HOME
DETAILS

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ധൂര്‍ത്തിന് കുറവില്ല

  
backup
December 11 2019 | 03:12 AM

editorial-11-dec-2019

 

 


കേരളം ഇപ്പോള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ദേശീയതലത്തില്‍ പ്രകടമായ സാമ്പത്തികമാന്ദ്യം കേരളത്തെയും ബാധിച്ചു എന്നത് ശരിയാണ്. എന്നാല്‍ ഈ ശരിയിലും ശരികേടിന്റെ വഴിയിലൂടെ ഭരണകര്‍ത്താക്കള്‍ സഞ്ചരിക്കുന്നുവെന്നതാണ് ഏറെ പരിതാപകരം. ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) പരിധിയില്‍ വരാത്ത പെട്രോള്‍ പോലുള്ള വസ്തുക്കളുടെ നികുതിപോലും ശരിയാംവണ്ണം പിരിച്ചെടുക്കുവാന്‍ ധനകാര്യ വകുപ്പിന് കഴിയുന്നില്ല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 740 കോടി നികുതി കുറവ് ഈ വര്‍ഷം ഉണ്ടായത് പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തെ വാണിജ്യനികുതി വരുമാനം നാമമാത്രമാണ്.
ബി.ജെ.പി സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കും മുമ്പെ അതിനെ രണ്ടു കൈയുംനീട്ടി സ്വീകരിച്ച ആളാണ് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക്. ഇപ്പോഴാകട്ടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും വെട്ടിച്ചുരുക്കുകയുമാണ്. ജി.എസ്.ടി വഴി കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടുന്നത് 1600 കോടിയാണ്. ഇത് നമുക്ക് കിട്ടേണ്ടതിലും 500 കോടി കുറവാണ്. വിഹിതം തികച്ചും കിട്ടാത്തതിന്റെ പേരില്‍ കേസ് കൊടുക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതേ അവസ്ഥയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കേസിന്റെ വിധി പകര്‍പ്പ് ധനമന്ത്രിയുടെ കൈയില്‍ കിട്ടുമ്പോഴേക്കും കേരളം കുത്തുപാളയെടുത്തിരിക്കും. പദ്ധതി ചെലവ് സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ ദുര്‍വ്യയത്തിനും ധൂര്‍ത്തിനും യാതൊരു കുറവും ഇല്ലതാനും. പ്രളയാനന്തരം പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി ലോകബാങ്കില്‍ നിന്നെടുത്ത കടം ഇതുവരെ ഇരകള്‍ക്ക് ലഭ്യമായിട്ടില്ല. ആ പണം എങ്ങോട്ടാണ് പോയത്. പ്രളയം കഴിഞ്ഞ് നാലു മാസം കഴിഞ്ഞിട്ടും ഒരു ചില്ലിക്കാശ്‌പോലും കിട്ടാത്ത കവളപ്പാറയിലെ ജനങ്ങള്‍ കഴിഞ്ഞ ദിവസം അവരുടെ ആവശ്യങ്ങള്‍ക്കായി സൂചനാസമരം നടത്തുകയുണ്ടായി. ഫലമുണ്ടാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നവര്‍ പറയുന്നു.
സംസ്ഥാനം നേരിടുന്നത് 20,000 കോടിയുടെ കുറവാണെന്ന് ധനമന്ത്രി പറയുന്നു. ചരക്ക് സേവന നികുതിയിനത്തില്‍ നല്‍കേണ്ട നഷ്ടവിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തതാണ് ഇതിന് കാരണമായി മന്ത്രി പറയുന്നത്. എന്നാല്‍, ജി.എസ്.ടിക്ക് പുറത്തുള്ള പെട്രോള്‍, മദ്യം എന്നിവയുടെ വില്‍പന നികുതി പിരിച്ചെടുക്കുന്നതിലെ വീഴ്ചയാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നികുതി വരുമാനത്തില്‍ മുപ്പത് ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നായിരുന്നു മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. അതിന്റെ പകുതിപോലും പിരിക്കുന്നതില്‍ ധനകാര്യ വകുപ്പ് പരാജയപ്പെട്ടത് എന്തുകൊണ്ടാണ്. സംസ്ഥാനത്തിനുള്ള ധനവിഹിതത്തില്‍ 12,000 കോടിയുടെ കുറവുണ്ടാകുമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ അനങ്ങിയില്ല. ഇപ്പോള്‍ ജി.എസ്.ടി വിഹിതത്തിലെ 5000 കോടിയും കേന്ദ്രസര്‍ക്കാര്‍ പിടിച്ച് വെച്ചിരിക്കുന്നു. അപ്പോഴും കാര്യമാത്ര പ്രസക്തമായ പ്രതിഷേധങ്ങളൊന്നും ധനകാര്യ മന്ത്രിയില്‍ നിന്നുണ്ടായില്ല. എന്നിട്ട് ഇപ്പോള്‍ കേസ് കൊടുക്കുമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.
ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയിരിക്കുന്നു. മറ്റു രണ്ടെണ്ണം പഞ്ചാബും പശ്ചിമബംഗാളുമാണ്. പലിശക്ക് വായ്പയെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കിവരുന്നത്. ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ശമ്പളമാണ് മുടങ്ങുന്നതെങ്കില്‍ നാളെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവും പെന്‍ഷനും മുടങ്ങുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു. അത്രമേല്‍ ഗുരുതരമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി. എന്നിട്ടും ചെലവ് ചെയ്യുന്നതിന് യാതൊരു കുറവും ഇല്ല. വരുമാനമോ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2018 മാര്‍ച്ച് 31ന് കേരളത്തിന്റെ കടം 2,14,518 കോടിയായിരുന്നു. ഇത് ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. കടം വാങ്ങുന്നതിന്റെ എഴുപത് ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായാണ് ചെലവാക്കുന്നത്. സര്‍ക്കാരിന്റെ നിത്യ ചെലവും കൂടി വരുമ്പോള്‍ കടം വാങ്ങിയ പണം തീരുകയും ചെയ്യുന്നു.
വരുമാനം വര്‍ധിപ്പിക്കുവാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നുള്ള ഒരു ആലോചനായോഗം പോലും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുന്നില്ല. ഇനിയും വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുന്നില്ലെങ്കില്‍ സംസ്ഥാനം കടക്കെണിയിലേക്ക് മൂക്ക്കുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എടുത്ത കടം തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതിനെയാണല്ലോ കടക്കെണി എന്ന് പറയുന്നത്. കടക്കെണിയില്‍പെട്ട ഒരു സംസ്ഥാനത്തിന് പിന്നെ എവിടെനിന്നും വായ്പകിട്ടുകയുമില്ല.
ഈ പ്രതിസന്ധികള്‍ക്കിടയിലെല്ലാം സര്‍ക്കാരിന്റെ ദുര്‍വ്യയവും ധൂര്‍ത്തും തുടരുന്നുവെന്നതാണ് അത്ഭുതകരം. ജപ്പാനില്‍നിന്ന് 200 കോടിയുടെ നിക്ഷേപം വരുമെന്ന പ്രതീക്ഷ മാത്രമാണിപ്പോഴുള്ളത്. ഇതിനായാണ് മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ചീഫ് സെക്രട്ടറിയും കുടുംബ പരിവാരസമേതം ജപ്പാനും ദക്ഷിണ കൊറിയയും സന്ദര്‍ശിച്ചത്. ജനങ്ങളോട് മുണ്ട്മുറുക്കിയുടുക്കാന്‍ പറഞ്ഞാണ് ഭരണാധികാരികള്‍ ധൂര്‍ത്ത് നടത്തുന്നത്. മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളം ഇരട്ടിയാക്കി. കേന്ദ്രസര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് പെഴ്‌സണല്‍ സ്റ്റാഫ് 15 ആണെങ്കില്‍ കേരളത്തില്‍ 25 ആണ്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ കിട്ടും. ഓരോ രണ്ട് വര്‍ഷം കഴിയുമ്പോള്‍ പെഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുന്ന മന്ത്രിമാരും ഉണ്ട്. 4000ത്തോളം പുതിയ തസ്തികകള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു. പുറമെ മുഖ്യമന്ത്രിക്ക് ഉപദേശകപ്പടയും. അവര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും.
സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഏഴ് കൊലക്കേസുകള്‍ സി.ബി.ഐക്ക് വിടാതിരിക്കുവാന്‍ ഇറക്കുമതി ചെയ്ത അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് 64 ലക്ഷം. ഓരോ സിറ്റിങിനും 15 ലക്ഷം വീതം. അഡ്വക്കറ്റ് ജനറലും വലിയൊരു അഭിഭാഷകപടയും ശമ്പളം പറ്റുമ്പോഴാണ് ഈ അധികച്ചെലവ്. ഇപ്പോഴിതാ ഒരുകോടി ചെലവാക്കി 17 കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ നേതൃഗുണം പഠിക്കാന്‍ ലണ്ടനിലേക്ക് വിടുന്നു. ഇവിടെതന്നെ മേത്തരം സ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്. ആവശ്യമില്ലാത്ത കമ്മിഷനുകള്‍, യാതൊരു ഗുണവും ചെയ്യാത്ത ഭരണപരിഷ്‌കാര കമ്മിഷന്‍. മുമ്പത്തെ സര്‍ക്കാറിന് പൊതുജനങ്ങളെ പേടിയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോഴതുമില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരവസ്ഥ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago