മുരിങ്ങയ്ക്ക കിലോ 499*
കോട്ടയം: ജീവിതതാളം തെറ്റിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. സവാളയുടെയും ചെറിയ ഉള്ളിയുടെയും വില 170 വരെ എത്തിയപ്പോള്‍ മുരിങ്ങയ്ക്ക് വില 499 ല്‍ എത്തി. അരി വിലയും വിപണിയില്‍ കുതിച്ചുയരുകയാണ്. മട്ട അരി ഉള്‍പ്പെടെ എല്ലായിനം അരികളുടെയും വില 50 കടന്നു.
വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോ ഷോപ്പുകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. നഗര ഗ്രാമീണ മേഖലകളിലെ നിശ്ചിത വരുമാനക്കാരെയാണ് വിലക്കയറ്റം സാരമായി ബാധിച്ചത്.
മൊത്തവിതരണക്കാരില്നിന്നും വാങ്ങുന്ന വിലയേക്കാള്‍ 50 പൈസ മാത്രം വിലകൂട്ടി വില്‍പ്പന നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം കൂടി വന്നതോടെയാണ് സവാളയും ചെറിയ ഉള്ളിയും എടുക്കുന്നതില്‍ നിന്നും കച്ചവടക്കാര്‍ പിന്മാറിത്തുടങ്ങിയത്.
വെളിച്ചെണ്ണ വില മൊത്തവിപണിയില്‍ ഉയര്‍ന്നിട്ടില്ലെങ്കിലും ചില്ലറ വില്പന 200 രൂപയാണ്. മൊത്തവിപണിയില്‍ കിലോയ്ക്ക് 170 രൂപയാണ് വില.
പൊതുജനത്തിന് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്കിയ വകയില്‍ സര്‍ക്കാര്‍ 150 കോടി സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് 150 കോടി സര്‍ക്കാര്‍ നല്‍കാത്തത്. ഇതോടെ സബ്സിഡി സാധനങ്ങള്‍ എത്തിച്ച് വിപണയിലെ വിലക്കയറ്റത്തെ നേരിടാന്‍ സപ്ലൈകോയും തയാറായിട്ടില്ല. സര്‍ക്കാര്‍തലത്തിലും വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."