എല്ലാവര്‍ക്കും വീട്:ലൈഫ് മിഷന്‍ പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് എന്ന ലൈഫ് പദ്ധതിക്കെതിരെ വ്യാപക പരാതി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഗുണഭോക്തൃലിസ്റ്റില്‍ വ്യാപക തിരിമറിയാണ് നടന്നിട്ടുള്ളത്. അര്‍ഹതപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ പുറത്തായതോടെ പ്രതിഷേധവുമായി തദ്ദേശസ്വയം ഭരണസ്ഥാപനത്തിലേക്കെത്തുന്നവര്‍ നിരവധിയാണ്.
ഇതോടെ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ് തയാറാക്കിയ കുടുംബശ്രീ സി.ഡി.എസിനെ പ്രതിസ്ഥാനത്താക്കി ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും തടിയൂരാനുള്ള നീക്കമാണ് രാഷ്ട്രീയ നേതൃത്വങ്ങളും ഭരണസമിതികളും നടത്തുന്നത്. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീക്കായിരുന്നു സര്‍വേയുടെ ചുമതല.
കുടുംബശ്രീ യൂനിറ്റുകളില്ലാത്ത ആദിവാസി മേഖലകളില്‍ എസ്.ടി പ്രമോട്ടര്‍മാര്‍ക്കായിരുന്നു ചുമതല. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവുമുള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക, പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശസ്വയം ഭരണമന്ത്രി സഹ അധ്യക്ഷനും ആയ സമിതിയില്‍ മന്ത്രിമാരും പ്രത്യേക ക്ഷണിതാവായി പ്രതിപക്ഷനേതാവും ഉള്‍പ്പെടും.
ഭൂമിയുള്ള ഭവന രഹിതര്‍, ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, വാസയോഗ്യമല്ലാത്ത ഭവനമുള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, ഭൂരഹിതഭവന രഹിതര്‍ എന്നിവരാണ് പദ്ധതി ഗുണഭോക്താക്കള്‍. അതേസമയം ലിസ്റ്റ് പുറത്ത് വന്നതോടെ അപാകത ചൂണ്ടിക്കാട്ടി പല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും കുടുംബശ്രീ സി.ഡി.എസുകളുമായി ഉടക്കിലാണ്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ കാണിച്ച നിസംഗതയും ഭരണസമിതി എടുത്ത തീരുമാനം സി.ഡി.എസുകളെ അറിയിക്കാത്തതുമാണ് ലിസ്റ്റില്‍ അപാകത വരാന്‍ കാരണമെന്ന് സി.ഡി.എസും പറയുന്നു. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടൊപ്പം ആക്ഷേപമുള്ളവര്‍ക്ക് ഈ മാസം പത്ത് വരെ പരാതി സമര്‍പ്പിക്കാനുള്ള അവസരവും നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."