മുന്‍ഗണനയില്ലെങ്കിലും അവഗണിക്കരുത്
കോഴിക്കോട്: എക്‌സ്പ്രസ് ട്രെയിനുകള്‍ക്കായി പാസഞ്ചര്‍ ട്രെയിനുകള്‍ ദീര്‍ഘസമയം പിടിച്ചിടുന്നത് കാരണം ഇതിലെ യാത്രക്കാര്‍ക്ക് നഷ്ടമാകുന്നത് മണിക്കൂറുകള്‍. രാവിലെ 5.55ന് തൃശൂരില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വിസ് നടത്തുന്ന 56603 തൃശൂര്‍-കണ്ണൂര്‍ പാസഞ്ചറും ഉച്ചയ്ക്കുശേഷം 2.45ന് കണ്ണൂരില്‍നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന 56602 നമ്പര്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറും വൈകിട്ട് 6.15ന് കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട്ടെത്തി 6.25ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന 56651 കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചറുമാണ് എക്‌സ്പ്രസ് ട്രെയിനുകളുടെ സുഖമമായ യാത്രയ്ക്കായി സ്ഥിരമായി പിടിച്ചിടുന്നത്. റെയില്‍വേ അധികൃതരില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെടുന്ന യാത്രക്കാര്‍ക്ക് നിലവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മുന്‍ഗണനയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളില്‍ ട്രെയിന്‍ അനന്തമായി നിര്‍ത്തിയിട്ടതായി പതിവു യാത്രക്കാര്‍ വ്യക്തമാക്കുന്നു. വൈകിട്ട് 5.05ന് കോഴിക്കോട്ടെത്തി 5.45ന് ഷൊര്‍ണൂരിലേക്ക് പുറപ്പെടേണ്ട 56602 നമ്പര്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ വൈകിയോടിയ ദിവസങ്ങളിലെല്ലാം ആറിനും ആറരക്കും ഇടയിലാണ് കോഴിക്കോട്ടെത്തിയത്. 2.45ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 3.15ന് തലശ്ശേരിയിലും നാലിന് മുന്‍പായി വടകരയിലും കൃത്യസയമം പാലിച്ച ട്രെയിന്‍ തിക്കോടിയില്‍ ചെന്നൈ മെയിലിനായി പിടിച്ചിട്ടത് 45 മിനുട്ടിലധികമാണ്. ആ ദിവസം ചെന്നൈ മെയിലിന് പിന്നിലുള്ള പ്രതിവാര ട്രെയിനും കടത്തിവിട്ടശേഷം 5.15നാണ് കോഴിക്കോട്ടേക്കുള്ള യാത്ര ആരംഭിച്ചതെന്ന് പാസഞ്ചര്‍ ട്രെയിനില്‍ പതിവായി യാത്ര ചെയ്യുന്ന തലശ്ശേരി സ്വദേശി കെ.വി സുനില്‍കുമാര്‍ പറയുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പാളം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പയ്യോളി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ജോലികള്‍ നടക്കുന്നതിനാല്‍ മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് 2.05ന് കോഴിക്കോട്ടു നിന്ന് പുറപ്പെടുന്ന കണ്ണൂരിലേക്കുള്ള ട്രെയിന്‍ മുന്നറിയിപ്പില്ലാതെ റദ്ദു ചെയ്യുന്ന സ്ഥിതിയാണുള്ളത്. കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ വര്‍ഷകാലത്ത് മൂന്നും നാലും മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടി വരുന്ന ദുരവസ്ഥയില്‍നിന്ന് മോചനം ലഭിക്കാനാണ് പലപ്പോഴും യാത്രക്കാര്‍ പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാല്‍ യാത്രക്കാരെ പാടെ അവഗണിക്കുന്ന ഇത്തരം നിലപാടിനെതിരേ ജനരോഷം രൂക്ഷമായിട്ടുണ്ട്. ലക്ഷ്യത്തില്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കില്ലെന്ന് ഉറപ്പായതിനാല്‍ മിക്ക സ്ഥിരം യാത്രക്കാരും പാസഞ്ചറുകളെ കൈയൊഴിഞ്ഞിരിക്കുകയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.
