ഔഷധ വ്യാപാരശാലയില്‍ റെയ്ഡ്; 20 ലിറ്റര്‍ മെഥനോള്‍ പിടികൂടി
കണ്ണൂര്‍: ജില്ലയിലെ പ്രമുഖ ഔഷധവ്യാപാര ശാലയില്‍ കണ്ണൂര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ മെഥനോള്‍ പിടികൂടി. തലശ്ശേരി പഴയ ബസ്‌സ്റ്റാന്റിനു സമീപത്തെ അക്ഷയ അസോസിയേറ്റില്‍ നിന്നാണ് മെഥനോള്‍ പിടികൂടിയത്. പോയിസന്‍ ലൈസന്‍സില്ലാതെ മെഥനോള്‍ വിറ്റതിന് ഉടമ പി.കെ രാജുവിനെതിരേ കേസെടുത്തു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ കെ.വി സുധീഷ്, ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ 11.30ന് തുടങ്ങിയ പരിശോധന വൈകുന്നേരം വരെ തുടര്‍ന്നു. കേന്ദ്രസര്‍വകാലശാല, മെഡിക്കല്‍ ലാബുകള്‍ എന്നിവടങ്ങളില്‍ ലൈസന്‍സില്ലാതെ ഇവ വിറ്റതായി പരിശോധനയില്‍ തെളിഞ്ഞു. മുംബൈയില്‍ നിന്നാണ് മെഥനോള്‍ ഇറക്കുമതി ചെയ്യുന്നത്. ജില്ലയിലെ 12 മരുന്ന് കമ്പനികള്‍ക്കു മാത്രമേ മെഥനോള്‍ ഉപയോഗിക്കാനുള്ള അനുമതിയുള്ളൂ. പലരും മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി മെഥനോള്‍ വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വ്യാജമദ്യത്തിന് വീര്യം കൂട്ടുന്നതിനായി മെഥനോള്‍ ചേര്‍ക്കാറുണ്ട്. അളവില്‍ കവിഞ്ഞ മെഥനോള്‍ കാഴ്ചശക്തി നശിപ്പിക്കുകയും ആന്തരികാവയവങ്ങള്‍ക്കു ക്ഷതം വരുത്തുകയും ചെയ്യും. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ലഹരികൂട്ടാന്‍ മദ്യത്തില്‍ മെഥനോള്‍ ചേര്‍ത്തതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മൂന്നുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ കെ.വി സുധീഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."