ഹോണ്‍ബില്‍ ഉത്സവങ്ങളുടെ ഉത്സവം
ഡിസംബറിന്റെ ഒട്ടും മൃദുവല്ലാത്ത കുളിര് ശരീരത്തിലേക്ക് അരിച്ചരിച്ച് കയറുന്നത് തടയാന്‍ എല്ലാവരും കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെങ്കിലും പറന്നെത്തുന്ന കോടക്കാറ്റിനൊപ്പം ശരീരത്തിന്റെ താളം തെറ്റാതിരിക്കാന്‍ സഞ്ചാരികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തവണ നാഗാലാന്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ കാണാനെത്തിയവര്‍ക്ക് മുന്‍പൊന്നും അനുഭവിക്കാത്ത രീതിയിലുള്ള കുളിരാണ് കോഹിമയിലെ മലനിരകള്‍ സമ്മാനിച്ചത്. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നു മുതല്‍ 10 വരെ സര്‍ക്കാരിന്റെ പൂര്‍ണ്ണനിയന്ത്രണത്തില്‍ നാഗാലാന്റിലെ കിസാമ ഗ്രാമത്തിനടുത്ത മലഞ്ചെരുവില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ വലിയ സ്റ്റേജില്‍ ആയിരക്കണക്കിന് ആളുകളാണ് ഉത്സവങ്ങളുടെ ഉത്സവമായി 'ഹോണ്‍ബില്‍ ഫെസ്റ്റിവല്‍' കാണാന്‍ എത്തുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ പേര്‍ ഇവിടുത്തെ ഉത്സവം കാണാന്‍ എത്തുന്നതുകൊണ്ട് സര്‍ക്കാര്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഉത്സവം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ചിന്തയിലേക്ക് കടന്നുവരുന്ന ആനയും അമ്പാരിയും ഗാനമേളയും ഒരു അങ്ങാടി പ്രദക്ഷിണവുമൊക്കെയായി അമിട്ടുകള്‍ പൊട്ടിക്കുന്ന ഉത്സവക്കാഴ്ചയല്ല നാഗാലാന്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഇവിടുത്തെ ഗോത്ര വിഭാഗക്കാരുടെ തനതായ കലാവിഷ്‌കാരങ്ങള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് ആടിയും പാടിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുകയാണിവിടെ.
കിസാമ ഹെറിറ്റേജ് വില്ലേജ്
നാഗാലാന്റിലെ ഏറ്റവും ചെറിയ പട്ടണമാണ് കോഹിമ. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന 'ഹോണ്‍ബില്‍' കാണാന്‍ എത്തുന്നവരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയൊന്നും ഇല്ലാത്ത ചെറിയ പട്ടണം. ഇവിടെ നിന്ന് 12 കിലോമീറ്റര്‍ ദൂരത്തത്താണ് കിസാമ. കിട്വാ, പെസാമ വില്ലേജുകളുടെ പേരുകള്‍ ചേര്‍ത്താണ് കിസാമ ഹെറിറ്റേജ് വില്ലേജ് രൂപപ്പെടുത്തിയിരിക്കുന്നത്. കഠിനമായ തണുപ്പിലെ മഞ്ഞില്‍ കുതിര്‍ന്നുകിടക്കുന്ന റോഡില്‍ ഡിസംബറിലെ പത്തുദിവസം വലിയ തിരക്കുതന്നെയായിരിക്കും. അല്ലാത്ത സമയങ്ങളില്‍ ഈ വഴി ആരും കടന്നുവരാറില്ല. ഇത്തവണയും ഈ വഴിയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് കിസാമക്കും കോഹിമക്കും ഇടയില്‍ ഓടിക്കൊണ്ടിരിക്കുന്നത്. കിസാമ ഹെറിറ്റേജ് വില്ലേജിന്റെ കവാടം വരെ മാത്രമെ വാഹനങ്ങള്‍ക്ക് പോകാന്‍ അനുമതിയുള്ളൂ. അവിടെ നിന്ന് കുത്തനെയുള്ള റോഡിലൂടെ കയറിച്ചെന്നാല്‍ വിശാലമായ ഹെറിറ്റേജ് വില്ലേജിലെത്താം. ഉദ്ഘാടന ദിവസം ആയതുകൊണ്ടുതന്നെയാവണം ഇരിപ്പിടങ്ങളൊക്കെ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി ഇവിടെ പ്രത്യേക ഇരിപ്പിടം തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് എല്ലാ വര്‍ഷവും എത്താറുള്ളൂ. എന്തുകൊണ്ടാണ് ഇത്രയധികം വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ ജനങ്ങളിലെത്തിക്കാന്‍ ദൃശ്യമാധ്യമങങള്‍ ഉള്‍പ്പടെയുള്ളവര്‍ എത്താത്തത് എന്ന് ചിലര്‍ പലപ്പോഴായി ചോദിക്കാറുണ്ട്.
