ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബം പൊലിസിന്റെ ഹിറ്റ്ലിസ്റ്റില്, സഹോദരനെ വ്യാജ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു, അമ്മാവന് വധഭീഷണിയുണ്ടായിരുന്നു, എല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; കേള്‍ക്കണം സഹോദരിയുടെ വാക്കുകള്‍
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ തീകൊളുത്തിയിട്ടും വൈരാഗ്യം തീരാത്ത പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് ബന്ധുക്കള്‍ക്ക് വധഭീഷണിയുണ്ടായി. കേസുമായി മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇത് പൊലിസ് കാര്യമായെടുത്തിരുന്നില്ലെന്നാരോപണം. ശുക്ലഗഞ്ചില്‍ വാടകയ്ക്കു താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവന്റെ കട കത്തിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണിപ്പെടുത്തല്‍. പ്രതികളിലൊരാളായ ശിവം എന്നയാളുടെ ബന്ധുവാണ് ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്. എന്നാല്‍ കേസ് ഇത്രയും ശ്രദ്ധിക്കപ്പെട്ടതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന് സുരക്ഷ നല്‍കുമെന്ന് ഉന്നാവ് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം നേരത്തെയും പൊലിസിന്റെ ഹിറ്റ്ലിസ്റ്റിലായിരുന്നു. വ്യാജ കേസില്‍ പ്രതിയാക്കി പെണ്‍കുട്ടിയുടെ സഹോദരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പീഡനക്കേസിലായിരുന്നു അറസ്റ്റ്. എന്നാല്‍ ഇത് വ്യാജ കേസായിരുന്നു എന്നാണ് സഹോദരി വെളിപ്പെടുത്തുന്നത്. അതേ സമയം പെണ്‍കുട്ടിയെ തീ കൊളുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചിരുന്നു. പെണ്‍കുട്ടിയും സഹോദരനും അച്ഛനും പലരുടെയും നോട്ടപ്പുള്ളിയായിരുന്നു. ഇതാണ് തങ്ങളെ ഒറ്റപ്പെടുത്താനും ചവിട്ടിത്താഴ്ത്താനും പലരെയും പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണം. അവര്‍ ആവശ്യപ്പെട്ടിരുന്നു.
പീഡന കേസില്‍ ആദ്യം രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികള്‍ പേരുപറഞ്ഞിട്ടും പൊലിസ് അറസ്റ്റിനു മടിച്ചു. പെണ്‍കുട്ടി വ്യക്തമായ മൊഴി നല്കിയതുകൊണ്ടും കേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടും മാത്രമാണ് ശേഷിച്ച പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
വിവാഹ വാഗ്ദാനം നല്കിയ ആള് കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയതിനാണ് പ്രതികളടക്കം അഞ്ചുപേര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."