എണ്ണയുല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് തീരുമാനം; പ്രതിദിനം 12 ലക്ഷം ബാരല്‍ കുറവ് വരുത്തും
റിയാദ്: എണ്ണ വില നിയന്ത്രണത്തിന്റെ ഭാഗമായി എണ്ണയുല്‍പാദനം വെട്ടിക്കുറക്കാന്‍ ധാരണയായി. വിയന്നയില്‍ ചേര്‍ന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, പുറത്തുള്ള ഇതര ഉല്‍പ്പാദക രാജ്യങ്ങളുടെയും മാരത്തോണ്‍ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. തീരുമാനം പുറത്ത് വന്നതോടെ ആഗോള എണ്ണ വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായി. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ വരെ കുറക്കാമെന്നായിരുന്നു ആദ്യഘട്ടത്തില്‍ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യമായ സഊദിയുടെ നിലപാടെങ്കിലും മതിയായ വില ലഭിക്കാന്‍ 12 ലക്ഷം ബാരല്‍ വെട്ടിക്കുറക്കണമെന്ന മറ്റു ഉത്പാദക രാജ്യങ്ങളുടെ തീരുമാനത്തോട് റഷ്യ കൂടി അനുകൂലിച്ചതോടെ 12 ലക്ഷം വെട്ടി കുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം ആദ്യ ആറു മാസക്കാലം ഈ തീരുമാനം തുടരാനാണ് ഇപ്പോഴത്തെ ധാരണ.
പുതിയ തീരുമാനപ്രകാരം 15 അംഗ രാജ്യ ഒപെക് കൂട്ടായ്മ പ്രതിദിന ഉല്‍പാദനത്തില്‍ എട്ടു ലക്ഷം ബാരലിന്റെയും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങള്‍ നാലു ലക്ഷം ബാരലിന്റെയും കുറവാണ് വരുത്തുക. തീരുമാനം പുറത്തു വന്നതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 5 ശതമാനമാണ് വര്‍ധിച്ചത്. ബാരലിന് ബ്രെന്റ് ക്രൂഡ് ഓയില്‍ 4.9 ശതമാനം വര്‍ധിച്ച് 63 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന് 4.3 ശതമാനം വര്‍ദ്ധിച്ച് 53.69 ഡോളറുമായാണ് ഉയര്‍ന്നത്. ഇത് തുടര്‍ന്നാല്‍ വില 70 കടക്കുമെന്നാണ് പ്രതീക്ഷ. പ്രതിദിന ഉല്‍പാദനത്തില്‍ പത്തു ലക്ഷം ബാരലിന്റെ കുറവ് വരുത്തണമെന്ന നിര്‍ദേശത്തില്‍ ഊന്നിയായിരുന്നു നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നത്. ആകെ പത്തു ലക്ഷം ബാരലിന്റെ കുറവ് വരുത്തുമ്പോള്‍ ഒപെക് രാജ്യങ്ങള്‍ ആറര ലക്ഷം ബാരല്‍ തോതില്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തുമെന്നാണ് നേരത്തെ പുറത്തു വന്നിരുന്നത്. പുതിയ ധാരണ പ്രകാരം റഷ്യ പ്രതിദിന ഉല്‍പാദനത്തില്‍ രണ്ടു ലക്ഷം ബാരലിന്റെ കുറവ് വരുത്തും.
ഉല്‍പ്പാദനവും വിതരണവും കൂട്ടണമെന്ന അമേരിക്കന്‍ നിലപാട് തള്ളിയാണ് സഊദിയടക്കമുള്ള ഒപെകിന്റെയും റഷ്യയുടേയും തീരുമാനം. നേരത്തെ നിയന്ത്രണത്തിനിടയിലും യു.എസ് അഭ്യര്‍ഥന കണക്കിലെടുത്ത് സഊദി വിതരണം കൂട്ടിയിരുന്നു. എണ്ണ വില താഴ്ന്ന തോതില്‍ നിലനിര്‍ത്തുന്നതിന് നിലവിലെ ഉല്‍പാദന നിലവാരത്തില്‍ കുറവ് വരുത്തരുതെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉല്‍പാദനം കുറക്കുന്നതിനുള്ള പുതിയ തീരുമാനത്തില്‍ അമേരിക്കയുടെയും ട്രംപിന്റെയും പ്രതികരണം പുറത്ത് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."