പ്രളയ ദുരിതാശ്വാസത്തില്‍ വീഴ്ച: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: പ്രളയത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിച്ചതുമൂലമുള്ള ഗുരുതരമായ സ്ഥിതിവിശേഷം അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്തതിനൊടുവില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. നാല് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം എന്നു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നവര്‍ക്കും വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടമായവര്‍ക്കും സഹായം നല്‍കാത്തതുമൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്നും ഇതുമൂലമുള്ള ഗുരുതരമായ സ്ഥിതിവിശേഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്യേണ്ടതാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ അടിയന്തര പ്രമേയത്തിന്മേല്‍ ചര്‍ച്ച നടന്നു. ചര്‍ച്ചക്കു ശേഷം മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു. എന്നാല്‍ നഷ്ടപരിഹാരം കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം രണ്ടാഴ്ചക്കുള്ളില്‍ വിതരം ചെയ്യുമെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
പ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷി നാശത്തിന് മഴക്കാലത്ത് കൃഷി നശിക്കുമ്പോള്‍ കൊടുക്കുന്ന നഷ്ടപരിഹാരം മാത്രമാണ് നല്‍കിയതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് വി.ഡി സതീശന്‍ പറഞ്ഞു. കൃഷിനാശം സംഭവിച്ചവര്‍ക്ക് പ്രത്യേക പാക്കേജ് നല്‍കാത്തതിനാല്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടനാട്ടില്‍ ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണെന്ന് പറഞ്ഞിട്ട് 13,500 രൂപ മാത്രമാണ് നല്‍കിയത്. നാശനഷ്ടത്തിന്റെ കണക്ക് ശേഖരിച്ചിട്ടില്ലെന്നാണ് റവന്യൂ മന്ത്രി പറയുന്നത്. മഹാദുരന്തം വന്നിട്ട് ബാങ്കുകള്‍ ഒരു രൂപപോലും വായ്പ നല്‍കിയിട്ടില്ല. ഇന്‍ഷുറന്‍സ് തുക പോലും ബാങ്കുകള്‍ വായ്പയിലേക്ക് ചേര്‍ക്കുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികളും ഡീലര്‍മാരും ചേര്‍ന്ന് വാഹന ഉടമകളെ കബളിപ്പിച്ചത് സര്‍ക്കാര്‍ നോക്കിനിന്നു. പ്രളയ സഹായമായി കിട്ടിയ 4385 കോടിയില്‍ 592 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. പണം ചെലവഴിക്കാന്‍ ബുദ്ധിമുട്ട് എന്തിനാണ്. ആത്മാര്‍ഥതയില്ലാത്തതും കാപട്യം നിറഞ്ഞതുമാണ് മുഖ്യമന്ത്രിയുടെ നവകേരളമെന്ന് സതീശന്‍ ആരോപിച്ചു.
റാന്നി എം.എല്‍.എ രാജു എബ്രഹാമിനും ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനും സഭയില്‍ സംസാര സ്വാതന്ത്ര്യം നല്‍കിയതിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ചര്‍ച്ച തുടങ്ങിയത്. നവോത്ഥാനത്തിന്റെ മതില്‍ കെട്ടുന്നതിനായി മേസ്തിരിമാരെ തിരയുന്നതിനു മുന്‍പ് പ്രളയത്തില്‍ ഒലിച്ചുപോയ ഒരു മതിലെങ്കിലും കെട്ടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രളയം തകര്‍ത്തതിനെ എങ്ങനെ പുനര്‍നിര്‍മിക്കുമെന്നതിന് സര്‍ക്കാരിന് കൃത്യമായ രൂപരേഖപോലുമില്ല. ആഗ്രഹങ്ങളുടെ സ്വപ്‌നകാവ്യമാണ് മുഖ്യമന്ത്രിയുടെ നവകേരള സൃഷ്ടിയെന്ന് മുനീര്‍ കളിയാക്കി. വി.കെ ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത്, സി.കെ നാണു, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ്, ഒ. രാജഗോപാല്‍, യു. പ്രതിഭ, റോജി എം. ജോണ്‍, കെ.എന്‍.എ ഖാദര്‍, പി.സി ജോര്‍ജ്, മുല്ലക്കര രത്‌നാകരന്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവരും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്കുശേഷം അടിയന്തര പ്രമേയം സഭ തള്ളിക്കളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."