നാൽപതാമത് ഗൾഫ് ഉച്ചകോടി പത്തിന് റിയാദിൽ
റിയാദ്: ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഗൾഫ് സഹകരണ കൗൺസിൽ നാൽപതാമത് ഉച്ചകോടി ഈ മാസം പത്തിന് സഊദി തലസ്ഥാന നഗരിയായ റിയാദിൽ നടക്കും. നേരത്തെ യു എ ഇ ആസ്ഥാനമായ അബുദാബിയിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടി ആസ്ഥാന നഗരിയിൽ ചേരാൻ യു എ ഇ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സഊദി തലസ്ഥാന നഗരിയായ ജിസിസി ആസ്ഥാന കേന്ദ്രത്തിൽ വെച്ച് ഉച്ചകോടി ചേരുന്നത്. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതിയിൽ ചേരുന്ന ഉച്ചകോടിയിൽ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയിൽ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യും. രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ അംഗ രാജ്യങ്ങൾ തമ്മിൽ സഹകരണവും ഉൾപ്പെടെ ഏതാനും സുപ്രധാന വിഷയങ്ങൾ ഉച്ചകോടിക്കിടെ നേതാക്കൾ വിശകലനം ചെയ്യും. രണ്ടര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചക്ക് വരുമെന്നാണ് സൂചന.
ഗൾഫ് ഐക്യവും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സംയോജനവും ശക്തമാക്കുന്ന തീരുമാനങ്ങൾ ഉച്ചകോടിക്കിടെ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി പറഞ്ഞു. ഗൾഫ് രാഷ്ട്ര കൂട്ടായ്‌മയുടെ സംയുക്ത പ്രവര്‍ത്തനത്തിലെ സുപ്രധാന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചക്ക് വരും. മേഖലയിലെ രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, നിയമ മേഖലകളിലെ സഹകരണത്തിൻെറയും ഒത്തൊരുമയുടെയും നേട്ടങ്ങളും, പ്രസക്തമായ റിപ്പോര്‍ട്ടുകളും ശിപാര്‍ശകളും ചർച്ചക്കെടുക്കുന്നതോടൊപ്പം മേഖലയിലെ ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളും സുരക്ഷാ സാഹചര്യങ്ങളും ചര്‍ച്ചക്കെടുക്കുമെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കി. ജി സി സി അംഗ രാജ്യമായ ഖത്തറുമായുള്ള മറ്റു രാജ്യങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചക്കെടുക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഗൾഫ് ഉച്ചകോടി സംഘാടനവും അജണ്ടകളും അടക്കമുള്ള കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി കഴിഞ്ഞ ദിവസം സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. ഗൾഫ് സഹകരണ കൗൺസിലുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്‌തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു. നാൽപതാമത് ഗൾഫ് ഉച്ചകോടിക്കു മുന്നോടിയായി ഈ മാസം ഒമ്പതിന് തിങ്കളാഴ്ച വിദേശ മന്ത്രിമാർ യോഗം ചേരുന്നുണ്ട്.
മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടിയും കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് സഊദി തലസ്ഥാന നഗരിയായ റിയാദിലാണ് നടന്നത്. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കേണ്ടിയിരുന്നത് ഒമാൻ ഒമാൻ ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് സഊദി അറേബ്യ ആതിഥ്യം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."