പുതുവൈപ്പ് എല്‍.പി.ജി പ്ലാന്റ്: നിയമസഭ സമിതി തെളിവെടുപ്പ് നടത്തി
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി വിവിധ വിഭാഗങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തി.
കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായ സമിതി സമര സമിതി നേതാക്കളില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കമ്പനി പ്രതിനിധികളില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു.
മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ഉപജീവനത്തെയും സുരക്ഷിത ജീവിതത്തേയും ബാധിക്കുമെന്ന് പ്ലാന്റിനെ എതിര്‍ക്കുന്നവര്‍ സമിതി മുമ്പാകെ പരാതിപ്പെട്ടു. അതേസമയം സുരക്ഷ പൂര്‍ണമായും ഉറപ്പാക്കിയാണ് പ്ലാന്റ് നിര്‍മാണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും വ്യക്തമാക്കി.ഈ പ്രദേശത്തിന് അനുയോജ്യമല്ലാത്ത പദ്ധതിയാണ് ഇതെന്ന് സമര സമിതി കണ്‍വീനര്‍ കെ.എസ്. മുരളി പറഞ്ഞു. തെറ്റായ പരസ്യങ്ങളും അവകാശ വാദങ്ങളും പ്രചരിപ്പിച്ച് നിരാലംബരായ മത്സ്യത്തൊഴിലാളികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി. സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം.
എല്‍.എന്‍.ജി ടെര്‍മിനല്‍ വന്നതിനു ശേഷം ഇപ്പോള്‍ തന്നെ മത്സ്യ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.2005 ല്‍ കമ്മിഷന്‍ ചെയ്യുമെന്ന് പറഞ്ഞ പദ്ധതി ഇതുവരെ നടപ്പാക്കാന്‍ കഴിയാത്തത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതികമായി വളരെയധികം സെന്‍സിറ്റീവായ പുതുവൈപ്പ് മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ ജൈവവൈവിധ്യത്തിന് ഭീഷണിയാണെന്ന് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി 2015 ല്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധി ചാള്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടി.
പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ റോഡ് വഴിയുള്ള എല്‍.പി.ജി ടാങ്കര്‍ നീക്കത്തിലൂടെ സംഭവിക്കുന്ന അപകടങ്ങള്‍ വളരെയധികം കുറയ്ക്കാനാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സമിതിയെ അറിയിച്ചു. പ്ലാന്റിന് പോര്‍ട്ട് ട്രസ്റ്റ്, കേരള സര്‍ക്കാരിന്റെ സൈറ്റ് അപ്രൈസല്‍ കമ്മിറ്റി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവയുടെ അനുമതി ലഭിച്ചിട്ടുള്ളതാണെന്നും കമ്പനി യോഗത്തില്‍ അറിയിച്ചു.
അതേസമയം 500 ടാങ്കര്‍ ലോറികള്‍ക്ക് എല്‍.പി.ജി നിറയ്ക്കാനുള്ള അനുമതി ഐ.ഒ.സി നേടിയതുവഴി അപകടസാധ്യത നിലനില്‍ക്കുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
മത്സ്യബന്ധന മേഖലയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ജനസാന്ദ്രതയേറിയ മേഖലയില്‍ പദ്ധതി നടപ്പാക്കുന്നതിനക്കുറിച്ചും സമഗ്രമായ പഠനം നടന്നിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമിതിക്ക് സമര്‍പ്പിക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."