'കേരളാ മോഡല്‍ വികസനം' സാധ്യമായത് പൊതുവിദ്യാഭ്യാസത്തിലൂടെ: മന്ത്രി ബാലന്‍
പാലക്കാട്: രാജ്യത്തിനു തന്നെ മാതൃകയായുള്ള കേരളാ മോഡല്‍ വികസനം സാധ്യമായത് പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം സ്വീകരിച്ച നിലപാടുകളിലൂടെയാണെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കുത്തനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്-അധ്യാപകര്‍-പി.ടി.എ ചേര്‍ന്ന് നിര്‍മിച്ച ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ കൈവരിക്കാനായത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതു വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോക്ക് കുറയ്ക്കാനായി. കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെത്തിയത്. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ, തസ്തിക നഷ്ടപ്പെട്ട നാലായിരം അധ്യാപകര്‍ക്ക് പുനര്‍നിയമനം, പാഠപുസ്തക വിതരണം കുറ്റമറ്റതും വേഗത്തിലുമാക്കി, പ്ലസ്ടുവിന് 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു, കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ ധനസഹായം എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ ഈ രംഗത്ത് സ്വീകരിക്കുന്ന ജാഗ്രതക്ക് തെളിവുകളാണ്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത ഒരു സ്‌കൂളിന് പത്ത് കോടി നല്‍കി ലോകോത്തര നിലവാരത്തിലാക്കും. സംസ്ഥാനതലത്തില്‍ 4500 പഠനമുറികളാണ് ഹൈടെക് ആക്കി ഉയര്‍ത്തുക. തോലന്നൂര്‍ ഹൈസ്‌കൂളില്‍ അടുത്ത വര്‍ഷം കോളജ് ആരംഭിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസ വികസനത്തിന് മാനേജ്‌മെന്റ് ചെലവഴിക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കും. ഇത്തരത്തില്‍ ഒരു കോടി രൂപവരെ നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.
കുത്തനൂര്‍ ഹൈസ്‌കൂളില്‍ ഏഴ് ക്ലാസ് മുറികളാണ് ആദ്യഘട്ടത്തില്‍ ഹൈടെക് ആക്കിയത്. പരിപാടിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാമുരളീധരന്‍ അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഉമ്മര്‍ ഫാറൂഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബോബി ജോണ്‍, പ്രധാനാധ്യാപകന്‍ എ. ശശിധരന്‍, മാനേജര്‍ കെ. ഗോപകുമാര്‍ പണിക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."