രാവിലെ 6.45ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തുന്ന 56653 കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചറും എക്‌സ്പ്രസ് സര്‍വിസുകള്‍ കാരണം പലപ്പോഴും കോഴിക്കോട്ടു നിന്ന് താമസിച്ചാണ് പുറപ്പെടാറ്. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസും കാച്ചിക്കുഡ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ വൈകാന്‍ കാരണമാകാറുണ്ട്. തൃശൂരില്‍ നിന്ന് രാവിലെ 5.55ന് പുറപ്പെട്ട് 9.15ന് കോഴിക്കോട്ടെത്തുന്ന 56603 തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ 12.20ന് കണ്ണൂരില്‍ എത്തേണ്ടതാണെങ്കിലും പലപ്പോഴും ദീര്‍ഘനേരം വൈകാറുണ്ട്. 22610 നമ്പര്‍ കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയും 16305 നമ്പര്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിയുമാണ് ഈ പാസഞ്ചര്‍ ട്രെയിന്‍ വൈകുന്നതിന് ഇടയാക്കുന്നത്. 2.05ന് കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന 56657 നമ്പര്‍ പാസഞ്ചര്‍ താമസിക്കാന്‍ ഇടയാക്കുന്നത് പലപ്പോഴും വൈകിയെത്തുന്ന കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചറാണ്. മിക്ക ട്രെയിനുകളും കോഴിക്കോട്ടു നിന്നു വടക്കോട്ടുള്ള യാത്രക്കിടയിലാണ് ദീര്‍ഘനേരം പിടിച്ചിടുന്നത്. 56651 കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ പതിവായി വൈകിയോടുന്നതില്‍ പ്രതിഷേധിച്ച് ആറേഴു വര്‍ഷം മുന്‍പ് യാത്രക്കാര്‍ എലത്തൂരില്‍ ട്രെയിനിന് കല്ലെറിയുകയും റെയില്‍വേ അന്നു പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു.
വൈകിട്ട് 6.25ന് കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ മിക്ക ദിവസങ്ങളിലും കോഴിക്കോടിനും വടകരക്കും ഇടയില്‍ മണിക്കൂറുകളോളമാണ് വടക്കോട്ട് സഞ്ചരിക്കുന്ന പ്രത്യേക എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും തിരുവനന്തപുരത്തുനിന്ന് കുര്‍ളക്കുള്ള 16346 നമ്പര്‍ നേത്രാവതി എക്‌സ്പ്രസിനുമായി പിടിച്ചിടുന്നത്. ഈ ട്രെയിനിനെയും പതിവ് യാത്രക്കാര്‍ കൈയൊഴിഞ്ഞ സ്ഥിതിയാണുള്ളത്. ഇതുമൂലം നേത്രാവതി എക്‌സ്പ്രസില്‍ തിരക്ക് അനിയന്ത്രിതമായിട്ടുണ്ട്.
കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ഓടുന്ന ഇത്തരം എക്‌സ്പ്രസ് ട്രെയിനുകളെല്ലാം ദീര്‍ഘദൂര ട്രെയിനുകളാണെന്നതിനാല്‍ മലബാര്‍ മേഖലയില്‍ പത്തോ ഇരുപതോ മിനുട്ട് പിടിച്ചിട്ടാല്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെട്ട യാത്രക്കാര്‍ക്ക് നേരത്തിന് ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ല.
കൂടാതെ എക്‌സ്പ്രസ് ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റുകാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കയറുന്നത് റിസര്‍വ് ചെയ്ത് യാത്രചെയ്യുന്നവര്‍ക്ക് നേരിടുന്ന പ്രയാസങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമെന്നുമാണ് പൊതുജനാഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."