മഹാരാഷ്ട്രയില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നു
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗംചെയ്ത് കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ക്രൂരകൃത്യത്തില്‍ പ്രതിയായ 32കാരനെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. ഉന്നാവിലും ഹൈദരാബാദിലും യുവതികളെ ബലാല്‍സംഗത്തിനിരയാക്കി കത്തിച്ച സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കേസ് വീണ്ടും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഈ മാസം ആറിനു കാണാതായ കുട്ടിയുടെ മൃതദേഹം നാഗ്പൂരിനടത്ത് കമലേശ്വര് താലൂക്കിലെ ലിന്‍ഗാ ഗ്രാമത്തിലെ കൃഷിയിടത്തില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍, കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം പാടത്ത് പണിയെടുക്കുന്ന സഞ്ജയ് പുരിയാണ് അറസ്റ്റിലായത്. മൊഖോണ് സ്വദേശിയാണ് പ്രതി.
കോടതിയില്‍ ഹാജറാക്കിയ പ്രതിയെ പൊലിസ് റിമാന്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. സമീപത്ത് താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടിലും കുട്ടിയെ കാണാതായതോടെ ശനിയാഴ്ച രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്കി.
പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരകൃത്യത്തില്‍ പ്രതിഷേധിച്ച് കമലേശ്വറില് ജനങ്ങള്‍ റാലി നടത്തുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കേസില്‍ നീതി ഉടന്‍ നടപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."