തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ കമ്മിഷന് നിര്‍ദേശം
തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേക്ക് ഓഗസ്റ്റ് എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുറ്റവും അഴിമതിയും തടയുന്നതിനു കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്കു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145 മുതല്‍ 155 വരെയും 159, 161, 162 എന്നീ വകുപ്പുകള്‍ പ്രകാരവും ആരെങ്കിലും തെരഞ്ഞെടുപ്പ് കുറ്റങ്ങള്‍ ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പൊലിസ് അധികാരികളെ അറിയിക്കേണ്ടതും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്.
പോളിങ് ദിവസം നഗരസഭയിലെ 35 ബൂത്തുകളിലും കമ്മിഷന് തല്‍സമയ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പുള്ള മോക്പോള്‍ മുതല്‍ വോട്ടെടുപ്പ് അവസാനിച്ച് ഇ.വി.എം സീല്‍ ചെയ്യുന്നതുവരെയുള്ള വിവരങ്ങളാകും വെബ്കാസ്റ്റിങിലൂടെ ലഭിക്കുക. പോളിങ് ബൂത്തില്‍ പ്രവേശിക്കുന്ന ഒരോ വോട്ടറെയും പ്രത്യേക സ്ഥലത്ത് ഉറപ്പിച്ചിട്ടുള്ള കാമറ പകര്‍ത്തും. വോട്ടറെ തിരിച്ചറിയുന്നതിനുള്ള പരിശോധന, മഷി പുരട്ടല്‍, പോളിങ് ഏജന്റുമാരുടെ പ്രവര്‍ത്തനം, ബൂത്തിനുള്ളില്‍ നടക്കുന്ന മറ്റു സംഭവങ്ങള്‍ എന്നിവയാകും കാമറ പകര്‍ത്തുക. വോട്ടിങിന്റെ രഹസ്യ സ്വഭാവത്തെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിലാകും കാമറയില്‍ വിവരങ്ങള്‍ പകര്‍ത്തുക. 35 ബൂത്തുകളിലും വീഡിയോ കവറേജ് നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളിലെ വോട്ടര്‍മാരുടെ നിര, സുരക്ഷാ ജീവനക്കാരുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍, പരിസരത്തെ മറ്റ് സംഭവങ്ങള്‍ എന്നിവയാകും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."