ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചു
വാഷിങ്ടണ്‍: പ്രസിഡന്റ് ട്രംപ് ഓഫിസില്‍ തെറ്റായ നടപടി സ്വീകരിച്ചതിന് തെളിവുണ്ടെന്നും ഇംപീച്ച്‌മെന്റ് അന്വേഷണം തടസപ്പെടുത്തുന്നത് വലിയ കുറ്റമാണെന്നും അന്തിമ ഇംപീച്ച്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
300 പേജുള്ള റിപ്പോര്‍ട്ടില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരേ കേസെടുക്കാന്‍ ഉക്രൈനു മേല്‍ സമ്മര്‍ദം ചെലുത്തിയത് യു.എസിന്റെ രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് കുറ്റപ്പെടുത്തുന്നു.
പ്രസിഡന്റ് രാജ്യതാല്‍പര്യത്തെക്കാള്‍ സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കിയത്. ഇംപീച്ച്‌മെന്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാതെയും സാക്ഷികള്‍ ഹാജരാകുന്നത് തടഞ്ഞും അവരെ ഭീഷണിപ്പെടുത്തിയും തടസങ്ങളുണ്ടാക്കിയത് വലിയ കുറ്റം തന്നെയാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം റിപ്പോര്‍ട്ട് തള്ളിയ വൈറ്റ്ഹൗസ് വക്താവ് സ്‌റ്റെഫാനി ഗ്രിഷം പ്രസിഡന്റ് ട്രംപ് എന്തെങ്കിലും തെറ്റായി ചെയ്തതിന് ചെയര്‍മാന്‍ സ്‌കിഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു തെളിവുമില്ലെന്ന് വ്യക്തമാക്കി.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇംപീച്ച്‌മെന്റ് ആവശ്യം പ്രതിനിധിസഭ പാസാക്കിയാല്‍ ട്രംപിനെ സെനറ്റ് വിചാരണചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."