അര്‍ബുദത്തിന് ചങ്കു പറിച്ചുകൊടുത്തു ഈ ചെറുപ്പക്കാരന്‍, കാലും സംഭാവന ചെയ്തു, എന്നിട്ടും സര്‍ജറി ചെയ്യാന്‍ കഴിയാത്തിടത്തു രോഗമെത്തിയിട്ടും വേദനകളെ തോല്‍പ്പിക്കുന്നു, ആ നിശ്ചയദാര്‍ഢ്യത്തിന്റെ പേരാണ് നന്ദു മഹാദേവ
കോഴിക്കോട്: അര്‍ബുദം കാര്‍ന്നുതിന്നുമ്പോഴും ആത്മവിശ്വാസത്തോടെ വേദനകളെ തോല്‍പ്പിക്കുകയാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍. ആദ്യം കാലിനെയായിരുന്നു അസുഖം പിടിമുറുക്കിയത്. ആ കാലുതന്നെ കാന്‍സറിനു വിട്ടുകൊടുത്തു നന്ദു മഹാദേവന്‍. ഈപ്പൊ ഒറ്റക്കാലേയുള്ളൂ. പിന്നെ ചങ്കില്‍ക്കയറിക്കൂടിയപ്പോള്‍ ചങ്കും പറിച്ചുകൊടുത്തു അര്‍ബുദത്തിന്. ഇപ്പോള്‍ ഹൃദയത്തിലേക്കുപോകുന്ന പ്രധാന രക്തക്കുഴലിനെയാണ് അര്‍ബുദം ചുറ്റിപ്പിടിച്ചിരിക്കുന്നത്. സര്‍ജറി ചെയ്യാന്‍പോലുമാകാത്ത ശരീരത്തിന്റെ ഭാഗങ്ങളെ രോഗം ആക്രമിച്ചു തുടങ്ങുമ്പോഴും ഈ ചെറുപ്പക്കാരന്‍ തളരുന്നില്ല.
ഒരേ സമയം മരുന്നിനോടും അര്‍ബുദത്തോടും വേദനയോടും പൊരുതുന്ന എന്റെ മനസ്സ് നൂറിരട്ടി ശക്തമാണെന്നാണ് നന്ദു ഫേസ്ബുക്കില്‍ കുറിക്കുന്നത്.
വിടില്ല ഞാന്‍. അവസാന ശ്വാസം വരെയും പൊരുതുമെന്നും വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാനെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
എന്റെ ട്രീറ്റ്‌മെന്റിന്റെ കാര്യങ്ങളും അനുഭവിക്കുന്ന വേദനകളുടെ തീഷ്ണതയും ഞാന്‍ എന്റെ ചങ്കുകളോട് വിളിച്ചു പറയുന്നതിന് ഒരു വലിയ ഉദ്ദേശമുണ്ട്..
നമ്മുടെ കയ്യിലുള്ള ഏറ്റവും വലിയ സമ്പത്ത് ജീവനും ജീവിതവും ആണെന്ന് അനുഭവങ്ങളിലൂടെ ഞാന്‍ പഠിച്ച സത്യം മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ്.. കുറിപ്പ് തുടരുന്നു.
ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും, പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുന്നതിനും, കൂട്ടുകാരന്‍ കളിയാക്കിയതിനും,
പ്രണയം തകര്‍ന്നതിനും ഒന്നും ഇനിയൊരു വ്യക്തി പോലും സ്വന്തം ജീവിതം ത്യജിക്കാതിരിക്കാന്‍ വേണ്ടിയാണ്..
എന്തൊക്കെ നഷ്ടപ്പെട്ടാലും കയ്യിലുള്ള ജീവിതമാണ് ഏറ്റവും വലിയ ധനം എന്ന തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ വേണ്ടിയാണ്,
ആയുസ്സില്‍ നിഴല് വീഴുമ്പോള്‍ ജീവന്റെയും ഒപ്പം ജീവിതത്തിന്റെയും മിഴിവും ഭംഗിയും കൂടിവരും
അന്നുവരെ നാംകണ്ട പനിനീര്‍ പൂവുകളെക്കാള്‍ ഭംഗിയാകും പിന്നീട് കാണുന്നവയ്ക്ക്...
അന്നുവരെ ഉണ്ടായിരുന്ന ആഘോഷങ്ങളെക്കാള്‍ ആഹ്ലാദപൂര്‍ണമാകും പിന്നീടുള്ള ആഘോഷങ്ങള്‍ക്ക്,
അന്നുവരെ കഴിച്ച ഭക്ഷണത്തേക്കാള്‍ സ്വാദായിരിക്കും പിന്നീട് കഴിക്കുന്ന ഓരോ അരിമണി ചോറിനുമെന്നും നന്ദു മഹാദേവ കുറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."