ഗോത്ര വര്‍ഗ്ഗക്കാരുടെ ദിനങ്ങള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയും കൂടിയാണീ ഉത്സവം. മണിപ്പൂരിലെ സാംഗായ് ഫെസ്റ്റിവല്‍ കഴിഞ്ഞാല്‍ ഇത്രയധികം ഒരു സംസ്‌കാരത്തിന്റെ തനതായ സൃഷ്ടികള്‍ കാഴ്ചവയ്ക്കുന്ന മറ്റൊരു ഉത്സവവും രാജ്യത്തില്ല. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തതാണ് ഹോണ്‍ബില്‍ ഫെസ്റ്റിവലിന് പറയാനുള്ളത്. അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മ്യാന്‍മാര്‍ എന്നിവയുമായി അതിര് പങ്കുവയ്ക്കുന്ന നാഗാലാന്റ്, ഗോത്രവര്‍ഗത്തില്‍പ്പെട്ടവരുടെ മാത്രം ഭൂമിയാണ്. നൂറു ശതമാനവും ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ അധിവസിക്കുന്നതുകൊണ്ടുതന്നെ അവരുടെ തനതായ സംസ്‌കാരങ്ങളുടെ ആവിഷ്‌ക്കാരമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ ഓരോ വര്‍ഷവും അരങ്ങേറുന്നത്. നാഗാലാന്റിലെ 16 വിഭാഗത്തില്‍പ്പെട്ട ഗോത്ര വര്‍ഗ്ഗക്കാര്‍ ഓരോരോ സമയങ്ങളില്‍ പ്രാദേശികമായി വ്യത്യസ്ത രീതിയിലുള്ള ഉത്സവങ്ങള്‍ കൊണ്ടാടാറുണ്ടെങ്കിലും ഇതെല്ലാം ഒന്നിച്ച് കാണാന്‍ കഴിയുമെന്നതാണ് ഹോണ്‍ബില്‍ ഉത്സവത്തിന്റെ പ്രത്യേകത. ഇവിടുത്തെ 16 ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരുടേതായ വിശേഷ ദിവസങ്ങളും അതിനനുസരിച്ചുള്ള ആഘോഷങ്ങളും ഉണ്ട്. ഈ ആഘോഷങ്ങളിലൊക്കെ എല്ലാവരും പങ്കെടുക്കും. കൃഷിയും, നായാട്ടുമാണ് ഇന്നും ഇക്കൂട്ടരുടെ പ്രധാന വരുമാനമാര്‍ഗ്ഗം. കൃഷി എല്ലാവരുടെയും പ്രധാന ജീവിതോപാധി ആയതുകൊണ്ടുതന്നെ ഓരോ വിളവെടുപ്പ് കാലത്തും ഇവര്‍ പരസ്പരം ആഹ്ലാദം പങ്കുയ്‌വക്കുകയും കൂട്ടം കൂട്ടമായി ചേര്‍ന്ന് ആടുകയും, പാടുകയും ചെയ്ത് ഇഷ്ടദേവനെ വണങ്ങുകയും ചെയ്യുന്നു.
