കര്‍ഷകര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കിയത് നേട്ടം: മന്ത്രി
ആലപ്പുഴ: ഇന്ത്യയിലാദ്യമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിയമം പാസാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ടി.ഡി മെഡിക്കല്‍ കോളജ് ഗോള്‍ഡണ്‍ ജൂബിലി ഹാളില്‍ സംസ്ഥാന കര്‍ഷക അവാര്‍ഡ് ദാനം 'പ്രീ വൈഗ 2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും കൃഷി മന്ത്രി നിര്‍വഹിച്ചു.
ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള 'മിത്രാനികേതന് പത്മശ്രീ കെ. വിശ്വനാഥന് മെമ്മോറിയല്‍ നെല്ക്കതിര് അവാര്‍ഡ്' തൃശൂര്‍ ജില്ലയിലെ പള്ളിപ്പുറം ആലപ്പാട് പാടശേഖരസമിതി ഏറ്റുവാങ്ങി. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. ഏറ്റവും മികച്ച കര്‍ഷകനുള്ള 'സി.ബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്' ഇടുക്കിയിലെ ബിജുമോന് ആന്റണി ഏറ്റുവാങ്ങി. യുവകര്‍ഷകനും യുവകര്ഷകയ്ക്കുമുള്ള അവാര്‍ഡ് യഥാക്രമം പാലക്കാട് സ്വദേശി ജ്ഞാന ശരവണനും ആലപ്പുഴ സ്വദേശിനി വി. വാണിയും ഏറ്റുവാങ്ങി. 'കേരകേസരി അവാര്‍ഡ്'പാലക്കാട് നിന്നുള്ള വേലായുധനാണ് കരസ്ഥമാക്കിയത്.
'ഹരിത മിത്ര' അവാര്‍ഡും 'ഉദ്യാനശ്രേഷ്ഠ' അവാര്‍ഡും യഥാക്രമം ആലപ്പുഴ സ്വദേശികളായ ശുഭകേശനും സ്വപ്ന സുലൈമാനും, ഏറ്റവും മികച്ച പട്ടികജാതി പട്ടികവര്‍ഗ കര്‍ഷകനുള്ള 'കര്‍ഷക ജ്യോതി' അവാര്‍ഡ് പത്തനംതിട്ടയിലെ എം. മാധവനും ഏറ്റുവാങ്ങി.
കൃഷി വകുപ്പിന്റെ മികച്ച ഫാമിനുള്ള പുരസ്കാരം എറണാകുളം ഹരിത കീര്‍ത്തി ഗവണ്മെന്റ് ഫാം നേടി. 15 ലക്ഷം രൂപയാണ് അവാര്‍ഡ്. ഹരിതകീര്‍ത്തി മികച്ച ഫാം ഓഫിസറായി തോമസ് സാമുവല്‍ ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ജൈവരീതിയിലുള്ള കൃഷി മുറകള്‍ വ്യാപകമായി അവലംബിക്കുന്ന നിയോജക മണ്ഡലത്തിനുള്ള പുരസ്കാരം ചേലക്കര നിയോജക മണ്ഡലത്തിനാണ് ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ചേലക്കര എം.എല്‍.എ പ്രദീപും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."