വട്ടവടയില്‍ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് തുടങ്ങി
മൂന്നാര്‍: വട്ടവടയില്‍ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് തുടങ്ങി. വരള്‍ച്ച കൃഷിയെ ബാധിച്ചെങ്കിലും ഇത്തവണ തരക്കേടില്ലാത്ത വിളവും വിലയുമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
എന്നാല്‍ കൃഷിമന്ത്രിയുടെ ചില വാഗ്ദാനങ്ങള്‍ നടപ്പാവാത്തത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിന് തടസമാവുന്നുണ്ട്. ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ബീന്‍സ്, വെളുത്തുള്ളി എന്നിവയാണിപ്പോള്‍ വിളവെടുക്കുന്നത്.
ദിവസേന ശരാശരി 60 ടണ്‍ പച്ചക്കറികള്‍ ഇപ്പോള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നതില്‍ ഹോര്‍ട്ടികോര്‍പ്പിന് ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തതുമൂലം30 ശതമാനം ഇപ്പോഴും ഇടനിലക്കാര്‍ വഴി തമിഴ്‌നാട്ടിലേക്ക് തന്നെയാണ് പോവുന്നത്.
ഹോര്‍ട്ടികോര്‍പ് ദിവസേന പത്ത് ടണ്‍ വീതം പച്ചക്കറികള്‍ ഇവിടെ നിന്നും എടുക്കുന്നുണ്ട്. എന്നാല്‍ ഇടനിലക്കാര്‍ വഴി പോവുന്നതാവട്ടെ 50 ടണ്ണും. ഹോര്‍ട്ടികോര്‍പ് നല്‍കുന്ന വിലയില്‍ നിന്നും രണ്ട് രൂപ വരെ കുറച്ചാണ് ഇടനിലക്കാര്‍ കര്‍ഷകരില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും തുക ലഭിക്കാനുള്ള കാലതാമസം മൂലം വില കുറച്ചാണെങ്കിലും ഇടനിലക്കാര്‍ക്ക് നല്കാന്‍ തന്നെയാണ് കര്‍ഷകര്‍ക്ക് താല്‍പര്യം.
ഹോര്‍ട്ടികോര്‍പ് ഒരു മാസമായി ശേഖരിച്ച പച്ചക്കറികളുടെ വില ഇതുവരെ കൊടുത്തു തീര്‍ത്തിട്ടില്ല. കൃഷിമന്ത്രിയുടെ കഴിഞ്ഞ മാസത്തെ സന്ദര്‍ശനത്തിനു ശേഷം കര്‍ഷകര്‍ നല്‍കുന്ന പച്ചക്കറികളുടെ വില ഹോര്‍ട്ടികോര്‍പ് അതാത് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുന്നത്.
ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 21 രൂപ, കാരറ്റിന് 30, കാബേജിന് 7, ബീന്‍സിന് 28 വെളുത്തുള്ളിക്ക് 130 എന്നിങ്ങനെയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. നിലവിലെ വിളവെടുപ്പ് ഒക്ടോബര്‍ വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."