ഇരുട്ടുപരക്കും മുന്‍പ് തിരിഞ്ഞുനോക്കണം
'ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ വകവച്ചു നല്‍കണം. മണ്ണിനോടും മനുഷ്യനോടും വിശ്വാസിക്ക് ബാധ്യതയുണ്ട്. ഒരു വിശ്വാസിയുടെ ജീവിതം സമൂഹത്തിന് മധുരതരമായ അനുഭവമായിരിക്കും. വിശ്വാസി ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതുണ്ട് '- സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (ഡിസംബര്‍- 5, ചാവക്കാട് )
അസം പൗരത്വപ്പട്ടിക രാജ്യമില്ലാത്തവരാക്കിയ 19 ലക്ഷം മനുഷ്യരുടെ വ്യഥകള്‍ നാമോ ലോകമോ ഇനിയും ശ്രദ്ധിച്ചിട്ടില്ല. ഇതില്‍ എട്ടു ലക്ഷത്തോളം പേര്‍ മുസ്‌ലിംകളാണെന്നാണ് കണക്ക്. പുറത്തായ 11 ലക്ഷം ഹിന്ദുക്കളെ പൗരന്‍മാരാക്കാനുള്ള ഉത്തരവാദിത്വം അമിത്ഷായും അസം ധനമന്ത്രി ഹിമന്തബിശ്വ ശര്‍മയും ഏറ്റെടുത്തിട്ടുണ്ട്. പട്ടികയില്‍ കടന്നുകൂടിയ മുസ്‌ലിംകളെ പുറത്താക്കുകയെന്നതും ഈ സംഘത്തിന്റെ പ്രധാന അജന്‍ഡയാണ്.
അസം പൗരത്വപ്പട്ടിക രാജ്യത്തും സംഘ്പരിവാറിലും ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാതിരുന്നിട്ടും രാജ്യമാകെ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്താന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ധൈര്യം കാണിച്ചു.
മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന ബില്ല് കേന്ദ്രമന്ത്രിസഭ രണ്ടാമതും പാസാക്കി രണ്ടാമതും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നു.അസം അടക്കമുള്ള പ്രദേശങ്ങളില്‍ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താകുന്ന ഹിന്ദുക്കള്‍ പൗരത്വഭേദഗതിയിലൂടെ വീണ്ടും പൗരന്‍മാരാകും. പട്ടികക്ക് പുറത്താകുന്ന മുസ്‌ലിംകളെ രാജ്യത്തിന് പുറത്തേക്ക് തള്ളുന്നുവെന്ന് മോദി-ഷാ സഖ്യം ഉറപ്പാക്കും.
കോണ്‍ഗ്രസും ഇടതുസംഘടനകളും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നാമമാത്ര പ്രതിഷേധങ്ങളൊന്നും തന്നെ ഈ അജന്‍ഡയില്‍ പുനര്‍വിചിന്തനം നടത്താന്‍ മോദി-ഷാ സഖ്യത്തെ പ്രേരിപ്പിച്ചിട്ടില്ല.
അസം പൗരത്വപ്പട്ടികയെ കുറിച്ച് കേട്ട മലയാളി മുസ്‌ലിംകള്‍ അതു കേരളത്തിലല്ല എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ദേശീയ പൗരത്വപ്പട്ടികയെന്ന പ്രഖ്യാപനം അമിത്ഷാ നടത്തിയത്.
ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ച് പല കഥകളും കേള്‍ക്കുന്നുണ്ട്. പൗരത്വപ്പട്ടിക സങ്കീര്‍ണമായ അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അതില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മലയാളി മുസ്‌ലിമിന്റെയും ഗതി എന്താണെന്ന് പ്രവചിക്കുക സാധ്യമല്ല.
എന്താണ് പോംവഴി ?
18 കോടി 'മുസ്‌ലിം വോട്ടര്‍മാര്‍' അവരുടെ ജനാധിപത്യ ദൗത്യം നിര്‍വഹിക്കാന്‍ സന്നദ്ധമായാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
സമസ്ത അധ്യക്ഷന്‍ ജിഫ്‌രി തങ്ങളുടെ മേലുദ്ധരിച്ച പ്രസംഗം കേരളീയ മുസ്‌ലിംകള്‍ ചെവിക്കൊണ്ടാല്‍ മാത്രം സമുദായത്തിന് അതിജയിക്കാന്‍ കഴിയും.
'വിശ്വാസിയുടെ രാഷ്ട്രീയ ഉത്തരവാദിത്വം' ഈ സാഹചര്യത്തില്‍ സൂക്ഷ്മതയോടെ നിര്‍വചിക്കേണ്ടി വരും.
ഒരു സമുദായം എന്ന നിലയില്‍ മുസ്‌ലിംകള്‍ ലക്ഷ്യം വയ്ക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരുമിച്ചുനിന്ന് തങ്ങളുടെ വേവലാതികള്‍ സമൂഹത്തോട് പറയാനും ജനാധിപത്യപരമായി അതിന് പരിഹാരം തേടാനും നാം ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.
