വെല്ലിങ്ടണില്‍ നിന്ന് രണ്ടുപേര്‍ ഒളിംപിക്സിന്
കുന്നൂര്: ഒളിംപിക്സില്‍ രാജ്യത്തിന്റെ യശസുയര്‍ത്താന്‍ വെല്ലിങ്ടണ്‍ എം.ആര്.സി ക്യാംപില്‍ നിന്ന് രണ്ട് ജവാന്മാര് റിയോയിലേക്ക് പറന്നു. 4:400 മീറ്റര്‍ റിലേ ടീമില്‍ അംഗമായ ആരോഗ്യരാജ്, ദീര്‍ഘദൂര നടത്തത്തില്‍ ഗണപതി എന്നിവരാണ് എം.ആര്.സിയുടെ അഭിമാനങ്ങളായി റിയോയിലെ ട്രാക്കിലിറങ്ങുക.
2008 മാര്‍ച്ചിലാണ് സുബേദാര്‍ ആരോഗ്യരാജ് എം.ആര്.സി ക്യാംപിലെത്തുന്നത്. അന്നുമുതല്‍ ഇന്നുവരെ നിരവധി പുരസ്കാരങ്ങളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്. തിരുച്ചി സ്വദേശിയായ ആരോഗ്യരാജ് അടങ്ങുന്ന ഇന്ത്യന്‍ റിലേ ടീം കാറ്റിന്റെ വേഗത ആവാഹിച്ച് രാജ്യത്തിനായി മെഡല്‍ നേടട്ടെയെന്ന പ്രാര്‍ഥനയിലാണ് കുന്നൂരിലെ എം.ആര്.സി ക്യാംപ്.
ദീര്‍ഘദൂര നടത്തത്തില്‍ റെക്കോര്‍ഡ് നേട്ടക്കാരനായ അവില്ദാര് ഗണപതിയും മെഡലുമായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് റെജിമെന്റിലെ സഹപ്രവര്‍ത്തകര്‍. കഠിനാധ്വാനം കൊണ്ട് ലോക കായിക മാമാങ്കത്തില്‍ മാറ്റുരക്കാന്‍ സാധിച്ച ഇരുവരും കഴിഞ്ഞ ദിവസം റിയോയിലേക്ക് പറന്നു.
തേനി സ്വദേശിയായ അവില്ദാര് ഗണപതി 2008 മുതല്‍ എം.ആര്.സി ക്യാംപിലുണ്ട്. ഇന്ത്യയുടെ സൈനിക അക്കാദമികളില്‍ ഏറ്റവും പഴക്കമുള്ള ഒന്നാണ് മദ്രാസ് റെജിമെന്ററി എന്ന എം.ആര്.സി ക്യാംപ്. ഇവിടെ പട്ടാളക്കാര്‍ക്ക് പരിശീലനത്തിനൊപ്പം കായിക ശേഷി വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. അത്തരത്തില്‍ ക്യാംപ് വാര്‍ത്തെടുത്ത രണ്ട് താരങ്ങളാണ് രാജ്യത്തിന്റെ യശസുയര്‍ത്താന്‍ ക്യാംപില്‍ നിന്നും റിയോയിലേക്ക് തിരിച്ചിരിക്കുന്നത്. ഇരുവരും മെഡല്‍ നേട്ടവുമായി തിരിച്ചെത്തണമെന്ന പ്രാര്‍ഥനയിലാണ് കുന്നൂരിലെ എം.ആര്.സി ക്യാംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."