ഞങ്ങള്‍ മുസ്ലിങ്ങളോടെന്തിനാണ് ഭരണപക്ഷത്തിന് ഇത്ര വെറുപ്പ്? ചൈനയിലെ അഭയാര്‍ഥികളെ എന്തുകൊണ്ട് പുറത്തു നിര്‍ത്തി ? സര്‍ക്കാരിന് ചൈനയെ പേടിയാണോ' ദേശീയ പൗരത്വബില്ലവതരണത്തിനിടെ ബില്ല് കീറിയെറിഞ്ഞ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതിഷേധം
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലിന്റെ പകര്‍പ്പ് ലോക്‌സഭയില്‍ അസദുദ്ദീന്‍ ഒവൈസി കീറിയെറിഞ്ഞു. പൗരത്വബില്ല് രണ്ടാം വിഭജനമാണെന്ന് ആരോപിച്ചായിരുന്നു ഒവൈസി ബില്ല് കീറിയെറിഞ്ഞത്. മുസ്ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ചൈനയില്‍ നിന്നുള്ള അഭയാര്‍ഥികളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. 'എന്താ സര്‍ക്കാരിന് ചൈനയെ പേടിയാണോ', എന്നും ഒവൈസി പരിഹാസിച്ചു.
''ഞങ്ങള്‍ മുസ്ലിങ്ങളെ എന്തിനാണ് ഭരണപക്ഷത്തിന് ഇത്ര വെറുപ്പ്? അസമിലെ മന്ത്രിയടക്കമുള്ളവര്‍ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേര്‍തിരിക്കുന്നത്. ഇത് വിഭജനമല്ലേ? ഒരു തരത്തില്‍ മുസ്ലിംകളെ ഭൂപടത്തില്‍ ഇല്ലാത്തവരായി നിര്‍ത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്'', ഒവൈസി പറഞ്ഞു.
''ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ റജിസ്റ്റര്‍ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാഡം'', എന്ന് പറഞ്ഞ് അസദുദ്ദീന്‍ ഒവൈസി ബില്ല് രണ്ടായി കീറി.
ഈ ബില്‍ അവതരിപ്പിക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഹിറ്റ്‌ലര്‍ക്കും ഇസ്‌റാഈല്‍ പൗരത്വബില്‍ അവതരിപ്പിച്ച ഡേവിഡ് ബെന്‍ഗൂറിയനും ഒപ്പം രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുടെയും പേരുമുണ്ടാകുമെന്ന് ലോക്‌സഭയില്‍ ആസദുദ്ദീന്‍ ഉവൈസി. പൗരത്വബില്ലിന് അവതരണാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ചര്‍ച്ചയില്‍ പങ്കെുടുത്തു സംസാരിക്കുകയായിരുന്നു ഉവൈസി.
ഇത്തരത്തിലൊരു നിയമത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ട ബാധ്യതയുണ്ട്. അല്ലെങ്കില്‍ ന്യൂറംബര്‍ഗ് റേസ് നിയമത്തിലെയും ഇസ്രയേല്‍ പൗരത്വ നിയമത്തെയും പോലെ ഹിറ്റ്‌ലര്‍ക്കും ഡേവിഡ് ബെന്‍ഗൂറിയനുമൊപ്പം ആഭ്യന്തരമന്ത്രിയുടെ പേരും ചേര്‍ക്കപ്പെടുമെന്നും ഉവൈസി പറഞ്ഞു.
ഉവൈസിയുടെ പരാമര്‍ശത്തില്‍ നീരസം പ്രകടിപ്പിച്ച സ്പീക്കര്‍ ഓംബിര്‍ല ഈ ഭാഗം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതി ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ശക്തമായ ഭരണ - പ്രതിപക്ഷ വാക്‌പോരാണ് നടന്നത്. ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരില്‍ പ്രവേശിക്കാനും ഇനി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (മുന്‍കൂര്‍ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയെങ്കിലും ബില്ലവതരണത്തിന് അനുമതി കിട്ടി. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേര്‍ ലോക്‌സഭയില്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തത് 82 പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."