പ്രതിപക്ഷ പ്രതിഷേധം: സഭ കൂടിയത് 17 മിനുട്ട്
തിരുവനന്തപുരം: സഭാകവാടത്തില്‍ സത്യഗ്രഹം കിടക്കുന്ന എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് നിയമസഭ സമ്മേളിച്ചത് 17 മിനുട്ട് മാത്രം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എം.എല്‍.എമാര്‍ സത്യഗ്രഹം കിടക്കുന്നത്.
പ്രതിപക്ഷ എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, ഡോ. എന്‍.ജയരാജ് എന്നിവര്‍ നടത്തുന്ന സത്യഗ്രഹ സമരം അഞ്ചാംദിവസത്തിലേക്ക് കടന്നിട്ടും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് സഭ സമ്മേളിച്ചയുടന്‍ ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യം വിളിയോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.
പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യഗ്രഹത്തിനാധാരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കുകയും അതുമായി ബന്ധപ്പെട്ട് താന്‍ പ്രതിപക്ഷ നേതാവുമായി സംസാരിക്കുകയും ചെയ്തിരുന്നതായി പറഞ്ഞ സ്പീക്കര്‍ സഭാ നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനടുത്ത് നീങ്ങി.
ഇതിനിടെ ചോദ്യോത്തരവേള ആരംഭിക്കുകയും മന്ത്രി രാജു മറുപടി പറയാന്‍ തുടങ്ങുകയും ചെയ്‌തെങ്കിലും നിയമസഭ ബഹളത്തില്‍ മുങ്ങി. ഇതോടെ ചോദ്യോത്തരവേള റദ്ദാക്കി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
സഭ പിരിഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന എം.എല്‍.എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സഭാ കവാടത്തിലേക്ക് നീങ്ങുകയും സത്യഗ്രഹത്തില്‍ പങ്കുചേരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."