നിലവാരമില്ലാത്ത ഉച്ചഭക്ഷണം: രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചു
ഗൂഡല്ലൂര്‍: വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണ നിലവാരമുള്ളതാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചു.
ഓവാലി പഞ്ചായത്തിലെ ഭാരതി നഗറില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് യൂനിയന്‍ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പോഷക ആഹാര പദ്ധതി പ്രകാരം ഉച്ചഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉച്ചഭക്ഷണത്തില്‍ വണ്ടുകളെ കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധ സമരം നടത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അധികൃതര്‍ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സമരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
എന്നാല്‍ വീണ്ടും അധികാരികള്‍ നല്‍കിയ ഉറപ്പിന് വിപരീതമായി ഭക്ഷണത്തില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് അധ്യാപക രക്ഷകര്‍തൃ പ്രസിഡന്റ് പ്രകാശിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ സ്‌കൂളിന് മുമ്പില്‍ ഉപരോധസമരം നടത്തി.
സംഭവമറിഞ്ഞ് തഹസില്‍ദാര്‍ മഹേന്ദ്രന്‍, ന്യൂ ഹോപ്പ് സ്റ്റേഷന്‍ എസ്.ഐ രാജാ മണി സ്ഥലത്തെത്തി രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പാചക മുറിയും, അരി, പരിപ്പ് തുടങ്ങിയ സാധനങ്ങള്‍ പരിശോധന നടത്തിയ ശേഷം ഭക്ഷണ വിതരണത്തില്‍ അപാകതകള്‍ ഉണ്ടെന്ന വിവരം കിട്ടിയാല്‍ പാചക ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ഉറപ്പിന്മേല്‍ രക്ഷിതാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."