പൗരന്‍ എന്ന നിലയിലുള്ള പൂര്‍ണ അവകാശവും സംരക്ഷണവും ഉറപ്പാകുന്നതു വരെ ജനാധിപത്യപരമായി സമരമുഖത്ത് നിലയുറപ്പിക്കാന്‍ നാം നിര്‍ബന്ധിതരാകും.
ഭരണകൂടത്തെ ആദ്യം ഉണര്‍ത്തുകയും പിന്നെ പരുഷ ശബ്ദമുയര്‍ത്തുകയും എന്നിട്ടും ഫലമില്ലെങ്കില്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയക്കാര്‍ക്ക് മാത്രം പറഞ്ഞ കാര്യമല്ല.
കേരളത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ ക്രൈസ്തവരും ശബരിമല വിധിക്കെതിരേ ഹൈന്ദവരും തെരുവിലിറങ്ങിയത് നാം കണ്ടു. അതിനേക്കാള്‍ സുപ്രധാനമായ പൗരത്വ ഭേദഗതി ബില്ലില്‍ സമുദായം ഗൗരവപൂര്‍ണമായ ആലോചനകള്‍ നടത്തേണ്ടിവരും.
ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ഇക്കാര്യത്തില്‍ സമുദായം നേര്‍ക്കുനേര്‍ സംവദിക്കേണ്ടി വരും. കേരളം ഭരിക്കുന്ന ഭരണകൂടത്തിേെനാടും അതിന്റെ തലവനായ പിണറായിയോടും ഇടനിലക്കാരെ വയ്ക്കാതെ മുസ്‌ലിം മതസംഘടനാ നേതാക്കള്‍ നേര്‍ക്കുനേര്‍ സംസാരിക്കണം. അവര്‍ ശക്തമായി രംഗത്തിറങ്ങാന്‍ തയാറായില്ലെങ്കില്‍ സമുദായം തന്നെ രംഗത്തിറങ്ങേണ്ടി വരും. സമുദായം രംഗത്തിറങ്ങിയാല്‍ ശരീഅത്ത് വിവാദ കാലത്തേതു പോലെ മതേതര പാര്‍ട്ടികള്‍ക്ക് ഇറങ്ങിവന്ന് ഒപ്പം കൂടേണ്ടി വരും.
കേരളത്തില്‍ 19 യു.പി.എ എം.പിമാരെ വിജയിപ്പിച്ച തെരഞ്ഞെടുപ്പില്‍ ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെ മാത്രം മത്സരിപ്പിച്ചിട്ടും പരിഭവം കാണിക്കാതെ കോണ്‍ഗ്രസിനെ വിജയിപ്പിച്ച മുസ്‌ലിം സമുദായത്തോട് ആ പാര്‍ട്ടി ബാധ്യത നിര്‍വഹിച്ചേ മതിയാകൂ.
ഇക്കാര്യത്തില്‍ സമുദായത്തിന്റെ ആകുലതകള്‍ എന്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും സമുദായ നേതൃത്വത്തിന്റെ അടുത്തുവന്ന് അന്വേഷിക്കേണ്ടതുണ്ട്.
രാഷ്ട്രീയം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമാണെങ്കില്‍ കേരളത്തിലെ 70 ലക്ഷത്തിലധികം വരുന്ന മുസ്‌ലിംകളുടെ ആശങ്കയും ആ രാഷ്ട്രീയം കൊണ്ട് പരിഹരിക്കണം.
മുന്‍കൈ എങ്ങനെ?
ഒരു റോഡിന്റെയോ പാലത്തിന്റെയോ പ്രശ്‌നമാണെങ്കില്‍ മതസംഘടനകള്‍ രംഗത്തിറങ്ങേണ്ട കാര്യമില്ല. മതസംഘടനകള്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെ അനുധാവനം ചെയ്യുന്നു എന്ന ഒറ്റക്കാരണത്താലാണ് സമുദായത്തിലെ അംഗങ്ങള്‍ ഭരണകൂടത്താല്‍ അന്യരാക്കപ്പെടുന്നത്.
അതിനാല്‍ അവര്‍ക്കുവേണ്ടി നിലകൊള്ളാനുള്ള ഒന്നാമത്തെ ബാധ്യത ആ സംഘടനകള്‍ക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ അവര്‍ക്കായി രംഗത്തിറക്കേണ്ടതും ആ മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കേണ്ടതും മതസംഘടനാ നേതൃത്വം തന്നെയാണ്. നീതി ലഭിക്കുന്നതുവരെ ആ ദൗത്യത്തില്‍നിന്ന് പിന്മാറാന്‍ മതനേതൃത്വത്തിന് കഴിയുകയുമില്ല.
ഈ ബോധ്യം പ്രവഹിക്കുന്ന വാക്കുകള്‍ തന്നെയാണ് ജിഫ്‌രി തങ്ങളുടെ പ്രസംഗത്തിലുള്ളത്. നീതിക്കു വേണ്ടി നിരന്തരം സംസാരിക്കുക എന്നത് മാത്രമാണ് ജനാധിപത്യത്തിലെ ഏക ആയുധം.
