വിഴിഞ്ഞം തുറമുഖ നിര്‍മാണം : വേഗത കൂടാന്‍ സമയമെടുക്കും
കോവളം : ശക്തമായ കടല്‍ക്ഷേഭത്തെ തുടര്‍ന്ന് മന്ദഗതിയിലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗതകൂടാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍.
കൂടുതല്‍ സാങ്കേതിക വിദഗ്ദരും ആധുനിക യന്ത്രോപകരണങ്ങളും എത്താന്‍ എടുക്കുന്ന കാല താമസമാണ് കാരണം. ഓണം കഴിയുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം കൂടുമെന്നപ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.
ബര്‍ത്തിനാവശ്യമായ മണല്‍ തിട്ട ഒരുക്കാനുള്ള രണ്ട് ഡ്രഡ്ജറുകള്‍ ശക്തമായ കടലടിയും വിഴിഞ്ഞത്തെ മത്സ്യബന്ധന സീസണും കാരണം കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. ഇത് തിരിച്ചെത്തുന്നതോടെ ബാക്കിയുള്ള മണല്‍ തിട്ട ഒരുക്കലും ദ്രുത ഗതിയിലാവും.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ മുലം നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തികരണത്തിനും കാലതാമസമുണ്ടാക്കും എന്ന് ആശങ്കയും ഉണ്ട് .
ആയിരം ദിവസത്തിനുള്ളില്‍ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി വിഴിഞ്ഞം തുറമുഖത്ത് കപ്പലടുപ്പിക്കാനാകുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാകാന്‍ ഇനി അവശേഷിക്കുന്നത് ഏതാണ്ട് നാനൂറ് ദിവസം മാത്രമാണ്. തുടക്കത്തിലെ തടസങ്ങള്‍ മാറി ആരംഭിച്ച പൈലുകളില്‍ കോണ്‍ക്രീറ്റ് നിറക്കുന്ന ജോലിയും കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്.
ഉരുക്ക് ഷീറ്റുകളെ സിലിണ്ടര്‍രൂപത്തിലാക്കി കടലിനടിയില്‍ ഉറപ്പുള്ള പ്രതലത്തില്‍ സ്ഥാപിച്ച് ശേഷം ഇതില്‍ കോണ്‍ക്രീറ്റ് നിറച്ച് ബര്‍ത്തിനെ താങ്ങി നിറുത്തുന്ന തൂണുകളായി രൂപാന്തരപ്പെടുത്തുന്നതാണ് പൈലുകള്‍. ഇതോടൊപ്പം ബര്‍ത്ത് നിര്‍മാണത്തിനാവശ്യമായ യന്ത്ര സാമഗ്രികള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയും പുരോഗമിക്കുന്നു.
പുലിമുട്ട് നിര്‍മാണം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ണ തോതില്‍ എത്താന്‍ ഇനിയും സമയമെടുക്കും. ഇതിനിടയില്‍ ബര്‍ത്ത് നിര്‍മാണത്തിന് ഡ്രജ്‌ചെയ്ത് നിരത്തിയിരുന്ന മണല്‍ത്തട്ടിന്റെ കുറച്ച് ഭാഗവും ഒന്നരകിലോമീറ്ററോളം നിര്‍മിച്ചിരുന്ന പുലിമുട്ടിന്റെ കുറെ ഭാഗവും ആഞ്ഞടിച്ച തിരമാലയുടെ ശക്തിയില്‍ തകര്‍ന്നിരുന്നു. ഇതും നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിച്ചു.
ഇതേ തുടര്‍ന്ന് പുലിമുട്ടിന്റെ ബലത്തിനായി തിരകളുടെ ശക്തി ക്ഷയിപ്പിക്കുന്ന വിധത്തിലുള്ള അക്രോ പോഡുകള്‍ സ്ഥാപിക്കാന്‍ നിര്‍മാണകമ്പനി തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ നിര്‍മാണവും അടുത്തമാസം ആരംഭികുമെന്നാണ് സൂചന.
ഫെബ്രുവരി മുതല്‍ ബര്‍ത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും കാര്യങ്ങളെല്ലാം അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. പൈലിങിന്റെ ഉദ്ഘാടനം പോലും ജൂണിലാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."