ഭരണതലപ്പത്ത് വീണ്ടും ഒരു ഏകാധിപതി
എല്ലാവരും പറയാന്‍ ഭയപ്പെടുന്നതും പലരും സര്‍ക്കാരില്‍ ചാര്‍ത്തി പറയുന്നതും യഥാര്‍ഥത്തില്‍ ഒരേ കാര്യമാണെന്ന് ഇപ്പോള്‍ വ്യക്തമായിത്തുടങ്ങി. മുമ്പ് ഇന്ദിരാഗാന്ധി എന്നപോലെ ഇപ്പോള്‍ പ്രധാനമന്ത്രി മോദി ഏകാധിപതിയായി ഭരണഘടനയ്ക്കുമേല്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞെന്ന്. ശനിയാഴ്ച മുംബൈയില്‍ 'ഇക്കണോമിക്‌സ് ടൈംസ്' സംഘടിപ്പിച്ച അവാര്‍ഡ്ദാന വേദിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മറ്റുരണ്ട് കേന്ദ്രമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ രാജ്യത്തെ മുതിര്‍ന്ന വ്യവസായ പ്രമുഖന്‍ രാഹുല്‍ ബജാജ് വിരല്‍ചൂണ്ടിയത് പ്രധാനമന്ത്രി മോദിക്കുനേരെയാണ്. അതിനു നാലുദിവസംമുമ്പ് സുപ്രിംകോടതി മഹാരാഷ്ട്രാ ഗവര്‍ണറുടെ ഉത്തരവു തള്ളി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതും പരോക്ഷമായി മോദിയുടെ ഏകാധിപത്യനീക്കം തടയാന്‍തന്നെ.
'നിങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ വ്യവസായികള്‍ക്ക് ധൈര്യമില്ല. നിങ്ങളെ വിമര്‍ശിച്ചാല്‍ നല്ല രീതിയില്‍ സ്വീകരിക്കുമെന്ന് ഒരു ഉറപ്പുമില്ല' - അമിത് ഷായുടെ മുഖത്തുനോക്കി രാഹുല്‍ ബജാജ് പറഞ്ഞുതുടങ്ങിയത് രാജ്യത്താകെ നിലനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷം മുതല്‍ ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്നു വിളിക്കുന്ന പ്രജ്ഞാ സിങിനെ പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി അംഗംവരെ ആക്കിയ നടപടിയെ വരെ ബജാജ് വിമര്‍ശിച്ചു. ഗാന്ധിജിയെ വെടിവച്ചു കൊന്നത് നാഥുറാം ഗോഡ്‌സെയാണോ എന്ന കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടോ എന്നുപോലും അദ്ദേഹം ആഭ്യന്തരമന്ത്രിയോടു ചോദിച്ചു. വ്യവസായ - സാമ്പത്തിക മേഖലയിലെ പ്രമുഖര്‍ നിരന്ന സദസില്‍ അമിത് ഷായ്ക്കു പറയേണ്ടിവന്നു; സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഭയപ്പെടുന്ന അന്തരീക്ഷമുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കാമെന്ന്.
ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ ബി.ജെ.പി മുഖ്യമന്ത്രിയെ അതിരഹസ്യമായി പാതിരാത്രിയില്‍ രാഷ്ട്രപതിഭരണം റദ്ദാക്കി അധികാരത്തില്‍ വാഴിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത ഹരജികളില്‍ അടിയന്തരമായി ഇടപെട്ട സുപ്രിംകോടതിയുടെ ഉത്തരവില്‍ പ്രതിഫലിക്കുന്നതും ഈ വിമര്‍ശനമാണ്. ജനാധിപത്യ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അതിര്‍വിഭജനവും മര്യാദയും നിലനിര്‍ത്താനാണ് തങ്ങള്‍ ഇടപെടുന്നതെന്ന്. അവസാനം മാത്രം ഉണ്ടാകേണ്ട ജുഡീഷ്യറിയുടെ ഇടപെടല്‍ ആദ്യംതന്നെ വേണ്ടിവന്നത് ജനാധിപത്യ മൂല്യങ്ങളും പൗരന്മാരുടെ അവകാശങ്ങളും സദ്ഭരണവും ഉയര്‍ത്തിപ്പിടിക്കാനാണ്. ഗവര്‍ണറുടെ ഉത്തരവ് മറികടന്ന് സഭയില്‍ നിബന്ധനകള്‍ക്കു വിധേയമായി സുതാര്യമായി വിശ്വാസവോട്ടു പിറ്റേന്നുതന്നെ നടത്താനാണ് കോടതി ഉത്തരവിട്ടത്. ജനാധിപത്യം തകര്‍ക്കുന്നതിനും കുതിരക്കച്ചവടത്തിനും പിന്നിലുള്ള ശക്തിസ്രോതസ് മോദിയാണെന്ന് കൃത്യമായി ഉള്‍ക്കൊണ്ടാണ് മൂന്നംഗ ജഡ്ജിമാരുടെ ഏകകണ്ഠവിധി.
