സ്റ്റേഷന്‍ വളപ്പില്‍ ജൈവപച്ചക്കറി കൃഷിയുമായി കേണിച്ചിറ പൊലിസ്
കേണിച്ചിറ: ക്രമസമാധാന പാലനത്തിനിടയിലും ജൈവ പച്ചക്കറി കൃഷി നടത്തി കേണിച്ചിറ സ്റ്റേഷനിലെ പൊലിസുകാര്‍. സ്റ്റേഷന്‍ ഗേറ്റ് കടന്ന് എത്തുന്ന ഏതൊരാളുടേയും മനസ് നിറയുന്ന രീതിയില്‍ തക്കാളിയും പയറും കാബേജും ഇവിടെ വിളഞ്ഞ് കിടക്കുകയാണ്. നാട്ടിലെ ക്രമസമാധാനപാലനം സംരക്ഷിക്കുന്നതിനിടയിലും കേണിച്ചിറ സ്റ്റേഷനിലെ പൊലിസുകാര്‍ വേറിട്ടതാവുന്നു. മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനാല്‍ സ്റ്റേഷന് ചുറ്റും വന്‍മതിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഗേറ്റ് കടന്ന് സ്റ്റേഷനിലേക്ക് എത്തിയാല്‍ ആരും അത്ഭുതപ്പെട്ട് പോകുന്ന കാഴ്ച്ച. കാക്കിക്കുള്ളിലും ഒരു കര്‍ഷകന്‍ ഒളിച്ചിരുപ്പുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. അത്രക്കുണ്ട് വിളഞ്ഞ് വിളവെടുക്കാനായ വിവിധ തരം പച്ചക്കറികള്‍. പച്ചമുളക്, തക്കാളി, പയര്‍, കാബേജ്, കോളിഫ്‌ളവര്‍, വഴുതിന, വെണ്ട എന്തിനധികം കപ്പയും കാന്താരിമുളക് പോലും സ്റ്റേഷന്‍ വളപ്പില്‍ കൃഷി ചെയ്തിരിക്കുന്നു. എസ്.ഐ സി. ഷൈജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ സി.വി തങ്കച്ചന്‍, കെ.വി രാമകൃഷ്ണ്ണന്‍, ഏലിയാസ്, സുരേഷ്, ശ്രീധരന്‍, രാജീവന്‍, ഹാരിസ്, വനിത സി.പി.ഒ പ്രസീദ എന്നിവരാണ് പച്ചക്കറി കൃഷിക്ക് ചുക്കാന്‍ പിടിച്ചത്. കാട് പിടിച്ച് കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് മണ്ണൊരുക്കി കൃഷിയിറക്കിയപ്പോള്‍ നൂറ് മേനി വിളവാണ് ലഭിച്ചത്. തികച്ചും ജൈവ കൃഷിരീതി അവലംബിച്ച് ഇറക്കിയ കൃഷിക്ക് ചാണകവും, പച്ചില വളവുമാണ് നല്‍കിയത്. ഹൈബ്രിഡ് തൈകളാണ്. നടീലിന് ഉപയോഗിച്ചത്. പൊലിസുകാരുടെ കൂട്ടായ്മയില്‍ നടത്തിയ കൃഷി വന്‍ വിജയവും കണ്ടു. ജോലിക്കിടയില്‍ അപൂര്‍വമായി കിട്ടുന്ന ഇടവേളകളിലാണ് കൃഷിക്ക് പരിചരണം നല്‍കിയത്. ജോലിക്കിടയിലെ മാനസിക പിരിമുറക്കത്തിന് ആശ്വാസം പകരുന്നതാണ് പച്ചക്കറി കൃഷിയെന്ന് സബ് ഇന്‍സ്‌പെക്ടര്‍ സി. ഷൈജു പറഞ്ഞു. വിളവെടുക്കുന്ന പച്ചക്കറികള്‍ സ്റ്റേഷനിലെ തന്നെ ഭക്ഷണശാലയില്‍ കറിക്കായി ഉപയോഗിക്കുന്നു. ഇത്തവണത്തെ വിളവെടുപ്പ് കഴിഞ്ഞാല്‍ അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ഷൈജു പറഞ്ഞു. വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നത് വഴി നാടിനും പൊതു സമൂഹത്തിനും ഉത്തമ മാതൃകയാണ് കേണിച്ചിറ പൊലിസ് കാണിച്ചുതരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."