വിവാദ പ്രസ്താവനയുമായി മന്ത്രി ബാലന്‍
തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി നിയമമന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍. കേരള പൊലിസ് (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചക്കുള്ള മറുപടിയില്‍ ബാലന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഇസ്‌ലാം ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്.
വിഗ്രഹാരാധനയെ പ്രവാചകന്‍ ശക്തമായി വിലക്കിയിട്ടുണ്ട്. പിന്നെ എങ്ങനെ മുസ്‌ലിം ലീഗ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുവെന്നായിരുന്നു ബാലന്റെ ചോദ്യം. ഈമാനുള്ള പാര്‍ട്ടി ഈ രൂപത്തില്‍ അധഃപതിക്കാന്‍ പാടില്ലെന്നും ബാലന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു.
മന്ത്രിയുടെ പ്രസ്താവനക്കെതിരേ വി.ഡി സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിം ലീഗിനെയും കുറിച്ച് മന്ത്രിയുടെ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സതീശന്‍ പറഞ്ഞു. ബഹുദൈവ വിശ്വാസികളുടെ ഒരു കാര്യത്തിലും ഏകദൈവ വിശ്വാസികള്‍ ഇടപെടരുതെന്ന നിലപാട് മതങ്ങളെ വേര്‍തിരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതുമായ പ്രസ്താവനയാണ്. ചട്ടം 307 അനുസരിച്ച് പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് ബഹളം അവസാനിച്ചത്. അതിനിടെ നിയമമന്ത്രി എ.കെ ബാലന്‍ നടത്തിയ തെറ്റായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇസ്‌ലാംമതം എന്നും ബഹുസ്വരത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ആരാധനകളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഇസ്‌ലാംമത വിശ്വാസികളെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനക്കെതിരേ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും രൂക്ഷമായാണ് പ്രതികരിച്ചത്.
ബാലന്‍ പറയുന്നത് ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും രണ്ടുചേരികളിലാണ് നില്‍ക്കേണ്ടത് എന്നാണ്. എങ്കില്‍പ്പിന്നെ ഇ.എം.എസിന് എങ്ങനെ ശരീഅത്തിന്റെ കാര്യത്തില്‍ ഇടപെടാനാകുമായിരുന്നെന്ന് മുനീര്‍ ചോദിച്ചു. സംഘ്പരിവാര്‍ ശക്തികളുടെ ഭാഷയിലാണ് മന്ത്രി സഭയില്‍ സംസാരിച്ചത്. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പുപറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."