14 സ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകള്‍ക്ക് അനുമതിയില്ല
തിരുവനന്തപുരം: 13 കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താന്‍ സംസ്ഥാനത്തെ 14 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇക്കൊല്ലം അനുമതിയില്ല. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനാണ് (എ.ഐ.സി.ടി.ഇ) അനുമതി നിഷേധിച്ചത്. അനുമതി റദ്ദാക്കിയവയില്‍ ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടും.
കഴിഞ്ഞ വര്‍ഷംവരെ നടന്നിരുന്ന 13 കോഴ്‌സുകളിലേക്കുള്ള പ്രവേശനമാണ് ഇക്കൊല്ലം എ.ഐ.സി.ടി.ഇ തടഞ്ഞത്. ഗവ.പോളിടെക്‌നിക് പെരുമ്പാവൂര്‍, ഗവ.പോളിടെക്‌നിക് കളമശേരി, ഗവ. പോളിടെക്‌നിക് ചേര്‍ത്തല, കേരള ഗവ. പോളിടെക്‌നിക് കോഴിക്കോട് എന്നിവയാണ് അനുമതി നിഷേധിക്കപ്പെട്ട നാല് ഗവ. പോളിടെക്‌നിക് കോളജുകള്‍. കോളജ് ഓഫ് എന്‍ജിനിയറിങ് കരുനാഗപ്പള്ളി, ഇ.ആര്‍.ഡി.സി.ഐ ടെക്‌നോളജി തിരുവനന്തപുരം എന്നീ സര്‍ക്കാര്‍ കോളജുകളിലും വിവിധ കോഴ്‌സുകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട് .
പെരുമ്പാവൂര്‍ ഗവ. പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സാണ് ഇത്തവണ റദ്ദാക്കിയത്. അതേസമയം, കളമശേരി ഗവ.പോളിടെക്‌നിക്കിലെ മൂന്നു ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അനുമതി നിഷേധിച്ചു. സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകള്‍ക്കുള്ള പ്രവേശനാനുമതിയാണ് റദ്ദാക്കിയത്. ചേര്‍ത്തല പോളിടെക്‌നിക്കിന്റെയും സ്ഥിതി മറിച്ചല്ല. ഇവിടെ നടത്തി വന്നിരുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റല്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും തിരിച്ചടിയുണ്ടായി.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കേരള ഗവ. പോളിടക്‌നിക്കിന് അഞ്ച് കോഴ്‌സുകളുടെ പ്രവേശനാനുമതി നിഷേധിച്ചു. കംപ്യൂട്ടര്‍ ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നീ കോഴ്‌സുകള്‍ക്കാണ് ഇവിടെ ഇക്കൊല്ലം തിരിച്ചടിയേറ്റത്. കരുനാഗപ്പള്ളി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഐ.ടി കോഴ്‌സിനും തിരിവനന്തപുരം ഇ.ആര്‍.ഡി.സി.ഐ ടെക്‌നോളജിയിലെ എം.സി.എ കോഴ്‌സിനും ഇത്തവണ പ്രവേശനാനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലാത്ത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടത്തരുതെന്ന് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലെയും സ്ഥിതി വ്യത്യസ്തമല്ല. കോഴ്‌സുകള്‍ക്ക് അനുമതി ലഭിക്കാത്ത എട്ടു കോളജുകള്‍ അണ്‍ എയ്ഡഡ് മേഖലയിലാണ്. കൊല്ലം ടി.കെ.എം കോളജ്, തൃശൂര്‍ നിര്‍മല കോളജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം മോഹന്‍ദാസ് കോളജ് ഓഫ് എന്‍ജിനീയറിങ്, എറണാകുളം കെ.എം.ഇ.എ കോളജ്, എം.ജി കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, മരിയന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, എറണാകുളം ഇലാഹിയ കോളജ് ഓഫ് എന്‍ജിനീയറിങ്, എറണാകുളം ശ്രീനാരായണ ഗുരുകുലം കോളജ് എന്നിവയിലാണ് വിവിധ കോഴ്‌സുകളുടെ പ്രവേശനാനുമതി ഇക്കൊല്ലം തടഞ്ഞത്.
കൊല്ലം ടി.കെ.എം കോളജിലെ നാലു കോഴ്‌സുകള്‍ക്ക് ഇക്കൊല്ലം അംഗീകാരമില്ല. സോഫ്റ്റ് വെയര്‍, സിഗ്നല്‍ പ്രോസസിങ്, ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകളുടെ അനുമതിയാണ് പുതിയ അധ്യയന വര്‍ഷം റദ്ദാക്കിയത്. കെ.എം.ഇ.എ, എം.ജി കോളജ്, ഇലാഹിയ,മോഹന്‍ദാസ് എന്നീ കോളജുകളിലെ ഐ.ടി കോഴ്‌സിന്റെ പ്രവേശനാനുമതിയാണ് ഇക്കൊല്ലം റദ്ദാക്കിയത്. മരിയന്‍ കോളജില്‍ തെര്‍മല്‍ സയന്‍സിനും ശ്രീനാരായണ ഗുരുകുലം കോളജില്‍ നാച്ചുറല്‍ എന്‍ജിനീയറിങിനും ഇക്കൊല്ലം പ്രവേശനാനുമതി പുതുക്കി ലഭിച്ചില്ല.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളുടെ അനുമതിയാണ് നിര്‍മല കോളജിന് നഷ്ടമായത്.
കോഴ്‌സുകള്‍ക്ക് അംഗീകാരം നഷ്ടമാകുന്നത് സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവും നിലവാരത്തകര്‍ച്ചയും കോഴ്‌സ് നടത്തിപ്പിനുള്ള അനുമതി റദ്ദാക്കാന്‍ പ്രധാന കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."