ബുലന്ദ്ഷഹര്‍: 'സുബോധ് കുമാർ മുസ്‌ലിംകള്‍ക്കൊപ്പം കൂടി, ഹിന്ദുക്കളെ വേദനിപ്പിച്ചു'- ഒളിവിലുള്ള ബി.ജെ.പി നേതാവ് വീഡിയോയില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഒളിവിലുള്ള രണ്ടാം പ്രതിയായ ബി.ജെ.പി നേതാവും വീഡിയോയുമായി രംഗത്ത്. നേരത്തെ, ഒന്നാം പ്രതി യോഗേഷ് രാജും ഒളിവ്സ്ഥലത്തു നിന്ന് വീഡിയോ പുറത്തുവിട്ടിരുന്നു.
ബി.ജെ.പി യുവസംഘടനയായ യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍വാളാണ് വ്യാഴാഴ്ച രാവിലെ പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.
സുബോധ് കുമാര്‍ സിങ് അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തിന് ഹിന്ദുക്കളെ വേദനിപ്പിക്കണമെന്നുണ്ടായിരുന്നുവെന്നുമാണ് വീഡിയോയിലൂടെ പറയുന്നത്. സംഭവസ്ഥലത്തു വച്ച് തന്നെ വെടിവച്ചിടാന്‍ സുബോധ് കുമാര്‍ നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗേഷ്, ശിഖാര്‍ അടക്കം 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. തനിക്ക് അക്രമത്തില്‍ പങ്കില്ലെന്നും പുറത്ത് എല്ലാം നടക്കുമ്പോള്‍ താന്‍ പൊലിസ് സ്റ്റേഷന് ഉള്ളിലായിരുന്നുവെന്നും ശിഖാര്‍ പറഞ്ഞു.
''അദ്ദേഹം മുസ് ലിംകളോടൊപ്പം ചേര്‍ന്നു. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തണമായിരുന്നു അദ്ദേഹത്തിന്. പശുവിന്റെ അവശിഷ്ടങ്ങള്‍ പാടത്ത് അടക്കിയില്ലെങ്കില്‍ തന്നെ വെടിവയ്ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി''- വീഡിയോയിലൂടെ ശിഖാര്‍ പറയുന്നു.
പൊലിസിനെ വെടിവച്ചു കൊന്നതിലും വലിയ കാര്യമായിട്ടാണ് ഉത്തര്‍പ്രദേശ് പൊലിസ് ഗോവധക്കേസ് അന്വേഷിക്കുന്നത്. ഒന്നാം പ്രതി യോഗേഷിന്റെ പരാതിപ്രകാരം ഗോവധത്തിന് കേസെടുക്കുകയും ഏഴു മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതില്‍ 11 ഉം 12 ഉം പ്രായമുള്ള കുട്ടികളുമുണ്ട്.
ഇവരാണ് പശുവിന്റെ കൊന്ന് അവശിഷ്ടങ്ങള്‍ കെട്ടിത്തൂക്കിയതെന്നാണ് പരാതിയില്‍ പറഞ്ഞത്. എന്നാല്‍ പശുവിനെ കെട്ടിത്തൂക്കി കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."