ഇന്ത്യയിലെ മുസ്‌ലിംകള്‍ പൊതുവായി പലതരത്തിലുള്ള വിഭാഗീയതകള്‍ പേറുന്നവരാണ്. കേരളത്തില്‍ ആശയപരമായ വൈരുധ്യങ്ങള്‍ ഉള്ളപ്പോഴും അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരുമിച്ചുനിന്ന ചരിത്രം സമുദായത്തിനുണ്ട്.
പൗരത്വ ബില്ലില്‍ ഗൗരവമായ പഠനങ്ങളും പ്രചാരണങ്ങളും ആവശ്യമുണ്ട്. വിഷയം സമുദായത്തെ പഠിപ്പിക്കുകയും നീതിക്കു വേണ്ടി സംസാരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും വേണം. സമുദായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ എടുത്ത മുന്‍കൈകള്‍ കാണാതെ പോകരുത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന മോദി-ഷാ സഖ്യത്തെ പിന്തിരിപ്പിക്കാന്‍ ഇതൊന്നും പക്ഷേ മതിയായതല്ല.
അതിനു വലിയ തോതിലുള്ള ജനകീയ മുന്നേറ്റമുണ്ടാകണം. അതിനായി കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള മതേതര പാര്‍ട്ടികള്‍ ആത്മാര്‍ഥമായി രംഗത്തിറങ്ങുന്ന സാഹചര്യം അനിവാര്യമാണ്. കരയുന്ന കുഞ്ഞിന് മാത്രമേ പാലുള്ളൂവെന്ന തത്വമുള്ളതിനാല്‍ സമുദായം കരയുകയും സമുദായാംഗങ്ങളെ കരയിക്കുകയും ചെയ്യേണ്ടി വരും.
അടിയന്തരമായി എന്തു ചെയ്യണം?
പൗരത്വ ബില്ലിന്റെ കാര്യത്തിലെങ്കിലും ഒറ്റശബ്ദം കേള്‍പ്പിക്കാന്‍ സമുദായത്തിന് കഴിയണം. സമുദായത്തെ ഒരു കുടക്കീഴില്‍ അണിനിരത്തി ഭരണകൂടത്തോട് ഉച്ചത്തില്‍ വിഷയമുന്നയിക്കാനുള്ള ഒരു അവസരമെങ്കിലും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്.
സമുദായത്തിന് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയക്കാരുടെയും പാര്‍ട്ടികളുടെയും പിന്തുണയോടെ തന്നെയാണ് ഇതു നടക്കേണ്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ ആദ്യം സംസാരിക്കേണ്ടത് സമുദായ നേതൃത്വം തന്നെയാണ്. അതിനെ രാഷ്ട്രീയമായി, തുടര്‍ച്ചയായി ഉന്നയിക്കാനുള്ള ദൗത്യം സമുദായ രാഷ്ട്രീയ പാര്‍ട്ടി ഏറ്റെടുക്കണം. മതേതര പാര്‍ട്ടികളുടെ അജന്‍ഡയില്‍ ഈ വിഷയം സജീവമാക്കി നിലനിര്‍ത്താനുള്ള ഉത്തരവാദിത്വവും അവര്‍ക്കുണ്ട്.
എന്നാല്‍ സമുദായത്തിലെ രാഷ്ട്രീയമുള്ളവനും ഇല്ലാത്തവനും ഈ വിഷയത്തിന്റെ പ്രാധാന്യം പങ്കിടേണ്ടതുണ്ട്. ഇതിനായി സമുദായത്തിലെ സംഘടനാ നേതാക്കള്‍ക്കിടയില്‍ കൂടിയാലോചനയും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. അതിനുവേണ്ട മുന്‍കൈകകള്‍ ഓരോ മതസംഘടനകളും സ്വമേധയാ തന്നെ എടുക്കുകയും വേണം.
കാത്തിരിക്കാന്‍ സമയമില്ല
മുസ്‌ലിംകളെ ആരെങ്കിലും തനിയേ ഇറങ്ങിവന്ന് സംരക്ഷിക്കുമെന്ന് വെറുതേ കരുതുകയാണ്. പ്രതിഷേധിക്കുമെന്ന് ഉറപ്പുള്ള മതേതര പാര്‍ട്ടി നേതാക്കളെയെല്ലാം പലതരം ഭീഷണികള്‍കൊണ്ട് വായടപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. വലിയ വോട്ടുകള്‍ കൈമുതലായുള്ള സമുദായം അവരുടെ ആവശ്യം രാഷ്ട്രീയമായി ഉന്നയിക്കുമ്പോള്‍ മതേതര പാര്‍ട്ടികള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. മതേതര പാര്‍ട്ടികള്‍ ദൗത്യം നിര്‍വഹിക്കാന്‍ സമുദായം അതിന്റെ ചുമതല ആദ്യം തീര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."