെന്നും വീട് നഷ്ടപ്പെട്ടവര്‍ത്ത് താല്‍കാലിക വീട് നല്‍കുന്നതില്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സാലറി ചാലഞ്ച് പൊളിക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നുവെന്ന് സജി ചെറിയാന്‍ എം.എല്‍.എ ആരോപിച്ചു. മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍, എം.എല്‍.എമാര്‍, സന്നദ്ധസംഘടനകള്‍, മത്സ്യത്തൊഴിലാഴികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.
പതിനാറ് ലക്ഷം പ്രളയബാധിതരെയാണ് രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്കെത്തിച്ചത്. മന്ത്രിമാര്‍ക്ക് ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉദ്യോഗസ്ഥ തലത്തില്‍ എല്ലാ വകുപ്പുകളും ശ്ലാഘനീയമായ പ്രവര്‍ത്തനം നടത്തിയെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് പൂര്‍ണമായും കൃഷി പുനരാരംഭിച്ചു. രാഷ്ട്രീയത്തിന്റെ പേരില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വരാത്തവരാണ് ഇപ്പോള്‍ ദീര്‍ഘമായി പ്രസംഗിക്കുന്നതെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."