രാജ്യചരിത്രത്തിലെ ഏറ്റവും അസാധാരണമായ, ഒരു പ്രധാനമന്ത്രിയുടെ ഭരണഘടനാ വിരുദ്ധ ഇടപെടലാണ് പരസ്യമായി പറയാതെ സുപ്രിംകോടതി പരാജയപ്പെടുത്തിയത്. മന്ത്രിസഭയുടെ അനുമതി തേടാതെ, യുദ്ധം പ്രകൃതിദുരന്തംപോലുള്ള അടിയന്തര സ്ഥിതിഗതികളെ നേരിടാന്‍മാത്രം പ്രധാനമന്ത്രിക്ക് സവിശേഷ അധികാരം നല്‍കുന്ന 12ാം ചട്ടമാണ് മോദി പ്രയോഗിച്ചത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം റദ്ദാക്കാനുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ പരിഗണന കൂടാതെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുലര്‍ച്ചെ 5.47ന് അംഗീകരിച്ച് വിജ്ഞാപനമിറക്കിയത്. പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശത്തിന് കീഴ്‌പ്പെടുകയായിരുന്നു രാഷ്ട്രപതി.
ഇതിനെ 1975 ജൂണില്‍ മന്ത്രിസഭയുടെ അംഗീകാരം തേടാതെ പ്രധാനമന്ത്രിയുടെ വിശേഷാധികാരം ഉപയോഗിച്ച ഇന്ദിരാഗാന്ധിയുടെ നടപടിയോട് മാധ്യമങ്ങള്‍ താരതമ്യം ചെയ്തത് തീര്‍ത്തും തെറ്റായാണ്. അന്ന് നിയമപണ്ഡിതന്‍കൂടിയായ വിശ്വസ്തന്‍ ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍ റെയെ കൊല്‍ക്കത്തയില്‍നിന്ന് അടിയന്തരമായി വരുത്തി ഒപ്പംകൂട്ടിയാണ് ഇന്ദിരാഗാന്ധി രാഷ്ട്രപതി ഭവനില്‍ ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ചെന്നുകണ്ടത്. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമെന്നും രാജ്യത്തിന്റെ സുരക്ഷിതത്വം അപകടത്തിലാണെന്നും തനിക്കു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്, മന്ത്രിസഭായോഗം വിളിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സമയമില്ല, പ്രധാനമന്ത്രിയുടെ വിശേഷാധികാരം സംബന്ധിച്ച 12ാം ചട്ടം ഉപയോഗിച്ച് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഒപ്പിട്ടിറക്കണമെന്നാണ് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നിയമവ്യക്തതയാണ് സിദ്ധാര്‍ഥ ശങ്കര്‍റെയോട് രാഷ്ട്രപതി ചോദിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുള്ള കത്ത് രാഷ്ട്രപതി ഭവനില്‍ രാത്രി എത്തിക്കുകയായിരുന്നു.
