പള്ളി ഖത്വീബിനെതിരേ വധശ്രമം: കാന്തപുരം വിഭാഗം പ്രതികരിക്കണം
കോഴിക്കോട്: മുടിക്കോട് പള്ളിയില്‍ മഗ്‌രിബ് നിസ്‌കാരാനന്തരം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ഖത്വീബ് ബശീര്‍ ദാരിമിയെ പള്ളി മിഹ്‌റാബില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അത്യന്തം ഹീനമായ കാന്തപുരം വിഭാഗത്തിന്റെ നടപടിയെക്കുറിച്ച് കാന്തപുരം നേതാക്കള്‍ പ്രതികരിക്കണമെന്ന് സുന്നിയുവജന സംഘം ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബകര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മഗ്‌രിബ് നിസ്‌കാരത്തിന് പള്ളിയിലെത്തിയ നിരവധി ആളുകള്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. ദാരിമിയുടെ ശരീരത്തില്‍ മാത്രം എട്ട് സ്ഥലത്ത് വെട്ടിപ്പരുക്കേല്‍പിച്ചിട്ടുണ്ട്. കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടഞ്ഞതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. പരുക്കേറ്റ ഇബ്‌റാഹീം എന്ന പ്രവര്‍ത്തകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലാണ്. ഇത്ര നീചമായ പ്രവര്‍ത്തനം സുന്നികളെന്ന് അവകാശപ്പെടുന്ന കാന്തപുരം വിഭാഗത്തിന് എങ്ങനെ ചെയ്യാന്‍ സാധിച്ചുവെന്ന് അവര്‍ വ്യക്തമാക്കണം. അണികളെ കയറൂരിവിട്ട് നല്ല നിലയില്‍ നടന്നു വരുന്ന മഹല്ല് സംവിധാനങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന പ്രവണതകളില്‍ നിന്ന് കാന്തപുരം വിഭാഗം പിന്തിരിയണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നേതാക്കള്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."