ചാംപ്യന്‍സ്‌ലീഗ് ചാംപ്യന്‍മാര്‍ കളത്തില്‍
ബുഡാപെസ്റ്റ്: ചാംപ്യന്‍സ് ലീഗിന്റെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനത്തിലേക്കെത്തിയപ്പോള്‍ പ്രതീക്ഷയുള്ള ടീമുകളെല്ലാം നോക്കൗട്ട് ഉറപ്പിച്ച നിലയിലാണ്. ഇന്ന് രാത്രി 11.25ന് നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ആസ്ട്രിയന്‍ ക്ലബായ റെഡ് ബുള്ളിനെയാണ് നേരിടുന്നത്.
ഗ്രൂപ്പ് ഇയില്‍ 10 പോയിന്റുമായി ലിവര്‍പൂള്‍ നോക്കൗട്ട് ഉറപ്പിച്ച മട്ടാണ്. മികച്ച ഫോമില്‍ നില്‍ക്കുന്ന ലിവര്‍പൂളിന് ഇന്ന് അനായാസം ജയിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏഴ് പോയിന്റുള്ള റെഡ്ബുള്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ലിവര്‍പൂള്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും നാപോളി ജയിക്കുകയും ചെയ്താല്‍ ലിവര്‍പൂളിന് പുറത്തേക്കുള്ള വഴി തെളിയും. എന്നാല്‍ നിലവിലെ ഫോമില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തുന്നത് ശ്രമകരമായ കാര്യമാണ്. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ നാപോളി ജങ്കിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ സ്ഥാനം ഭദ്രമാക്കാന്‍ സാധിക്കൂ. രാത്രി 1.30ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സി ലില്ലെയെ നേരിടും. എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. കാരണം രണ്ടാം സ്ഥാനത്തുള്ള വലന്‍സിയക്ക് സമാന പോയിന്റാണുള്ളത്. അതിനാല്‍ ഇന്ന് ജയിക്കുകയല്ലാതെ ചെല്‍സിക്ക് മറ്റു വഴികളില്ല.
ഡോര്‍ട്മുണ്ട് - സ്‌ലാവിയപ്രാഹ
ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇനി ബാക്കിയുള്ളത്. 11 പോയിന്റുമായി ബാഴ്‌സലോണ നോക്കൗട്ട് ഉറപ്പാക്കിയിട്ടുണ്ട്.
ഏഴ് വീതം പോയിന്റുമായി ഇന്റര്‍മിലാനും ഡോര്‍ട്മുണ്ടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. ഇന്റര്‍ തോല്‍ക്കുകയും ഡോര്‍ട്മുണ്ട് ജയിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനക്കാരായി ജര്‍മന്‍ ശക്തികള്‍ക്ക് നോക്കൗട്ടിലെത്താം.
ബാഴ്‌സക്കെതിരേയുള്ള മത്സരത്തില്‍ ഇന്റര്‍ ജയിച്ചാല്‍ ഇന്റര്‍മിലാന് രണ്ടാം റൗണ്ടില്‍ പ്രവേശിക്കാം എന്ന നിലയിലാണിപ്പോള്‍.
ലിയോണ്‍ - ലെപ്‌സിഗ്
ദുര്‍ബലരുടെ ഗ്രൂപ്പില്‍ നോക്കൗട്ടിന് വേണ്ടി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
10 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ലെപ്‌സിഗും ഏഴ് പോയിന്റുള്ള ലിയോണും തമ്മിലാണ് ഇന്ന് മത്സരിക്കുന്നത്.
ലിയോണ്‍ ജയിക്കുകയും അടുത്ത മത്സരത്തില്‍ സെനിത്ത് തോല്‍ക്കുകയും ചെയ്താല്‍ ലിയോണിന് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്താം. രാത്രി 1.30നാണ് മത്സരം.
ബെന്‍ഫിക്ക - സെനിത്ത്
ഗ്രൂപ്പ് ജിയില്‍ ബെന്‍ഫിക്കക്ക് ഇനി സാധ്യതകളില്ലെങ്കിലും സെനിത്തിന് രണ്ടാം സ്ഥാനമോഹമുണ്ട്. കാരണം ഏഴ് പോയിന്റുമായി സെനിത്താണ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്നത്തെ മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചാലും ലിയോണ്‍ തോറ്റാലും സെനിത്തിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. രാത്രി 1.30നാണ് മത്സരം.
അയാക്‌സ് - വലന്‍സിയ
ശക്തമായ പോരാട്ടം നടക്കുന്ന ഗ്രൂപ്പ് എച്ചില്‍ അയാക്‌സിനും വലന്‍സിയക്കും ജയിച്ചേ തീരു എന്ന അവസ്ഥയാണ്. 10 പോയിന്റുമായി അയാക്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള വലയന്‍സിയക്ക് എട്ട് പോയിന്റുമുണ്ട്. അയാക്‌സ് തോല്‍ക്കുകയും ഗ്രൂപ്പിലെ മറ്റൊരു ടീമായ ചെല്‍സി ജയിക്കുകയും ചെയ്താല്‍ വലന്‍സിയക്കും ചെല്‍സിക്കും നോക്കൗട്ടിലെത്താം. അയാക്‌സ് ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനാകും.
ബാഴ്‌സലോണ -
ഇന്റര്‍മിലാന്‍
ബാഴ്‌സലോണ നേരത്തേ തന്നെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചതിനാല്‍ ബാഴ്‌സക്ക് ഇന്നത്തെ മത്സരം നിര്‍ണായകമല്ല. ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് ഇന്ന് ജയിക്കല്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ഡോര്‍ട്മുണ്ട് രണ്ടാം സ്ഥാനം സ്വന്തമാക്കും. എന്തായാലും ഇന്ററിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ന് ബാഴ്‌സയെ തോല്‍പ്പിക്കുയല്ലാതെ മറ്റുവഴികള്‍ ഇന്ററിന്റെ മുന്നിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."