കെയര്‍ ഹോം പദ്ധതി ഭവനനിര്‍മാണം ജനുവരിയില്‍ ആരംഭിക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: പ്രളയദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 40 സഹകരണ യൂണിയനുകളാണ് പദ്ധതി നിര്‍വഹണം ഏറ്റെടുത്തിട്ടുള്ളത്.
വീടുകളുടെ രൂപകല്‍പ്പനയിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും എന്‍ജിനിയറിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ സഹായം തേടാവുന്നതാണ്. മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിപ്രകാരം നിര്‍മിക്കുന്ന വീടിന്റെ പ്ലാന്‍ ഗുണഭോക്താവായ നിര്‍മലയ്ക്ക് മന്ത്രി കൈമാറി. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, എന്‍.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കുന്നത്തൂര്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ മുന്‍ ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള, സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരായ ടൈറ്റസ് സെബാസ്റ്റ്യന്‍, അഡ്വ. എം.സി. ബിനുകുമാര്‍, സംഘടനാ പ്രതിനിധികളായ എ. പ്രദീപ്, കെ.വി. പ്രമോദ്, ബി. പ്രേംകുമാര്‍, ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എ.എസ്. ഷീബാബീവി, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി.എസ്. പ്രവീണ്‍ദാസ്, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡി. പ്രസന്നകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."