നിങ്ങള്‍ ഉള്ളി തിന്നാറുണ്ടോ എന്ന് ആരും ചോദിച്ചില്ല- ധനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍
വയനാട്: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വിവാദ ഉള്ളി പ്രസ്താവനക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. അവര്‍ ഉള്ളി കഴിക്കുന്നുണ്ടോ എന്ന് ആരും ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. വയനാട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' നിര്‍മലാ സീതാരാമന്‍ ഉള്ളി കഴിക്കാറുണ്ടോ എന്ന് ആരും ചോദിച്ചിട്ടില്ല. നിങ്ങള്‍ ധനമന്ത്രിയാണ്. രാജ്യത്തെ തകര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ കുറിച്ചാണ് നിങ്ങളോട് ചോദിച്ചത്. ഏറ്റവും പാവപ്പെട്ട മനുഷ്യനോട് ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഇതിലും വിവേകപൂര്‍ണ്ണമായ ഉത്തരം ലഭിക്കുമായിരുന്നു'- രാഹുല്‍ കുറ്റപ്പെടുത്തി.
സുപ്രിയ സുലെയുടെ ചോദ്യത്തിനായിരുന്നു ധനമന്ത്രിയുടെ പരിഹാസ്യമായ ഉത്തരം. താനും കുടുംബവും അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് ഉള്ളിവില ബാധിക്കില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
'ഞങ്ങള്‍ സാധാരണക്കാരുടെ ശബ്ദത്തില്‍ വിശ്വസിക്കുന്നു. പക്ഷേ മോദി തന്റെ മാത്രം ശബ്ദത്തിലാണ് വിശ്വസിക്കുന്നത്.
നോട്ട് നിരോധനത്തെക്കുറിച്ച് അദ്ദേഹം ഒരു കച്ചവടക്കാരനോട് പോലും ചോദിച്ചിട്ടില്ല, ഒരു കര്‍ഷകനോടും അതേ പറ്റി ചോദിച്ചിട്ടില്ല.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ സാമ്പത്തിക മേഖലയെ അദ്ദേഹം തകര്‍ത്തു. ജി.എസ്.ടി യുടെ കാര്യത്തില്‍ സമാനമായ കാര്യമാണ് അദ്ദേഹം ചെയ്തത്. ഇപ്പോള്‍ നിങ്ങള്‍ നോക്കൂ എന്ത് പരിഹാസ്യമാണ് രാജ്യത്തിന്റെ അവസ്ഥ.' രാഹുല്‍ ഗാന്ധി പറഞ്ഞു.
നിബന്ധനകള്‍ ഏര്‍പ്പെടുത്തി തങ്ങളുടെ പാര്‍ട്ടി ഇന്ത്യക്കാരോട് അനാദരവ് കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആളുകളെ തല്ലിക്കൊല്ലുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അതാണ് ഞങ്ങള്‍ ദേശീയ തലത്തില്‍ പോരാടുന്നത് ' രാഹുല്‍ വ്യകതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."