പൗരത്വ ബില്‍: പിന്തുണക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നുവെന്ന് രാഹുല്‍; സര്‍ക്കാര്‍ അജണ്ടക്കെതിരെ പോരാടിയേ തീരൂ-പ്രിയങ്ക
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ട്വിറ്റര്‍ വഴിയാണ് ഇരുവരുടേയും പ്രതികരണം.
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതിനെ പിന്തുണയ്ക്കുന്നത് ആരായാലും അവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും ട്വിറ്ററില്‍ കുറിച്ചു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചത് പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. സാമ്‌നയിലെ ലേഖനത്തിലൂടെ ബില്ലിനെ എതിര്‍ത്ത ശിവസേന വോട്ടെടുപ്പില്‍ പിന്തു നല്‍കുകയായിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തി. അങ്ങേയറ്റം ഇടുങ്ങിയ ചിന്താഗതിയിലൂടെ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ലോക്‌സഭയില്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തതെന്നാണ് അവര്‍ കുറിച്ചത്. നമ്മുടെ പൂര്‍വ്വികര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനായി അവരുടെ ജീവരക്തം നല്‍കി. ആ സ്വാതന്ത്ര്യത്തിലൂടെ സമത്വത്തിനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവുമായിരുന്നു അവര്‍ നമുക്ക് നല്‍കിയത്- അവര്‍ ചൂണ്ടിക്കാട്ടി.
നമ്മുടെ ഭരണഘടനയും നമ്മുടെ പൗരത്വവും ശക്തവും ഏകീകൃതവുമായ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങളും എല്ലാം നാം എല്ലാവരുടേതുമാണ്.
നമ്മുടെ ഭരണഘടനയെ ആസൂത്രിതമായി നശിപ്പിക്കുന്നതിനും നമ്മുടെ രാജ്യം പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത മൗല്കാവകാശം ഇല്ലാതാക്കുന്നതിനുമുള്ള ഈ സര്‍ക്കാരിന്റെ അജണ്ടയ്‌ക്കെതിരെ നമ്മള്‍ പോരാടുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."