ഉടനെ ഒപ്പുവച്ച് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നില്ല രാഷ്ട്രപതി ചെയ്തത്. പ്രധാനമന്ത്രിയുടെ കത്ത് രാഷ്ട്രപതിയുടെ സെക്രട്ടറി ബാലചന്ദ്രന്‍ പരിശോധിച്ചു. കരടു പ്രഖ്യാപനത്തിന്റെ കോപ്പി കത്തില്‍ അടക്കം ചെയ്തിരുന്നില്ല. അതുകൊണ്ട് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമാകും. മാത്രമല്ല, രാഷ്ട്രപതിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപിക്കുന്നതെന്നുള്ള സന്ദേശമാണ് പുറത്തുവരിക എന്നും ബാലചന്ദ്രന്‍ ബോധ്യപ്പെടുത്തി. രാഷ്ട്രപതിതന്നെ ഇന്ദിരാഗാന്ധി യെ വിളിച്ച് മന്ത്രിസഭായോഗത്തിന്റെ തീരുമാനമില്ലാതെ കത്ത് അയക്കേണ്ടിവന്ന സാഹചര്യം വ്യക്തമാക്കി മറ്റൊരു കത്ത് എത്തിക്കാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആര്‍.കെ ധവാന്റെ കൈയില്‍ പ്രഖ്യാപനത്തിന്റെ കരട് അടക്കം മറ്റൊരു കത്ത് പ്രധാനമന്ത്രി എത്തിക്കുകയായിരുന്നു. പിറ്റേന്നുകാലത്ത് മന്ത്രിസഭായോഗം വിളിച്ച് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുള്ള അംഗീകാരം തേടുമെന്നും പ്രധാനമന്ത്രി പ്രത്യേകം ഉറപ്പുനല്‍കി. പ്രഖ്യാപനം എത്ര വൈകി പുറപ്പെടുവിച്ചാലും ജനങ്ങളെ ഉടനെ അറിയിക്കാന്‍ എല്ലാ ഏര്‍പ്പാടും ചെയ്യാമെന്നും ഉറപ്പുനല്‍കി. പിന്നീട് അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജനതാ ഗവണ്മെന്റ് നിയോഗിച്ച ജസ്റ്റിസ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ രേഖകളും തെളിവുകളും സഹിതം വെളിപ്പെടുത്തിയിട്ടുണ്ട്.
അന്ന് പൊടുന്നനെ നടക്കാന്‍പോകുന്ന ആഭ്യന്തര കലാപത്തെക്കുറിച്ച് രാജ്യത്തെ ഒരു ഔദ്യോഗിക ഏജന്‍സിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ഇതുവരെയും തെളിവുകളില്ല. എങ്കിലും അത്തരമൊരു അപകടാവസ്ഥയിലാണ് രാജ്യമെന്ന പ്രധാനമന്ത്രിയുടെ നിലപാട് വിശ്വസിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് എന്ന് സാങ്കേതികമായെങ്കിലും വാദിക്കാം. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദി എന്ത് അടിയന്തര പരിതസ്ഥിതിയിലാണ് വിശേഷാധികാരം പ്രയോഗിച്ചതെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
സാമ്പത്തിക - കുറ്റാന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തി പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കുക, ഭരണം പിടിച്ചെടുക്കുക - ഇതെല്ലാം പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് നേരിട്ട് നടപ്പാക്കുന്നു എന്ന് മഹാരാഷ്ട്രാ സംഭവത്തോടെ കൂടുതല്‍ ബോധ്യമായി. 70,000 കോടി രൂപയുടെ അഴിമതി കേസില്‍പെടുത്തിയാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതും കേസില്‍നിന്ന് ഒഴിവാക്കിയതും. അഴിമതിക്കെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ച് കേന്ദ്രത്തില്‍ ഭരണത്തിലെത്തിയ ഒരു പ്രധാനമന്ത്രി ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു ഭരണത്തിന്റെ നായകനായി മാറിയിരിക്കുന്നു. 40,000 കോടി രൂപയുടെ വികസനഫണ്ട് കേന്ദ്രത്തിനുതന്നെ തിരിച്ചുനല്‍കാനാണ് ഫഡ്‌നാവിസിനെ ഭൂരിപക്ഷമില്ലാതെ മുഖ്യമന്ത്രിയാക്കിയതെന്ന മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
അമിത് ഷായ്‌ക്കൊപ്പം 'ഇക്കണോമിക് ടൈംസി'ന്റെ വേദിയിലുണ്ടായിരുന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാഹുല്‍ ബജാജിന്റെ വിമര്‍ശനം ദേശവിരുദ്ധമെന്ന് രണ്ടുദിവസംകഴിഞ്ഞ് പ്രതികരിച്ചത് വിമര്‍ശനത്തെ ഭയക്കുന്നില്ലെന്ന അമിത് ഷായുടെ നിലപാടിനെതിരാണ്. ഏകാധിപതിയായി മാറുമ്പോള്‍ മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും സഹപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ രാജ്യത്തിനു പകരംവെക്കുന്നത് ഇന്ദിരയുടെ ഭരണത്തില്‍ കണ്ടതാണ്. മോദിയുടെ കാര്യത്തിലും ഇപ്പോള്‍ അത് ആവര്‍ത്തിച്ചു തുടങ്ങി.
