ഉത്തര കൊറിയന്‍ ഭീഷണി ചെറുക്കാന്‍ യു.എസ് 'താഡ് ' പരീക്ഷിച്ചു
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധിക്കാന്‍ യു.എസ് വികസിപ്പിച്ചെടുത്ത മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ (താഡ്) പരീക്ഷണ വിഡിയോ അമേരിക്ക പുറത്തുവിട്ടു. താഡ് വിജയകരമായി പരീക്ഷിച്ചതായി യു.എസ് പ്രതിരോധ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ അലസ്ക തീരം വരെയെത്തുന്ന മിസൈല്‍ നേരത്തെ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.
അലസ്ക തീരത്ത് പസഫിക് സമുദ്രത്തിനു മുകളിലാണ് ഞായറാഴ്ച ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയാ ഡിഫന്‍സ് (താഡ്) സംവിധാനം പരീക്ഷിച്ചത്. അമേരിക്കന്‍ മണ്ണില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് പ്രതിരോധ സംവിധാനം അമേരിക്ക പരീക്ഷിച്ചത്. പസഫിക് സമുദ്രത്തിനു മുകളില്‍ അമേരിക്കയുടെ സി-17 യുദ്ധവിമാനം വിക്ഷേപിച്ച മധ്യദൂര ടാര്‍ഗറ്റ് ബാലിസ്റ്റിക് മിസൈലാണ് അലസ്കയിലെ കൊഡിയാക്കില്‍ നിന്നു വിക്ഷേപിച്ച പ്രതിരോധ മിസൈല്‍ കൃത്യമായി കണ്ടെത്തി തകര്‍ത്തത്.
പ്രത്യേക വാഹനത്തില്‍ നിന്ന് മിസൈല്‍വേധ മിസൈല്‍ തൊടുത്തുവിടുന്നതു മുതല്‍ ലക്ഷ്യം കൃത്യമായി തകര്‍ക്കുന്നതുവരെ വിഡിയോയിലുണ്ട്. 15 തവണ നടത്തിയ പരീക്ഷണത്തില്‍ 12 എണ്ണം വിജയമായിരുന്നു.ഉത്തര കൊറിയന്‍ മിസൈലുകളെ ചെറുക്കാനായി അമേരിക്ക ദക്ഷിണ കൊറിയയില്‍ താഡ് വിന്യസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരേ ചൈന പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."