14.45 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പാലക്കാട്ടേക്ക് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 14.45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പെരിന്തല്‍മണ്ണയില്‍ ഒരാള്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് പണവുമായി പെരിന്തല്‍മണ്ണ കോഡൂര്‍ സ്വദേശി വള്ളിക്കാടന് വീട്ടില്‍ സൈനുദ്ദീന്‍ (47) പിടിയിലായത്.
ദേഹപരിശോധനയില്‍ പ്രത്യേകം തയാറാക്കിയ ബനിയനിയിലെ അറകളില്‍ നിന്നായി 14,45,000 രൂപയാണ് കണ്ടെടുത്തത്. ചെമ്മാട് സ്വദേശി റഷീദാണ് പണം വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതെന്ന് ഇയാള്‍ പൊലിസിനോട് വെളിപ്പെടുത്തി. ഇത്തരത്തില്‍ സ്ഥിരമായി പാലക്കാട്ടേക്ക് പണം വിതരണം ചെയ്യാന്‍ പോകുന്നയാളാണ് സൈനുദ്ദീനെന്നും ചോദ്യം ചെയ്യലില്‍ പൊലിസിന് മനസിലായി. കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് എസ്.ഐ മഞ്ജിത് ലാല്‍ അറിയിച്ചു. സി.പി.ഒ കൃഷ്ണകുമാര്‍, ഉദ്യോഗസ്ഥരായ വിപിന്‍, ചന്ദ്രന്, അനീഷ്, ജോസഫ് എന്നിവര്‍ തെരച്ചിലിനും അറസ്റ്റിനും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."