ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ കൈക്കൂലി അടക്കമുള്ള വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കും. ശസ്ത്രക്രിയക്കായി അഡ്മിറ്റു ചെയ്ത രോഗിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലും ആശുപത്രിയിലെ ഉപകരണങ്ങളടക്കമുള്ളവ വാങ്ങിയതിലും ചില ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്ത സംഭവത്തിലും വിജിലന്‍സ് അന്വേഷണം നടക്കുമെന്നാണ് സൂചന. ആശുപത്രിയിലെ കൈക്കൂലി വിവാദം സംബന്ധിച്ച് കലക്ടര്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി വിജിലന്‍സ് അന്വേഷണത്തിനു നിര്‍ദേശം നല്‍കുമെന്നാണ് സൂചന. ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിംങാണ് അന്വേഷണം നടത്തുക. അതേസമയം സംഭവം നടന്നയുടനെ ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിംങ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
മധൂര്‍ ചേനക്കോട്ടെ സരസ്വതിയില്‍ നിന്നും പണം ആവശ്യപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.എം.ഒ എ.പി ദിനേഷ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി ചേര്‍ത്തുവച്ചാണ് കലക്ടര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ സരസ്വതിയോട് ഓപ്പറേഷന് നടക്കണമെങ്കില്‍ 1000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവം സംഘടനകളും ജനപ്രതിനിധികളും ഏറ്റെടുത്തതോടെയാണ് വിവാദമായത്. അതിനിടെ ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ആരോഗ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ആശുപത്രിയിലെ രക്ത സംഭരണ യൂനിറ്റും എക്‌സറേ യൂനിറ്റും പ്രവര്‍ത്തിക്കാതു സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കും. ആശുപത്രിയില്‍ ശാസ്ത്രക്രിയക്ക് വിധേയരാവുന്നവരോട് കൈക്കൂലി വാങ്ങുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റുചെയ്യുന്ന രോഗികളെ അവിടുത്തെ ഡോക്ടര്‍മാര്‍ അവരുടെ ക്ലിനിക്കുകളില്‍ എത്തിച്ചു പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. ഡി.എം.ഒ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലും കലക്ടര്‍ മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിലും വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വകുപ്പുതല അന്വേഷണം തുടങ്ങി
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണം സംബന്ധിച്ച് ഡി.എം.ഒ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശിച്ചു. ഡി.എം.ഒയുടെ നേതൃത്വത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത്. കൈക്കൂലി ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്നും കുറ്റക്കാരാണെന്ന് കണ്ടാല്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും ഡി.എം.ഒ പറഞ്ഞു. പരാതിക്കാരിയുടെയും ആരോപണ വിധേയരായവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. സംഭവം സംബന്ധിച്ച് കൃത്യത വരുത്തുന്നതിനാണ് വകുപ്പുതല അന്വേഷണം ന്നതെന്നും ഡി.എം.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."