വിനായകന്റെ മരണം സി.ബി.ഐ അന്വേഷിക്കണം: പി.കെ ഫിറോസ്
വാടാനപ്പള്ളി : പാവറട്ടി പൊലിസ് സ്റ്റേഷനിലെ മൂന്നാംമുറ പ്രയോഗത്തെ തുടര്‍ന്ന് വിനായക് എന്ന ദളിത് യുവാവ് മരണപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. വിനായകന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് കുറ്റക്കാരായ കേസില്‍ പൊലിസ് തന്നെ അന്വേഷണം നടത്തുന്നത് തൃപ്തികരമല്ല. അതുകൊണ്ടാണ് ബാഹ്യ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്.
വിനായകന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണം. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക സഹായം അനുവദിക്കുന്ന സര്‍ക്കാര്‍, പൊലിസ് പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞ വിനായകന്റെ കുടുംബത്തിന് ഇത് വരെയും നഷ്ടപരിഹാരം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. നീതിക്ക് വേണ്ടി നിയമ പോരാട്ടത്തിന് തയ്യാറായ വിനായകന്റെ കുടുംബത്തിന് യൂത്ത് ലീഗ് നിയമ സഹായം നല്‍കുമെന്നും ഫിറോസ് തുടര്‍ന്നു. നിയമപാലകര്‍ ആകേണ്ട പൊലിസ് ഇപ്പോള്‍ കാലന്റെ പണിയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയെന്നതാണ് പിന്നോക്ക വിഭാഗത്തില്‍പെട്ട ഒരു യുവാവിനെ ക്രൂരമായി പീഡിപ്പിക്കാന്‍ പൊലിസ് കണ്ടെത്തിയ കുറ്റം. കേരളത്തിലെ ഏറ്റവും വലിയ സദാചാര പൊലിസ് കേരള പൊലിസ് ആണ്. ജനമൈത്രി പൊലിസ് എന്നത് കൊണ്ട് എന്താണിവര്‍ അര്‍ഥമാക്കുന്നത് എന്ന വിനായകന്റെ അമ്മയുടെ ചോദ്യം പ്രസക്തമാണ്. ഒന്നുകില്‍ ജനമൈത്രി ബോര്‍ഡുകള്‍ പൊലിസ് സ്റ്റേഷനുകളില്‍ നിന്നും എടുത്തു മാറ്റണം. അല്ലെങ്കില്‍ അതിന്റെ അര്‍ഥമെന്താണെന്നു പൊലിസിനെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സി.ബി.ഐ അന്വേഷണവും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."