പാലാട്ട് എ.യു.പി സ്‌കൂള്‍ വീണ്ടും അക്ഷര വെളിച്ചം വിതറും
കോഴിക്കോട്: അടച്ചുപൂട്ടിയ പാലാട്ട് എ.യു.പി സ്‌കൂള്‍ വീണ്ടും അക്ഷര വെളിച്ചം വിതറും. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചത് ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുകയാണ്. ജില്ലയിലെ തിരുവണ്ണൂരിലെ സ്‌കൂള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഇന്നലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. 1954-ലാണ് പാലാട്ട് സ്‌കൂള്‍ സ്ഥാപിച്ചത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി 16 കുട്ടികളും അഞ്ച് അധ്യാപകരുമായിരുന്നു പൂട്ടുമ്പോള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്. 2008-ല്‍ സ്‌കൂള്‍ സ്വന്തമാക്കിയ നിലവിലെ മാനേജരാണ് വിദ്യാലയം അടച്ചുപൂട്ടാനുള്ള അനുമതി സമ്പാദിച്ചത്. സ്‌കൂള്‍ നിലനിര്‍ത്താനും കൂടുതല്‍ വിപുലീകരിക്കാനും പി.ടി.എയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് മാനേജര്‍ സ്‌കൂള്‍ പൂട്ടാന്‍ അനുമതി വാങ്ങിയത്.
മികച്ച രീതിയില്‍ മുന്നോട്ടു പോയിരുന്ന സ്‌കൂള്‍ ഒരു ഭൂമി ലേലത്തിലൂടെയാണ് ഏറ്റെടുത്തിരുന്നത്. സ്‌കൂള്‍ നല്ല നിലയില്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇദ്ദേഹം സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഏറ്റെടുത്ത് മൂന്നു മാസത്തിനകം ഇദ്ദേഹം സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തകര്‍ന്നു തുടങ്ങിയ സ്‌കൂള്‍ കെട്ടിടം നന്നാക്കാനോ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ ശ്രമമുണ്ടായില്ല. തുടര്‍ന്ന് അധ്യാപകര്‍ തന്നെ പണം സ്വരൂപിച്ചാണ് സ്‌കൂള്‍ കെട്ടിടം നന്നാക്കിയത്.
ഹൈക്കോടതിയില്‍നിന്ന് സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവുണ്ടെന്ന് പറഞ്ഞ് മാനേജര്‍ വീണ്ടും രംഗത്തു വന്നതോടെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹായം മാനേജര്‍ക്ക് ലഭിച്ചതായി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുകയും ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ സ്‌കൂള്‍ പൂട്ടാതിരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവിനെതിരേ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രിംകോടതി തള്ളി.
സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രിംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചത്. തുടര്‍ന്നാണ് പാലാട്ട് സ്‌കൂള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. 48 സെന്റ് ഭൂമിയും കെട്ടിടവും 56.5 ലക്ഷം രൂപക്കാണ് ഏറ്റെടുത്തത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാതെ മാനേജര്‍ കോടതിയെ സമീപിച്ചു. ഇതോടെ പാലാട്ട് സ്‌കൂളിലെ വിദ്യാര്‍ഥികളെ തിരുവണ്ണൂര്‍ സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളുകള്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നെങ്കിലും അതിനെതിരേ മാനേജ്‌മെന്റ് റിട്ട് അപ്പീലുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് റിട്ട് അപ്പീലുകള്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് പുതിയ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."