ആര്‍ദ്രം മിഷന്‍: ആദ്യഘട്ടം എട്ട് പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്ന്
പാലക്കാട്: സര്‍ക്കാര്‍ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മികവുറ്റ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല കോര്‍കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ആദ്യയോഗം എ.ഡി.എം എസ്. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ മികവുറ്റ ലാബ് സൗകര്യം, കൂടുതല്‍ വേഗത്തിലും അനുയോജ്യവുമായ സമയത്തിലുമുളള ചികിത്സ, ക്യൂ നില്‍ക്കാതെ ഓണ്‍ലൈനായുളള ഒ.പി.ടിക്കറ്റിന്റെ ലഭ്യത തുടങ്ങിയ രീതിയിലുളള അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ശ്രീകൃഷ്ണപുരം പ്രാഥമികാരോഗ്യകേന്ദ്രം ഓഗസ്റ്റ് 14ന് കുടുംബാരോഗ്യകേന്ദ്രമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. തുടര്‍ന്ന് ഓങ്ങല്ലൂര്‍, കുമരന്‍പൂത്തൂര്‍, മാത്തൂര്‍, അടയക്കാപുത്തൂര്‍, ഒഴലപതി, മങ്കര, കിഴക്കഞ്ചേരി തുടങ്ങിയ പി.എച്ച്.സി.കളും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി സെപ്തംബര്‍ 15-നകം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ജില്ലാ നിര്‍മിതി കേന്ദം തയ്യാറാക്കി ആരോഗ്യവകുപ്പിന് സമര്‍പ്പിക്കുകയും ശ്രീകൃഷ്ണപുരം പി.എച്ച്.സിക്ക് ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.
എന്‍.എച്ച്.എം ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ കോ-ചെയര്‍മാനും എന്‍.എച്ച്.എം ജില്ലാ മാനേജര്‍ കണ്‍വീനറും മുന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍, കുടുംബശ്രീ, ശുചിത്വമിഷന്‍ കോഡിനേറ്റര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രതിനിധി അംഗങ്ങളുമായുളള കോര്‍കമ്മിറ്റിയാണ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."