ഇന്ദിരാഗാന്ധി ഏകാധിപതിയായി മാറിയതിന്റെ ചിത്രം ബി.കെ നെഹ്‌റു തന്റെ ആത്മകഥയില്‍ വരച്ചുകാട്ടുന്നുണ്ട്. ഇന്ത്യന്‍ വിദേശകാര്യ സര്‍വിസില്‍ നീണ്ടകാലം പ്രവര്‍ത്തിച്ച ബി.കെ നെഹ്‌റുവിനെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായി നിയോഗിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. ലണ്ടനില്‍ ഹൈക്കമ്മിഷണറായി എത്തിയപ്പോള്‍ ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും ആദ്യ ഗവര്‍ണര്‍ ജനറലുമായ മൗണ്ട് ബാറ്റണ്‍ ഇന്ദിരാഗാന്ധിയില്‍നിന്നു തനിക്കു നേരിട്ട അപമാനം പങ്കുവച്ചു; ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രപതിഭവനില്‍ വിശിഷ്ട സ്ഥാനംനല്‍കി വെച്ചിരുന്ന തന്റെ പടം നീക്കി രാഷ്ട്രപതിഭവന്റെ ബേസ്‌മെന്റിലേക്ക് തള്ളിക്കളഞ്ഞു. ഇന്ദിരാഗാന്ധിക്ക് തന്നോടുള്ള വെറുപ്പാണ് അതിനു പിന്നില്‍'. അടുത്ത ഡല്‍ഹി സന്ദര്‍ശനവേളയില്‍ രാഷ്ട്രപതിഭവനിലെ ഒരു ചടങ്ങളില്‍ സംബന്ധിച്ച ബി.കെ നെഹ്‌റു മൗണ്ട് ബാറ്റനെ രാഷ്ട്രപതിഭവന്‍ അപമാനിച്ചകാര്യം അദ്ദേഹം തന്നോടു പറഞ്ഞതായി രാഷ്ട്രപതിയെ അറിയിച്ചു. തിരുത്തല്‍ നടപടിക്ക് രാഷ്ട്രപതിതന്നെ മുന്‍കൈയെടുക്കണമെന്നും. 'മാഡത്തോട് താങ്കള്‍തന്നെ ഇക്കാര്യം ദയവായി പറഞ്ഞ് പരിഹാരം കാണൂ' എന്ന് രാഷ്ട്രപതി അഭ്യര്‍ഥിച്ചത് ബി.കെ നെഹ്‌റുവിനെ അമ്പരപ്പിച്ചു. പിന്നീടാണ് ബി.കെ നെഹ്‌റു മനസിലാക്കിയത് രാഷ്ട്രപതിഭവനില്‍ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദ് താമസിക്കുന്ന ഭാഗമൊഴികെ മറ്റെല്ലാം പ്രധാനമന്ത്രിയുടെ ഔദ്യോഗിക നിയന്ത്രണത്തിലാണെന്ന്. ഇന്ദിര ഒരു ഏകാധിപതിയായി മാറിക്കഴിഞ്ഞെന്ന് തനിക്കു ബോധ്യമായതായി അടുത്ത കുടുംബാംഗമായ ബി.കെ നെഹ്‌റു രേഖപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏഴുമാസം മുമ്പായിരുന്നു ഈ സംഭവം. മോദിയുടെ കാര്യത്തിലും രാഷ്ട്രപതിഭവന്‍ മുതല്‍ രാജ്ഭവനുകള്‍വരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ഉത്തരവുകള്‍ക്ക് ഇപ്പോള്‍ ഉറക്കമൊഴിഞ്ഞു കാതോര്‍ത്തുകിടക്കുന്നു.
ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം സ്വകാര്യ അധികാര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നവരുടെ കൈകളില്‍ സുരക്ഷിതമല്ലെന്ന് ഫാസിസത്തിന്റെ വിളയാട്ടകാലത്ത് യു.എസ് പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ് പറഞ്ഞുവെച്ചിട്ടുണ്ട്. ഒരു സര്‍ക്കാരിന്റെ ഉടമസ്ഥത ഒരു വ്യക്തിയിലോ ഒരു ഗ്രൂപ്പിലോ സ്വകാര്യ നിയന്ത്രണ ശക്തികളിലോ കേന്ദ്രീകരിക്കുമ്പോള്‍ അതിന്റെ ഫലം ഫാസിസമാണെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."