ഗോത്രജീവിതം പറയുന്ന ഉത്സവം
വര്‍ഷത്തിലെ പന്ത്രണ്ട് മാസവും നാഗാലാന്റില്‍ വിവിധ ഉത്സവങ്ങള്‍ നടക്കാറുണ്ട്. എല്ലാം ഗോത്ര വര്‍ഗ്ഗക്കാരുടെ മാത്രം. ജനുവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത തരം സംഗീതത്തിന്റെയും, താള, നൃത്ത കാഴ്ചകളുടെ പുനരാവിഷ്‌ക്കരണവും കൂടിയാണ് ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ കാണാന്‍ കഴിയുക. കിസാമ ഹെറിറ്റേജ് വില്ലേജില്‍ വൃത്താകൃതിയില്‍ നിര്‍മിച്ച വലിയ ഗ്രൗണ്ടിലാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ കലാപ്രകടനങ്ങള്‍ നടക്കുക. ഇതിനോടനുബന്ധിച്ച് 16 ഗോത്ര വര്‍ഗ്ഗക്കാരുടെ വ്യത്യസ്ത രീതിയിലുള്ള വീടുകളും നിര്‍മിച്ചിട്ടുണ്ട്. ഓരോ ഗോത്ര വര്‍ഗ്ഗക്കാരും ഈ വീടിന് മുന്‍പില്‍ അവരുടേതായ ഭക്ഷണം, വസ്ത്രധാരണം, മറ്റ് ആചാരങ്ങള്‍ എന്നിവ വിശദീകരിച്ച് നല്‍കും. 16 ഗോത്ര വിഭാഗക്കാരുടെ ഭക്ഷണ സമ്പ്രദായങ്ങള്‍ രാജ്യത്തെ മറ്റേതൊരു ഗോത്ര മേഖലകളിലും കാണാന്‍ കഴിയാത്തതാണ്. വേട്ടയാടി കഴിയുന്നവരായതുകൊണ്ടുതന്നെ മത്സ്യവും, മാംസവും തന്നെയാണിവരുടെ മുഖ്യാഹാരം. പച്ചമത്സ്യത്തെ പിടിച്ച് തിളച്ച വെള്ളത്തിലിട്ട് പകുതി വെന്തു കഴിയുന്നതിനു മുന്‍പുതന്നെ തിന്നു തീര്‍ക്കുന്ന കാഴ്ച കൗതുകകരമാണ്. പന്നിയെ കൊന്ന് വെട്ടിനുറുക്കി തീയിലിട്ട് കരിച്ച് തിന്നുന്നതും ഇവിടെ കാണാം. ഗ്ലാസിനു പകരമായി മുളംതണ്ടാണ് കൂടുതല്‍ പേരും കുടിക്കാനായി ഉപയോഗിക്കുന്നത്. അരികൊണ്ടുണ്ടാക്കുന്ന റൈസ് ബിയര്‍ എല്ലാ ഗോത്രക്കാരും ഉപയോഗിക്കുന്നു.
വിവിധ ഗോത്ര വിഭാഗക്കാരുടെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ രുചിച്ചുനോക്കാന്‍ ഇവിടെ അവസരമുണ്ട്. ഹോണ്‍ബില്‍ ഉത്സവത്തോടനുബന്ധിച്ച് പൈനാപ്പിള്‍, മുളക് തീറ്റ മത്സരങ്ങള്‍ നടക്കാറുണ്ട്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് തീറ്റ മത്സരത്തില്‍ പങ്കെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇത്തവണയും മുളക് തീറ്റ പ്രിയര്‍ എത്തിയിരുന്നു. ഇതിന് പുറമെ ഗോത്ര വര്‍ഗ്ഗക്കാര്‍ ഉപയോഗിക്കുന്ന പണി ആയുധങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കും ഉണ്ട്. കരകൗശലത്തിന്റെ തനതായ സാന്നിധ്യം തിരിച്ചറിയുന്ന പണി ആയുധങ്ങളും, മുളകൊണ്ടുണ്ടാക്കിയ വര്‍ണ്ണ വൈവിധ്യങ്ങള്‍ നിറഞ്ഞ അലങ്കാര വസ്തുക്കള്‍ മുതല്‍ മൂക്കുകുത്തി വരെ വളരെ കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഹെറിറ്റേജ് വില്ലേജില്‍ പ്രത്യേകം നിര്‍മിച്ച വിശാലമായ വലിയ സ്റ്റേജിന് മുന്നിലെ മൈതാനത്താണ് ആദിവാസികള്‍ നൃത്തച്ചുവടുകളുമായി ആയിരക്കണക്കിന് വരുന്ന കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് തങ്ങളുടെ കലാ വൈവിധ്യങ്ങള്‍ അവതരിപ്പിക്കുക.
