ഉന്നാവ് കേസിലെ പെണ്‍കുട്ടി, മരിക്കും മുമ്പ് മജിസ്‌ട്രേറ്റിനു മൊഴി നല്‍കി, തീ കൊളുത്തും മുമ്പ് കത്തികൊണ്ടുകുത്തി, മൃഗീയമായി മര്‍ദിച്ചു, കാരണം കേസില്‍ നിന്ന് പിന്‍മാറാത്തത്, ആ ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
ന്യൂ ഡല്‍ഹി: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിനു മുമ്പ് മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കി. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനു മൊഴി ആവര്‍ത്തിച്ചു. കേസില്‍ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം യുവതി ഒരു കിലോമീറ്ററോളം ഓടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
''എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം'' ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ ചുട്ടുകൊന്ന പെണ്‍കുട്ടിയുടെ അവസാന വാക്കുകളാണിത്... സഹോദരനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ ലക്‌നൗവില്‍ നിന്ന് ദില്ലിയിലെത്തിക്കുന്നത്. 90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളമായിരുന്നു.
അതേ സമയം പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ ഒന്‍പതു മണിയോടെ ആരംഭിക്കും. ഇതിനുശേഷം നാട്ടിലേക്കുകൊണ്ടുപോകും.
ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടാകുകയും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ് കുമാര്‍ പറയുന്നത്. യുവതി മരിച്ചതായി രാത്രി 11.40 ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. അച്ഛന്റെ വീട്ടിലെത്തിയ യുവതിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ റായ് ബറേലി കോടതിയില്‍ വിചാരണയ്ക്കായി പോകുമ്പോഴാണ് വ്യാഴാഴ്ച ഇവരെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചത്.
ആദ്യം ഉന്നാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് ലക്‌നൗ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഇവരെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ബേണ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഡോ. ശലഭ് കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡാണ് യുവതിയെ പരിശോധിച്ചത്. കേസില്‍ യുവതിയെ ആക്രമിച്ച അഞ്ച് പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍, ഉമേഷ്, റാം കിഷോര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."