പാടികളില്‍ നിന്ന് മോചനം; പ്രിയദര്‍ശിനിയിലെ തൊഴിലാളികള്‍ക്ക് വീടുകളായി
മാനന്തവാടി: പാടികളിലെ ദുരിത ജീവിതത്തിന് വിരാമമിട്ട് പ്രിയദര്‍ശനിയിലെ ആദിവാസി തൊഴിലാളികള്‍ ഇന്ന് പുതിയ വീട്ടില്‍ പാലുകാച്ചും.
മാനന്തവാടിയിലെ ആദിവാസി പുനരധിവാസ കേന്ദ്രമായ പ്രിയദര്‍ശിനി തേയില തോട്ടത്തില്‍ 48 വീടുകളാണ് പട്ടികവര്‍ഗവകുപ്പ് നിര്‍മിച്ചിരിക്കുന്നത്.
വീടുകള്‍ ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താമസത്തിനായി ഇവര്‍ക്ക് കൈമാറും. വീടൊന്നിന് 3.5 ലക്ഷം രൂപയാണ് വകുപ്പ് ചെലവഴിച്ചത്. ഇതോടെ തോട്ടത്തിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും സ്വന്തമായി വീടായി. എഷ്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതിയാണ് പ്രിയദര്‍ശിനി. അടിമവേലയില്‍നിന്നും മോചിപ്പിച്ച ആദിവാസികളെയാണ് ഇവിടെ താമസിപ്പിച്ചിട്ടുള്ളത്. തോട്ടം തുടങ്ങിയ കാലം മുതല്‍ പാടികളിലായിരുന്നു ഇവരുടെ ജീവിതം. രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ബാത്ത് റൂം, വരാന്ത എന്നീ സൗകര്യങ്ങളാണ് വീട്ടിലുള്ളത്. വരാന്ത, ഹാള്‍, ബാത്ത് റൂം എന്നിവ ടൈലിട്ടതാണ്. ബാത്ത്‌റൂമിന്റെ ചുമരിലും ടൈല്‍ പാകിയിട്ടുണ്ട്. വരാന്തക്ക് സീലിങ്ങുമുണ്ട്. കിടപ്പുമുറികളും അടുക്കളയും റെഡ് ഓക്‌സൈഡിട്ട് മനോഹരമാക്കിയിട്ടുണ്ട്. പുകയില്ലാത്ത അടുപ്പാണുള്ളത്. 48 വീടുകളില്‍ 29 എണ്ണം ഓട് മേഞ്ഞതും 19 വീടുകള്‍ കോണ്‍ക്രീറ്റുമാണ്. ഓടുമേഞ്ഞവ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃകമ്മിറ്റിയാണ് നിര്‍മിച്ചത്. കോണ്‍ക്രീറ്റ് വീടുകള്‍ ജില്ലാ നിര്‍മിതി കേന്ദ്രയുടെ മേല്‍നോട്ടത്തില്‍ പ്രിയദര്‍ശിനി സൊസൈറ്റിയും നിര്‍മിച്ചു.
2007ല്‍ അന്നത്തെ സര്‍ക്കാര്‍ 41 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. ബാക്കിയുള്ളവര്‍ താമസിച്ചിരുന്ന പാടികളുടെ സ്ഥിതി ശോചനീയമായതോടെയാണ് ഇവര്‍ക്കും സര്‍ക്കാര്‍ പുതിയ വീട് നിര്‍മിച്ചു നല്‍കിയത്. പുതിയ വീടുകള്‍ക്കൊപ്പം പഴയ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് വകയിരുത്തിയിരുന്നു. വീടൊന്നിന് ഒരുലക്ഷം രൂപ വീതമാണ് അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്. ഇത്തരത്തില്‍ 35 വീടുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തിയത്. സൗകര്യമുള്ള അടുക്കള, ബാത്ത് റൂം വിപുലീകരണം, ടിന്‍ ഷീറ്റ് മേല്‍ക്കൂര മാറ്റി ഓടുമേഞ്ഞു തുടങ്ങിയവയാണ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."