തലവെട്ട് സമ്പ്രദായത്തിന്റെ ആവിഷ്‌കാരം
പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 16 വര്‍ഗ്ഗക്കാരില്‍ നിന്നായി അന്‍പതിലധികം വരുന്ന നാടന്‍ കലകളാണിവിടെ അവതരിപ്പിക്കുക. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ അവരുടെ തനതായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യേക ഈണത്തിലുള്ള പാട്ടുകള്‍ക്കനുസരിച്ച് നൃത്തം ചവിട്ടുന്ന കാഴ്ച നാഗാലാന്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ മാത്രമേ കാണുകയുള്ളൂ. അംഗാമി ഗോത്ര വര്‍ഗ്ഗക്കാരുടെ പുതിയ വീടിരിക്കല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റുന്ന രീതി അവരുടെ കൂട്ടായ്മയെ അടയാളപ്പെടുത്തുന്നതാണ്. വളരെ അടുത്ത കാലം വരെ നിലനിന്നുപോന്നിരുന്ന 'ഹെഡ്ഡ് ഹണ്ടിങ്' തലവെട്ട് സമ്പ്രദായത്തിന്റെ ആവിഷ്‌കാരവും നാഗാലാന്റിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇപ്പോഴും ഇതിന്റെയൊക്കെ ആവേശം തങ്ങളിലുണ്ട് എന്ന് പ്രഖ്യാപിക്കുന്ന അവരിലെ പുത്തന്‍ തലമുറയുടെ ആവേശവും ഇവിടെ കാണാം. നാഗാലാന്റിലെ 'യാമ്‌നിയുന്‍ഗം' ഗോത്രവര്‍ഗ്ഗക്കാരിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കണമെങ്കില്‍ ഏറ്റവും കൂടുതല്‍ തലകള്‍ കൊയ്‌തെടുക്കുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നു. തങ്ങളുടെ മകളെ വിവാഹം ചെയ്യുന്ന ആള്‍ നല്ല യോദ്ധാവും, ഏറ്റവും കൂടുതല്‍ ആളുകളുടെ തലകൊയ്തവനും ആയിരിക്കണമെന്ന വിശ്വാസവും ഈ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കുണ്ടായിരുന്നു. ഇപ്പോഴും ഈ ഗോത്ര വര്‍ഗ്ഗക്കാര്‍ തമ്മിലുള്ള വിവാഹം നടക്കണമെങ്കില്‍ ഊര് മൂപ്പന്മാര്‍ നിര്‍ണയിച്ചു നല്‍കുന്ന നിശ്ചിത മാനദണ്ഡങ്ങള്‍ മറിക്കടക്കണം.
വാരിക്കുന്തവും, അമ്പും വില്ലുകളും, മൂര്‍ച്ചയുള്ള ആയുധങ്ങളുമായി ഇന്നും വന്യമൃഗങ്ങളോട് പൊരുതി വനത്തിനകത്ത് കഴിയുന്ന ഇവരുടെ വീട് നിര്‍മാണ വൈദഗ്ധ്യവും, വീടുകള്‍ക്കുള്ളിലെ തലയോട്ടികളുടെ ദൃശ്യവും അമ്പരപ്പിക്കുന്നതാണ്. കച്ചാരി വിഭാഗക്കാരായ ഗോത്ര വര്‍ഗ്ഗക്കാരിലെ സ്ത്രീകളുടെ നൃത്തവും മനോഹരമാണ്. നെല്ല് കൊയ്ത് ധാന്യപ്പുരകള്‍ നിറച്ചതിന് ശേഷം, സന്തോഷത്തിന്റെ ഭാഗമായി നടത്തുന്ന സംഗീത സാന്ദ്രമായ ഗോത്രനൃത്തം അവരിലെ സ്ത്രീകളുടെ കഴിവ് പ്രകടിപ്പിക്കുന്നതാണ്. വിവിധ ഗോത്ര വര്‍ഗ്ഗക്കാരുടെ ഫയര്‍ഡാന്‍സ്, ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നൃത്തങ്ങള്‍ എന്നിവയൊക്കെ തികച്ചും ആനന്ദം പകരുന്നതാണ്.
വൈകീട്ട് നാലു മണി ആകുമ്പോഴേക്കും ഇവിടെ സൂര്യന്‍ ചാഞ്ഞു തുടങ്ങുകയും, തണുപ്പ് കഠിനമായിത്തന്നെ എത്തുകയും ചെയ്യുന്നതുകൊണ്ട് നാല് മണിക്ക് മുന്‍പു തന്നെ കിസാമ ഹെറിറ്റേജ് വില്ലേജില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുതുടങ്ങും. പിന്നെ കോഹിമയിലേക്ക്. വൈകുന്നേരം ആറു മണിയോടുകൂടി കോഹിമ പട്ടണത്തില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും, ഭക്ഷ്യമേളകളിലും പങ്കെടുക്കുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിനാളുകള്‍ക്ക് നാഗാലാന്റിലെ ഹോണ്‍ബില്‍ 'ഉത്സവങ്ങളുടെ ഉത്സവ'മായിത്തന്നെ മനസില്‍ എന്നെന്നും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."