പരുതൂരിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നടപ്പാക്കണം: വി.ടി ബല്‍റാം എം.എല്‍.എ
പട്ടാമ്പി: പരുതൂര്‍ പഞ്ചായത്തിലെ സുശീലപ്പടി, കരിയന്നൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ ഏറ്റെടുക്കാനുള്ള മുന്‍ പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടു പോകരുതെന്ന് വി.ടി.ബല്‍റാം എം. എല്‍.എ. ഈ വിഷയം ഉന്നയിച്ച് വി.ടി ബല്‍റാം എം.എല്‍.എ നിയമസഭയില്‍ നോട്ടിസ് നല്‍കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതായാണ് സൂചന.
കിഫ്ബിയില്‍ ആവശ്യത്തിന് പണമില്ലാത്തത് കാരണം ഇനി പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല എന്നാണ് ധനവകുപ്പിന്റെ നിലപാട്.
2016-17ലെ ബജറ്റില്‍ കരിയന്നൂര്‍ റയില്‍വേ ഓവര്‍ബ്രിഡ്ജ് പദ്ധതിക്കായി 10 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ അനുയോജ്യമായ സ്ഥലം സുശീലപ്പടിയിലാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രധാന മേല്‍പ്പാലം സുശീലപ്പടിയിലും ചെറിയ മേല്‍പ്പാലം കരിയന്നൂരിലും ഒരുമിച്ച് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ ഏജന്‍സി രണ്ട് മേല്‍പ്പാലങ്ങള്‍ക്കും വേണ്ടി ഒരുമിച്ച് ഡി.പി.ആര്‍ തയാറാക്കിയാണ് കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 2017 വര്‍ഷം മെയ് 25ന് വി.ടി ബല്‍റാം എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി രണ്ട് മേല്‍പ്പാലവും ഒരുമിച്ച് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
പിന്നീട് രണ്ട് മേല്‍പ്പാലവും ഒരുമിച്ച് അനുവദിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് 2018 വര്‍ഷം മെയ് 11ന്് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിക്കുകയുണ്ടായി. എന്നാല്‍ ഇതിന് ക്യാബിനറ്റിന്റെ അംഗീകാരം വേണമെന്ന് കിഫ്ബി നിര്‍ബ്ബന്ധം പിടിച്ച ഘട്ടത്തിലാണ് ധനവകുപ്പിന്റെ തടസവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
അതെ സമയം കിഫ്ബിയുടെ തുടക്കത്തില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിതെന്നും നേരത്തേത്തന്നെ ഡി.പി.ആര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയതിനാല്‍ സാങ്കേതികത്വങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പറഞ്ഞ് ഇപ്പോള്‍ നാടിന്റെ വികസനാവശ്യങ്ങള്‍ നിഷേധിക്കരുതെന്നും എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ധനകാര്യ വകപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. ഇതിനോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കിയതായി വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."