'തീരുവ'യില്‍ തീരാതെ പ്രതിഷേധം
പാരിസ്: ഫ്രാന്‍സില്‍ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാമ്പത്തിക നയത്തിലും ഇന്ധന തീരുവയിലും പ്രതിഷേധിച്ചു തുടക്കം കുറിച്ച 'മഞ്ഞക്കുപ്പായ പ്രക്ഷോഭം' ഇന്നലെയും തലസ്ഥാനമായ പാരിസിലടക്കം വന്‍ നാശമാണ് വിതച്ചത്. സമരക്കാര്‍ക്കുനേരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. 272 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അയ്യായിരത്തോളം പേരാണ് ഇന്നലെ പാരിസ് നഗരമധ്യത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. തന്ത്രപ്രധാന മേഖലയായ ചാംപ്‌സ് എലിസീസ് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും പ്രക്ഷോഭം നടന്നത്. സമരക്കാരെ നേരിടാനായി നേരത്തേതന്നെ തൊണ്ണൂറായിരത്തോളം പൊലിസുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു. പാരിസില്‍ മാത്രം എണ്ണായിരത്തോളം പൊലിസുകാരാണ് ഇന്നലെ സമരക്കാരെ നേരിടാന്‍ മാത്രമായി സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്.
രാജ്യത്തെ ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും ഇന്നലെ അടച്ചിട്ടു. കഴിഞ്ഞയാഴ്ച തലസ്ഥാനത്തെ ലോക പ്രസിദ്ധമായ ചരിത്ര സ്മാരകമായ ആര്‍ക്ക് ഡി ട്രിയംഫെ സമരക്കാര്‍ തകര്‍ത്തിരുന്നു. വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലിസ് സര്‍വ സുരക്ഷാ സന്നാഹങ്ങളുമൊരുക്കിയത്.
പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനായി പാരിസിലെത്തുന്നതിനു മുന്‍പുതന്നെ അഞ്ഞൂറിലേറെ പേരെ പൊലിസ് തടഞ്ഞു. മുന്നൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നാഴ്ച നടന്നതിനെക്കാള്‍ കൂടുതല്‍ അറസ്റ്റ് ഇന്നലെയുണ്ടായതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ പറഞ്ഞു. അടുത്ത ആഴ്ചകളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
നവംബര്‍ 17നാണ് 'മഞ്ഞക്കുപ്പായ പ്രക്ഷോഭം' എന്ന പേരില്‍ പാരിസില്‍ ജനകീയ പ്രക്ഷോഭത്തിനു തുടക്കമായത്. പതിനായിരക്കണക്കിനുപേര്‍ പങ്കെടുത്ത പ്രക്ഷോഭം പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ വസതിയുമടക്കം സ്ഥിതിചെയ്യുന്ന ചാംപ്‌സ് എലിസീസില്‍നിന്നാണ് ആരംഭിച്ചത്. ഇതു പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചത്തെ അക്രമാസക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ധന തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, മാക്രോണിന്റെ സാമ്പത്തിക നയം തിരുത്തുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സമരക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."