രേഖകളില്ലാതെ വായ്പ അനുവദിച്ച സഹകരണ സംഘം സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: രേഖകളില്ലാതെ വായ്പ അനുവദിച്ച ഇടുക്കി ജില്ലാ പൊലിസ് സഹകരണ സംഘം സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു. മതിയായ രേഖകളില്ലാതെയും ഭരണ സമിതിയുടെ അംഗീകാരം വാങ്ങാതെയും സ്വന്തം നിലയില്‍ ലക്ഷക്കണക്കിനു രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതായാണ് കണ്ടെത്തല്‍. കുഞ്ചിത്തണ്ണി സ്വദേശി എം.ശശിയെയാണു സസ്‌പെന്റ് ചെയ്തത്.
രേഖകളില്ലാതെ ഏഴു ലക്ഷം രൂപയുടെ വായ്പ്പയാണ് സെക്രട്ടറി അനുവദിച്ചതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വായ്പയ്ക്കുള്ള അപേക്ഷകളില്‍ തിരിമറി നടത്തി മരിച്ചു പോയ പൊലിസുകാരന്റെ പേരുവരെ ഉള്‍പ്പെടുത്തിയതായും തെളിഞ്ഞു. സൊസൈറ്റിയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയെക്കുറിച്ചും അന്വേഷണം തുടങ്ങി. ഇന്റലിജന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പൊലിസിലെ ഇടതുപക്ഷ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ നടന്ന തിരിമറി പുറത്തറിയിക്കരുതെന്നാണു ജീവനക്കാര്‍ക്കു ലഭിച്ച കര്‍ശന നിര്‍ദേശം.
അനധികൃതമായി അനുവദിച്ച വായ്പ തുകയായ ഏഴുലക്ഷം രൂപ തിരിച്ചടപ്പിച്ച ശേഷമാണു ശശിക്കെതിരെ ഭരണസമിതി നടപടിയെടുത്തത്. ശശിയെ സസ്‌പെന്‍ഡു ചെയ്ത വിവരം മൂടി വച്ചിരുന്നു.
22ന് നടന്ന പൊതുയോഗത്തിലായിരുന്നു ഇക്കാര്യം സൊസൈറ്റി അംഗങ്ങളെ അറിയിച്ചത്. തുടര്‍ അന്വേഷണത്തിനായി സബ് കമ്മിറ്റിയെയും ഭരണസമിതി നിയോഗിച്ചു. കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അന്വേഷണം സഹകരണ വകുപ്പ് വിജിലന്‍സിനു കൈമാറാനാണു ഭരണസമിതിയുടെ തീരുമാനം.
1500 ല്‍പ്പരം അംഗങ്ങളുള്ള സൊസൈറ്റിയില്‍ പൊലിസുകാര്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതിനു പുറമെ നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്. വ്യവസ്ഥകള്‍ക്കു വിധേയമായി 20 ലക്ഷം രൂപ വരെ വായ്പയാണു സൊസൈറ്റിയില്‍ നിന്ന് അനുവദിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലേക്കു ഡപ്യൂട്ടേഷനില്‍ പോയ പൊലിസുകാരന്റെ പേരിലാണു സെക്രട്ടറി ശശി ഏഴു ലക്ഷം രൂപയുടെ വായ്പ അനുവദിച്ചത്.
ഓര്‍ഡിനറി ലോണ്‍ ഇനത്തില്‍ അഞ്ചു ലക്ഷം രൂപ, എമര്‍ജന്‍സി വായ്പ ഇനത്തില്‍ ഒരു ലക്ഷം, കംപ്യൂട്ടര്‍ ലോണ്‍ ഇനത്തില്‍ 40000 രൂപ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വായ്പകളാണു ഭരണസമിതിയുടെ അംഗീകാരം വാങ്ങാതെ ശശി അനുവദിച്ചത്.
വായ്പയെടുക്കുമ്പോള്‍ അപേക്ഷകനില്‍ നിന്നു നിര്‍ബന്ധമായും വാങ്ങേണ്ട ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസില്‍ നിന്നുള്ള ശമ്പള സര്‍ട്ടിഫിക്കറ്റും ശശി സ്വീകരിച്ചില്ലെന്നും കണ്ടെത്തി.
ഇതു കൂടാതെ, 2009 ല്‍ സൊസൈറ്റിയില്‍ നിന്നു നാലു പേര്‍ വായ്പയ്ക്കായി നല്‍കിയ അപേക്ഷകളിലൊന്നില്‍, മരിച്ചു പോയ പൊലിസുകാരന്റെ പേര് ചേര്‍ത്ത് അപേക്ഷ തിരുത്തി വായ്പ അനുവദിച്ചുവെന്നും തെളിഞ്ഞു.
സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് നല്‍കിയ വായ്പയിലാണു പേരില്‍ കൃത്രിമം കാട്ടിയത്. സഹകരണ വകുപ്പിലെ ഇടതുപക്ഷ ജീവനക്കാരുടെ സംഘടനയുടെ ജില്ലാ ഭാരവാഹി കൂടിയാണു ശശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."